മാനന്തവാടി : മഴക്കാലമായതോടെ രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡോക്ടറുടെ സേവനം ലഭിക്കാതെ വെള്ളമുണ്ട പ്രാഥമികാരോഗ്യകേന്ദ്രം. കിടത്തി ചികിത്സയും ഒ.പിയും പ്രവര്‍ത്തിപ്പിക്കാനായി നിലവില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്.
ചുമതലയുള്ള മെഡിക്കല്‍ ഓഫിസറാകട്ടെ എടവക, കുറുക്കന്മൂല എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ കൂടെ ചുമതല വഹിക്കേണ്ടതിനാല് മുഴവന്‍ സമയവും ഇവിടെയെത്താനോ രോഗികളെ പരിശോധിക്കാനോ കഴിയുന്നില്ല. 25 കിടക്കകളുള്ള ഐപിയും നിത്യേനെ 500 ഓളം രോഗികളെത്തുന്ന ഒപിയുടെയും പ്രവര്‍ത്തനം ഇതോടെ താളം തെറ്റിയിരിക്കുകയാണ്. നേരത്തെ ആശുപത്രിയിലുണ്ടായിരുന്ന എന്‍.ആര്.എച്ച്.എം. ഡോക്ടര്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഡ്യൂട്ടിയിലില്ല. ഇതേ തുടര്‍ന്നാണ് രോഗികള്‍ വലഞ്ഞത്.
മത സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ വാട്സാപ്പിലൂടെ സന്ദേശം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നേരത്തെയുണ്ടായിരുന്ന എന്‍.ആര്.എച്ച്.എം. ഡോക്ടര്‍ ഡ്യൂട്ടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു. നാട്ടുകാര്‍ സംയുക്തമായി ഡി.എം.ഒയക്കും പരാതി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഡ്യൂട്ടിയില്‍ നിന്നും മാറി നില്ക്കാന് ഡി.എം.ഒ. ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പകരം സംവിധാനമേര്‍പ്പെടുത്താത്തതും സ്ഥിരം മെഡിക്കല്‍ ഓഫിസറുടേതുള്പ്പടെ തസ്തികകള്‍ നികത്താത്തതുമാണ് രോഗികളെ വലക്കുന്നത്. പടിഞ്ഞാറത്തറ, വെള്ളമുണ്ട, എടവക, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ നിന്നുള്ള ആദിവാസികളുള്‍പ്പടെയുള്ള രോഗികളാണ് ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടിയെത്താറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: