പടിഞ്ഞാറെ കോട്ട-പൂങ്കുന്നം റോഡ് തകര്‍ന്ന നിലയില്‍
തൃശൂര്‍: സാഹസികമായി വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് അവാര്‍ഡ് കൊടുക്കുവാന്‍ നാട്ടുകാര്‍ തയ്യാറെടുക്കുന്നു.പടിഞ്ഞാറെ കോട്ട, പൂങ്കുന്നം റൂട്ടിലാണ് അവാര്‍ഡ് നല്കുവാന് പദ്ധതി.
കേരള വര്‍മ്മ കോളേജ് ബസ്സ് സ്റ്റോപ്പിന്റെ സമീപം കുണ്ടും കുഴിയും നിറഞ്ഞ റോഡ് വര്‍ഷങ്ങളായി താറുമാറായി കിടക്കുവാന് തുടങ്ങിയിട്ട്. കഴിഞ്ഞ മഴക്കാലത്തിന് മുമ്പ് ഈ റോഡ് നന്നാക്കുമെന്ന് അധികൃതര്‍ പറഞ്ഞുവെങ്കിലും എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ഈ റോഡിന്റെ പകുതിവരെ നാലുവരി റോഡ് ടാര്‍ ചെയ്ത് കുപ്പിക്കഴുത്ത് പോലെ നില്ക്കുന്ന കേരളവര്‍മ്മ കോളേജ് സ്റ്റോപ്പിന് സമീപം വെച്ച് റോഡ് പണി നിര്‍ത്തിവെക്കുകയും ചെയ്തു.
കുന്നംകുളം, ഗുരുവായൂര്‍ ഭാഗത്തേക്കുള്ള ഈ റോഡിലൂടെ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്ന് പോകുന്നത്. അരകിലോമീറ്ററോളം വരുന്ന ഭാഗത്താണ് നിരവധി കുഴികള്‍ വര്‍ഷങ്ങളായി രൂപപ്പെട്ടിട്ടുള്ളത് വെള്ളം നിറഞ്ഞ് കിടക്കുന്ന ഇത്തരം കുഴികളില്‍ വീണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവ് കാഴ്ചയാണ്. വലിയ വാഹനങ്ങളുടെ ആക്സിലുകള്‍ ഒടിയുകയും തകരാര്‍ സംഭവിക്കുകയും ചെയ്യുന്നു. ഈ റോഡിന്റെ നൂറ് മീറ്റര്‍ അകലെയാണ് മന്ത്രിയും സ്ഥലം എംഎല്‍എയുമായ വി.എസ്.സുനില്‍കുമാറിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
മുമ്പ് സാഹസികയാത്രക്കാര്‍ക്ക് അനുമോദനമെന്ന ബോര്‍ഡ് നാട്ടുകാര്‍ സഹികെട്ട് എഴുതിവെച്ചിരുന്നു. ഇപ്പോള്‍ അത് ആരോ എടുത്ത് മാറ്റിയിരിക്കുകയാണ്. ഏറെ തിരക്കുപിടിച്ച ഈ റോഡിലെ കുണ്ടും കുഴിയും അടയ്ക്കുവാന്‍ അധികൃതര്‍ കണ്ണുതുറക്കണമെന്നാണ് നാട്ടുകാരുടെ പ്രാര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: