കൊട്ടാരക്കര: എഴുകോണില്‍ എക്‌സൈസ് സംഘം നടത്തിയ വന്‍കഞ്ചാവ് വേട്ടയില്‍ പത്തര കിലോ കഞ്ചാവും, 12 കുപ്പി വ്യാജമദ്യവും കടത്താനുപയോഗിച്ച കാറുമായി നിരവധി സ്പിരിറ്റ് കേസിലെ പ്രതി പിടിയിലായി. എഴുകോണ്‍ സുപ്രന്‍ എന്നറിയപ്പെടുന്ന എഴുകോണ്‍ തെക്കേവിളപുത്തന്‍ വീട്ടില്‍ സുബ്രഹ്മണ്യന്‍(45) ആണ് പിടിയിലായത്. ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
തിങ്കളാഴ്ച രാത്രി 8.30ന് എഴുകോണ്‍ റെയ്ഞ്ച് സബ് ഇന്‍സ്പക്ടര്‍ ഉദയകുമാറിന്റെ നേതൃത്വത്തില്‍ ജംഗ്ഷനില്‍ സംശയകരമായ വാഹനങ്ങള്‍ പരിശോധന നടത്തുകയായിരുന്നു. സുപ്രന്റെ കെഎല്‍ ടു എ ബി 9572 എന്ന സുമോ വാഹനത്തിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പാഞ്ഞുപോയി. പിന്തുടര്‍ന്ന സംഘം ഇടറോഡിലിട്ട് വാഹനം പിടികൂടി. അതില്‍ നിന്നും സ്പിരിറ്റ് ചേര്‍ത്ത് സ്വന്തമായി നിര്‍മ്മിച്ച 12 കുപ്പി വിദേശമദ്യവുമായി സുപ്രനെ സംഘം കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലില്‍ വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളുടെ കോട്ടേകുന്നിലെ ഇരുനില വീട്ടില്‍ പരിശോധന നടത്തി അടുക്കളയുടെ സ്ലാബിന്റെ അടിയില്‍ പ്രത്യേകം തയ്യാറാക്കിയ അറയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ചില്ലറ വില്‍പനക്കാര്‍ക്ക് നല്‍കാന്‍ സൂക്ഷിച്ചിരുന്നതാണ് കഞ്ചാവ് എന്ന് ഇയാള്‍ സമ്മതിച്ചു. സ്‌കൂള്‍,കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും,അന്യസംസ്ഥാനക്കാര്‍ക്കും ആണ് പ്രധാനമായും വില്‍പന നടത്തുന്നത്.
കിലോക്ക് 18000 ത്തിനും 22000ത്തിനും ഇടയില്‍ വാങ്ങുന്ന സാധനം ചെറുപൊതികളാക്കി അഞ്ചുഗ്രാമിന് 400,500 രുപ നിരക്കില്‍ ഈടാക്കിയാണ് വില്‍പന. ഭാര്യയും മകളും ആയി പിണങ്ങി കഴിയുന്ന ഇയാള്‍ പത്ത് അബ്കാരികേസുകളില്‍ പ്രതിയാണ്. എഴുകോണില്‍ മാത്രം നാല് കേസുണ്ട്. ഇത്തരക്കാരെ പ്രത്യേകം നിരീക്ഷിക്കാന്‍ കമ്മീഷണര്‍ ഋഷിരാജ്‌സിംഗ് നിര്‍ദ്ദേശം നല്‍കിയിരുന്നു. കുറെ നാളായി ഇയാളെ പ്രത്യേകമായി നിരീക്ഷിച്ചുവരികയായിരുന്നു. അതാണ് പരിമിതികള്‍ക്കിടയിലും ഇത്തരത്തില്‍ വലിയ കേസ് പിടികൂടാന്‍ കഴിഞ്ഞതെന്ന് കൊല്ലം എക്‌സൈസ് അസി.കമ്മീഷണര്‍ രാധാകൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
















