കാഞ്ഞാര്‍: തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ കോളപ്ര അടൂര്‍മല ജംഗ്ഷനില്‍ കലുങ്കിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത് ഭീഷണി ഉയര്‍ത്തുന്നു.പ്രധാന പാതയെ ബന്ധിക്കുന്ന കലുങ്കാണ് ഏതു സമയവും നിലംപൊത്താറായ നിലയില്‍ നില്‍ക്കുന്നത്.നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പ്രധാന പാതയാണിത്.സമീപത്ത് പ്രവര്‍ത്തിക്കുന്ന കുടയത്തൂര്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഈ കലുങ്ക് കടന്നാണ് ബസ് സ്റ്റോപ്പിലേക്ക് നടന്നെത്തുന്നത്.അടൂര്‍മല ഭാഗത്തു നിന്നുമുള്ള ചെറിയ തോടിനു കുറുകെയാണ് സംസ്ഥാന പാതയില്‍ കലുങ്ക് നിര്‍മ്മിച്ചിട്ടുള്ളത്.ശക്തമായ മഴയത്ത് കുതിച്ചെത്തുന്ന മലവെള്ളം കലുങ്കിന്റെ സംരക്ഷണ ഭിത്തിയുടെ ബലക്ഷയത്തിന് കാരണമാണ്.സംരക്ഷണഭിത്തി ബലവത്തായി പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ സംസ്ഥാന പാതയിലെ ഗതാഗതം തടസ്സപ്പെടുന്ന രീതിയില്‍ കലുങ്ക് തകരുവാനുള്ള സാധ്യത ഏറെയാണ്.സ്‌കൂള്‍ കുട്ടികള്‍ അടക്കം നിരവധി പേര്‍ ദിവസേന സഞ്ചരിക്കുന്ന റോഡിന്റെ അപകട സ്ഥിതി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുന്നില്ല. വളരെ പഴക്കം ചെന്ന സംരക്ഷണഭിത്തിയുടെ ചില ഭാഗങ്ങള്‍ കാട്ട് കല്ല് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.സംസ്ഥാന പാത കടന്നു പോകുന്ന കലുങ്കായിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.
















