ഭാരതത്തിലെ ഏറ്റവും കുപ്രസിദ്ധിയാര്‍ജ്ജിച്ച ചേരികളിലൊന്നാണ് മുംബൈയിലെ ധാരാവി. സിനിമകളില്‍ നിന്നും ഈ ചേരിയെക്കുറിച്ചുള്ള കേട്ടറിവുകളും ധാരാളം. ഇവിടെ താമസിക്കുന്ന പെണ്‍കുട്ടികള്‍ക്കും വേണ്ടത്ര സുരക്ഷിതത്വമില്ല. നിത്യജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികളോട് പൊരുതിക്കൊണ്ടാണ് ഇവരുടെ ജീവിതം.
സുരക്ഷിതത്വം മുതല്‍ മാലിന്യംവരെയുള്ള നിരവധി പ്രശ്നങ്ങളോട് ഏറ്റുമുട്ടിക്കൊണ്ട് സാങ്കേതിക വിദ്യയെ സ്വീകരിക്കാനൊരുങ്ങുകയാണ് ഇവിടുത്തെ പെണ്‍കുട്ടികള്‍. ധാരാവിയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചലച്ചിത്ര സംവിധായകന് നവനീത് രഞ്ജനാണ് ഇതിന് മുന്‍കൈ എടുത്തിരിക്കുന്നത്.
ചേരികളില്‍ പലതും സഹിച്ചാണ് സ്ത്രീകളും കുട്ടികളും കഴിയുന്നത്. അവര്‍ക്ക് ചുറ്റുപാടും നടക്കുന്നതിനെക്കുറിച്ചറിയാന് മാര്‍ഗ്ഗങ്ങളില്ല. അവരുടെ അവകാശങ്ങളെക്കുറിച്ചും അവബോധമില്ല. ഈ സാഹചര്യത്തിലാണ് അവര്‍ക്ക് സഹായവുമായി രഞ്ജന്‍ മുന്നോട്ടുവന്നത്. സാങ്കേതിക വിദ്യ എത്തരത്തില്‍ ഉപയോഗിക്കണമെന്ന് പെണ്‍കുട്ടികളെ പഠിപ്പിക്കുകയാണ് അദ്ദേഹം. ഒരു ചെറിയ ക്ലാസ് മുറിയില്‍ 24 ഓളം പെണ്‍കുട്ടികള്‍ കമ്പ്യൂട്ടര്‍ പഠിക്കുന്നതിനായി എത്തുന്നുണ്ട്. ഇതൊരു മാറ്റത്തിന്റെ തുടക്കമായിട്ടാണ് രഞ്ജന്‍ കരുതുന്നത്.
പഠിക്കുക മാത്രമല്ല, ചേരി നിവാസികളുടെ ജീവിതം കൂടുതല്‍ സുഗമമാക്കുന്നതിന് മൊബൈല്‍ ആപ്പുകള്‍ രൂപപ്പെടുത്തിയെടുക്കുകയും ചെയ്തിരിക്കുകയാണ് ധാരാവിയിലെ പെണ്‍കുട്ടികള്‍. ചേരിയിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തലത്തിലുള്ള ആപ്ലിക്കേഷനുകളാണ് ഇവര്‍ രൂപകല്പന ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്ക് ഉപദ്രവം നേരിട്ടാലോ, മാലിന്യം നീക്കം ചെയ്യുന്നത് സംബന്ധിച്ചോ ഉള്ള വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള ആപ്ലിക്കേഷനുകളാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ ലോകത്തുതന്നെ ഒന്നാമതുനില്‍ക്കുന്ന രാജ്യമാണ് ഭാരതം. ആഗോളതലത്തിലും പ്രാദേശികതലത്തിലും ശ്രദ്ധേയമായ കമ്പനികള്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളെയാണ് ഓരോവര്‍ഷവും അവരുടെ ഭാഗമാക്കുന്നത്. ധാരിവിയിലെ റോഷ്നി, അന്സുജ, സപ്ന, നഹേക് എന്നിവര്‍ സാങ്കേതികവിദ്യ മനസ്സിലാക്കിയവരില്‍ ചിലരാണ്. ബാലവേലയ്ക്കെതരെ പോരാടുന്നതിന് സഹായകമായ ഒരു ആപ്ലിക്കേഷന്‍ രൂപകല്പന ചെയ്യണമെന്നാണ് അന്സുജയുടെ ആഗ്രഹം.
ഇതുകൂടാതെ ധാരാവിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായി ധാരാവി ഡയറി പ്രൊജക്ടിനും രഞ്ജന്‍ തുടക്കം കുറിച്ചിരുന്നു. 15 പെണ്‍കുട്ടികളെ വച്ച് തുടങ്ങിയ ഈ പ്രൊജക്ടിന്റെ ഭാഗമായി ഇപ്പോള്‍ 200 ഓളം പേര് ജോലി ചെയ്യുന്നുണ്ട്. ഗാര്‍ഹികപീഡനങ്ങളും, ദാരിദ്ര്യവും, ലഹരി ഉപയോഗവും, കുട്ടികളെ ചൂഷണം ചെയ്യലും നിത്യകാഴ്ചയായ ധാരാവിയില്‍ ഒരു മാറ്റമാണ് രഞ്ജന്‍ ആഗ്രഹിക്കുന്നത്.
ഇവിടെ പെണ്‍കുട്ടികള്‍ അവരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും നാലുപേരടങ്ങുന്ന സംഘം ഓപണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ആപ്ലിക്കേഷന്‍ രൂപകല്പന ചെയ്യുന്നു. സ്ത്രീസുരക്ഷക്കുള്ള ആപ്ലിക്കേഷന്‍, ജലസംരക്ഷണത്തിനുവേണ്ടിയുള്ളത്, വിദ്യാഭ്യാസത്തിന് വേണ്ടിയുള്ളത് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: