മീനങ്ങാടി : മീനങ്ങാടിയെ കാര്‍ബണ്‍ സന്തുലിത മേഖലയാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് ആവിഷ്ക്കരിച്ച കാര്ബണ്ന്യൂട്രല് പദ്ധതിയില്‍ പങ്കാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസകിന്റെ സമ്മാനം. ജൂണ്‍ അഞ്ചിന് മീനങ്ങാടി പാതിരിപ്പാലത്തു നടന്ന പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ പ്രസംഗ മധ്യേ, മന്ത്രി ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം തൃപ്തികരമായ ഉത്തരങ്ങള്‍ നല്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം തപാല്‍മാര്‍ഗ്ഗം സമ്മാനം അയച്ചു നല്‍കുകയായിരുന്നു. മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ സൂര്യ കെ. ജയന്, സ്റ്റെഫിന് സാബു എന്നിവര്‍ക്കാണ് സമ്മാനം ലഭിച്ചത്. ഇരുവരും പദ്ധതിയുമായി സഹകരിച്ച് പ്രദേശത്ത് മുളവത്ക്കരണത്തിന് നേതൃത്വം നല്കുന്ന സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍ സെക്രട്ടറിമാരാണ്.
തന്റെ ‘ഫേസ്ബുക്ക് ഡയറി’ എന്ന പുസ്തകം കൈയൊപ്പും അഭിനന്ദനക്കുറിപ്പും സഹിതം മന്ത്രി വിദ്യാര്‍ത്ഥികള്‍ക്ക് അയച്ചുകൊടുത്ത ശേഷം അവരെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. മന്ത്രിയുടെ സമ്മാനം സ്കൂള്‍ അസംബ്ലിയില്‍ വച്ച് പ്രിന്‍സിപ്പാള്‍ യു.ബി. ചന്ദ്രിക വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: