ഹൂസ്റ്റൺ: ജയിൽപ്പുള്ളികളായ എട്ട് കൊടും ക്രിമിനലുകൾ തങ്ങൾക്ക് കാവൽ നിന്ന പോലീസുകാരനെ ഹൃദയാഘാതത്തിൽ നിന്നും രക്ഷപ്പെടുത്തിയ വീഡിയോ ഏറെ വൈറലാകുന്നു. അമേരിക്കയിലെ ടെക്സാസ് പ്രദേശത്തെ ഫോർത്ത് വർത്ത് സിറ്റിയിലുള്ള ജയിലിലെ ക്രിമിനലുകളാണ് പോലീസുകാരന്റെ ജീവൻ രക്ഷിച്ച് ഹീറോകളായത്.
ജയിലിനുള്ളിൽ തടവിലാക്കപ്പെട്ടവർക്ക് കാവൽ ഇരുന്നിരുന്ന പോലീസുകാരൻ പെടുന്നനെ കസേരയിൽ നിന്നും മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. ഇത് കണ്ട് നിന്നിരുന്ന എട്ട് തടവുകാർ മറ്റ് പോലീസുകാരെ വിളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഇവർ ജയിൽ മുറിയുടെ പൂട്ട് ബലമായി പൊട്ടിച്ച് പുറത്തെത്തി ഒച്ചയിടുകയായിരുന്നു.
ഇതേ സമയം നിലത്ത് വീണ് കിടന്നിരുന്ന പോലീസുകാരന്റെ ഹൃദയമിടിപ്പ് കുറഞ്ഞുകൊണ്ടിരുന്നു. സെല്ലിനു പുറത്തെ ബഹളം കേട്ട് മുകളിലത്തെ നിലയിൽ നിന്നും ഓടിയെത്തിയ മറ്റ് പോലീസുകാർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി, ക്രിമിനലുകൾ കൂട്ടമായി കാവൽ നിന്നയാളെ കീഴ്പ്പെടുത്തുകയായിരുന്നു എന്നാണ് മറ്റ് പോലീസ് ഉദ്യോഗസ്ഥർ തെറ്റിദ്ധരിക്കപ്പെട്ടത്.
എന്നാൽ സംഭവം വിവരിച്ചതൊടെ ഉദ്യോഗസ്ഥർ പോലീസുകാരന് പ്രാഥമിക ചികിത്സയും സിപിആറും നൽകി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരികയും ചെയ്തു. പിന്നീട് ഓടിരക്ഷപ്പെടാൻ ശ്രമിക്കാതെ തടവുകാർ അനുസരണയുള്ളവരായി ജയിലിനകത്ത് തിരിച്ച് കയറുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥന്റെ ജീവൻ രക്ഷപ്പെടുത്തിയ തടവുകാരെ ജയിൽ സൂപ്രണ്ട് അഭിനന്ദിക്കുകയും ചെയ്തു.
https://www.youtube.com/watch?v=Yct0Acxrlqc
പ്രതികരിക്കാൻ ഇവിടെ എഴുതുക: