പുരുഷമേധാവിത്തത്തിന്റെ മേഖലയായിട്ടാണ് ഇലക്ട്രീഷ്യന്മാരുടെ മേഖലയെ ഇതുവരെ കരുതിപ്പോന്നിരുന്നത്. കഠിനാധ്വാനം ഏറെ വേണ്ടിവരുന്ന ജോലി. എന്നാലിപ്പോള്‍ പരിശീലനം സിദ്ധിച്ച ഇലക്ട്രീഷ്യന്മാരുടെ ഇടയില്‍ ഇനി പെണ് സാന്നിദ്ധ്യവും ഉണ്ടാകും. പുരുഷന്മാരുടെ മേഖലയെന്ന് അവകാശപ്പെട്ടിരുന്ന ഈ മേഖലയിലേക്ക് കടന്നുവരാന്‍ ഇപ്പോള്‍ മുംബൈയിലെ ഒരു കൂട്ടം പെണ്‍കുട്ടികള്‍ ഇലക്ട്രീഷ്യന് കോഴ്സ് പൂര്‍ത്തിയാക്കുകയാണ്. ഇവരിലധികവും വൈദ്യുതി എത്തിനോക്കാത്ത ദരിദ്ര ഗ്രാമങ്ങളില്‍നിന്നുള്ളവരാണ് എന്നതാണ് ശ്രദ്ധേയം.
വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി മഹാരാഷ്ട്ര സര്‍ക്കാരിന്റെ കീഴിലുള്ള താനെയിലെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐടിഐ) ആണ് ഇവര്‍ക്ക് പരിശീലനം ലഭ്യമാക്കുന്നത്. ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇപ്പോഴത്തെ ബാച്ചില്‍ 21 പെണ്‍കുട്ടികളാണ് കോഴ്സിന് ചേര്‍ന്നിരിക്കുന്നത്. ഭൂസ്വാള് ഗ്രാമത്തില്‍നിന്നുള്ള ജ്യോതി ഭവിസ്കര്‍ 2014 ലാണ് ഇലക്ട്രീഷ്യന് കോഴ്സിന് ചേര്‍ന്നത്. അച്ഛന്റെ മരണം മൂലം അവള്‍ക്ക് ബിരുദ പഠനത്തിന് ചേരാനാവാത്ത സാഹചര്യത്തിലാണ് ഈ മേഖല തിരഞ്ഞെടുത്തത്. ഇതില്‍ അമ്മയ്ക്ക് ആദ്യം എതിര്‍പ്പുണ്ടായെങ്കിലും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നുവെന്നും ജ്യോതി പറയുന്നു.
താനെയില്‍, സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഇത്തരം ഐടിഐകള്‍ കഴിവിന്റെ അടിസ്ഥാനത്തിലും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കിയുമാണ് പെണ്‍കുട്ടികള്‍ക്ക് പരിശീലനം ലഭ്യമാക്കുന്നത്. സംവരണത്തിന്റെ അടിസ്ഥാനത്തില്‍ ഫീസ് ഇളവുകളും ഇവര്‍ക്ക് ലഭ്യമാക്കുന്നു.
ഒരു മൈക്രോവേവ് അവനോ വാഷിംഗ് മെഷീനോ ഇവര്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ല. ഇത്തരം ഉപകരണങ്ങള്‍ ആകര്‍ഷിക്കുകയും അവയുടെ പ്രവര്‍ത്തനം എത്തരത്തിലാണെന്ന് അറിയണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ജ്യോതി പറയുന്നു.
ഇപ്പോഴത്തെ ബാച്ചിലുള്ള എല്ലാവര്ക്കും വരാപ്പിലെ ടാറ്റ പവര്‍ യൂണിറ്റില്‍ രണ്ടു മാസം നീളുന്ന പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. അവര്‍ അവിടെ കേടുവന്ന കണ്ടക്ടറുകള്‍ മാറ്റിസ്ഥാപിക്കുന്നു. കോഴ്സ് പൂര്‍ത്തിയായാല്‍ ഇവര്‍ക്ക് കമ്പനിയില്‍ അപ്രന്റീസ്ഷിപ്പ് വ്യവസ്ഥയില്‍ ഒരു വര്‍ഷം ജോലി നല്‍കും. കഴിവും ഇച്ഛാശക്തിയുമാണ് പെണ്‍കുട്ടികളെയും ഇത്തരം മേഖലയിലേക്കും കൊണ്ടുചെന്നെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: