തിരുവനന്തപുരം: സാംസ്‌കാരിക ഏകീകരണത്തിലൂടെ ആഗോളീകരണം ലക്ഷ്യമിടുന്നത് പ്രദേശിക ചരിത്രങ്ങളെ അമര്‍ച്ച ചെയ്യാനാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, വിയോജിപ്പുമായി ഡോ. ഡി. ബാബുപോള്‍. നാട്ടറിവുകളും പ്രാദേശിക ചരിത്രവും വാമൊഴി ചരിത്രവും ഗൗരവകരമായ ചരിത്ര രചനയുടെ ഭാഗമാകേണ്ടതാണെന്ന് സ്പീക്കര്‍ സൂചിപ്പിച്ചു. ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതി സംഘടിപ്പിച്ച തമസ്‌കരിക്കപ്പെട്ട ചരിത്രഗാഥകള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാദേശിക ചരിത്രത്തെ അമര്‍ച്ച ചെയ്യാനുള്ള ശ്രമം ആഗോളീകരണത്തിന്റെ ഭാഗമാണെന്ന സ്പീക്കറുടെ വാദത്തോട് ഡോ. ഡി. ബാബുപോള്‍ വിയോജിച്ചു. സ്പീക്കറുടെ വാദം ഇടതുപക്ഷ ചിന്താഗതിക്കുള്ളില്‍ നിന്നും വീക്ഷിക്കുന്നതുകൊണ്ടാണെന്ന് ബാബുപോള്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. വിഴിഞ്ഞവും ആലപ്പുഴയുമാണ് തുറമുഖങ്ങള്‍ നിര്‍മ്മിക്കുവാന്‍ പറ്റിയ സ്ഥലമെന്ന് കണ്ടെത്തിയ രാജാകേശവദാസാണ് തിരുവിതാംകൂര്‍ കണ്ട ഏറ്റവും സമര്‍ത്ഥനായ ദളവ. എന്നാല്‍ വേലുത്തമ്പിക്കു കിട്ടിയ കീര്‍ത്തിയൊന്നും അദ്ദേഹത്തിനു ലഭിച്ചിട്ടില്ല. ഉണ്ണിയാര്‍ച്ചയുടെ ചരിത്രം തര്‍ക്ക വിഷയമാണ്. അതേപ്പറ്റിയുള്ള അന്വേഷണം തുടര്‍ന്നുകൊണ്ടുപോകേണ്ടതുമാണ്. രാഷ്‌ട്രീയ ചരിത്രത്തോടൊപ്പം ഇവ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള രീതിയിലേക്ക് അവ വികസിക്കണം.
ടി.ജി. ഹരികുമാര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഉണ്ണിയാര്‍ച്ച എന്ന ഗ്രന്ഥം സ്പീക്കര്‍ പ്രകാശനം ചെയ്തു. ഏഴാച്ചേരി രാമചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ, ഡോ. എം.ആര്‍. തമ്പാന്‍, രാജീവ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു. കടത്താനാടന്‍ കഥാകാരന്‍ ഭാസ്‌കരന്‍ മാനന്തേരിയെ ചടങ്ങില്‍ ആദരിച്ചു. ലോകനാര്‍ക്കാവ് സ്തുതിയോടെയാണ് ചരിത്രസെമിനാര്‍ ആരംഭിച്ചത്. എസ്. ഗോപകുമാര്‍ സ്വാഗതവും ഷൈജു എസ്. ധരന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: