ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി പൈങ്കിളികായല് കോള്‍ കര്‍ഷക സമിതിയുടെ കരുവന്നൂര്‍ വലിയ പാലത്തിന് അടുത്തുള്ള മോട്ടോര്‍ ഷെഡില്‍ നിന്നും ഒന്നര ലക്ഷം രൂപയുടെ ചെമ്പുകമ്പി മോഷ്ടിച്ച കേസില്‍ തമിഴ്നാട് കടലൂര്‍ കാറ്റുമാനാര്കുടി ഗ്രാമം ശ്രീമൂഷണം തെന്‍പാണ്ടി തിരുട്ടുമൂപ്പന് എന്ന ശിവനേശനെ ആലത്തൂരില്‍ നിന്നും ഇരിങ്ങാലക്കുട എസ് ഐ ജിജോ എം ജെ യും സംഘവും അറസ്റ്റ് ചെയ്തു. 2010ല്‍ മോഷണക്കേസില്‍ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്ത ശിവനേശന് ജാമ്യമെടുത്ത് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിവനേശനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ശ്രീമൂഷണം എന്ന തിരുട്ട് ഗ്രാമത്തിലെ പ്രധാനിയാണ് പ്രതി. കേരളത്തിലെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ മോഷണത്തിനും പിടിച്ചുപറിക്കും ശിവനേശന്റെ പേരില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടാനായതെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ സുമേഷ് പറഞ്ഞു. പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത് . സംഘത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഉല്ലാസ് പൂതോട്, സിവില്‍ പോലീസ് ഓഫിസര്‍മാരായ പ്രശാന്ത്കുമാര്‍ വി.എന്‍,അനീഷ്, പിഎസ്, വൈശാഖ് എന്നിവരും ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ തിരുട്ട് സംഘത്തിലെ കൂടുതല്‍ പേര് അറസ്റ്റിലാകുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: