കല്‍പ്പറ്റ: ബത്തേരി കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ സഹകരണസംഘത്തിന്റെ കീഴിലുള്ള സ്റ്റോറില്‍നിന്നും വില്‍ക്കുന്ന തേനില്‍ കളര്‍ ചേര്‍ത്ത സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യേഗസ്ഥര്‍ സംഘത്തിന് നോട്ടീസ് നല്കി. വെള്ളിയാഴ്ചയാണ് അധികൃതര്‍ നോട്ടീസ് നല്‍കിയത്. ഭക്ഷ്യസുരക്ഷാ വിഭാഗം ഈ സംഘത്തില്‍നിന്ന് പരിശോധനയ്ക്കായി ശേഖരിച്ച തേന്‍ സാമ്പിളുകളില്‍ കളര്‍ ചേര്‍ത്തതായുള്ള പരിശോധനാ ഫലം കഴിഞ്ഞ തിങ്കളാഴ്ചയാണ് പുറത്തുവന്നത്. കോഴിക്കോട് മലാപ്പറമ്പിലെ ഫുഡ് അനലറ്റിക്ക് ലാബിന്റെ പരിശോധന ഫലമാണ് പുറത്തുവന്നത്. ആദിവാസികള്‍ കാട്ടില്‍ നിന്നു ശേഖരിക്കുന്ന തേനാണെന്ന പേരില്‍ ഗുണ്ടല്‍പേട്ടില്‍ നിര്‍മിക്കുന്ന വ്യാജ തോനാണ് സൊസൈറ്റി വിറ്റഴിക്കുന്നതെന്നാണ് പരാതി ഉയര്‍ന്നിരുന്നത്. ഇത് ശരിവെക്കുന്നതാണ് പരിശോധനാഫലം. കളര്‍ചേര്‍ത്ത് തേന്‍ വില്‍ക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 16നാണ് തിരുവനന്തപുരം ഫുഡ് ആന്‍ഡ് സേഫ്റ്റി ജോയിന്റ് കമ്മിഷണര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇവിടെനിന്നും മൂന്നു തേന്‍ സാമ്പിളുകള്‍ അധികൃതര്‍ ശേഖരിച്ചിരുന്നു. ഇതില്‍ രണ്ടെണ്ണം ഗുണനിലവാരം കുറഞ്ഞതും ഒന്ന് കളര്‍ ചേര്‍ത്തതുമായിരുന്നു. ഈ സംഭവത്തിലാണ് അധികൃതര്‍ നോട്ടീസ് കൊടുത്തത്. 30 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനാണ് നോട്ടീസ്. സാമ്പിള്‍ മൈസൂരുവിലെ കേന്ദ്രലാബില്‍ പരിശോധനയ്ക്ക് അയക്കണമെന്നാവശ്യപ്പെട്ട് സംഘം അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഗുണനിലവാരം കുറഞ്ഞ വിഷയം ആര്.ഡി.ഒ. കോടതിക്കും വിട്ടു. മൈസൂരു ലാബിലെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍നടപടിയുണ്ടാകുമെന്ന് ഫുഡ് അസി.കമ്മീഷണര്‍ സി.പി. രാമചന്ദ്രന് പറഞ്ഞു. കോഴിക്കോട്ടെ കടയില്‍നിന്നും വാങ്ങിയ ബത്തേരി പട്ടികവര്‍ഗ സഹകരണസംഘത്തിന്റെ തേന്‍ വ്യാജമാണെന്നും കളര്‍ ചേര്‍ത്തിരുന്നുവെന്നുമുള്ള പരാതിയിലായിരുന്നു കഴിഞ്ഞ മാസം പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സംശയാസ്പദമായ 5000 കിലോയോളം തേനില്‍നിന്നും സാമ്പിളുകള്‍ ശേഖരിച്ച് കോഴിക്കോട് മലാപ്പറമ്പ് അനലസ്റ്റിക് ലാബില്‍ പരിശോധനക്കയച്ചു. സ്റ്റോര്‍ പൂട്ടി സീലും ചെയ്തിരുന്നു. നാല് ഡ്രമ്മുകളില്നിന്നായി നാല് സാമ്പിളുകളാണ് ശേഖരിച്ചത്. ടാര്‍ട്രാസിന്‍, സണ്‍സെറ്റ് എന്നീ കളറുകള്‍ ചേര്‍ത്തുവെന്നാണ് ഫലം. രണ്ടും മഞ്ഞക്കളറുകളാണ്. ജിലേബിക്കും മറ്റും മഞ്ഞകളര്‍ ലഭിക്കാന്‍ ചേര്‍ക്കുന്ന കളറുകളാണിവ. മൂന്നു മാസം മുമ്പ് കണ്ണൂര്‍ സ്വദേശിയുടെ പരാതിയില്‍ ഇതേ സഹകരണസംഘം സ്റ്റോറില്‍നിന്നും അധികൃതര്‍ എടുത്ത സാമ്പിളില്‍ കളര്‍ ചേര്‍ത്തതായി റിപ്പോര്‍ട്ടുവന്നിരുന്നു. ചുവപ്പു കളര്‍ കിട്ടാന്‍ കാര്‍മോസിനും മഞ്ഞക്കളര്‍ ലഭിക്കാന്‍ ടാര്‍ട്രാറിസിനുമാണ് ചേര്‍ത്തത്. റിപ്പോര്‍ട്ട് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സഹകരണസംഘം കൊടുത്ത ഹരജിയുടെ ഭാഗമായി മൈസൂരുവിലെ കേന്ദ്രലാബിലേക്ക് സാമ്പിളുകള്‍ അയച്ചു കൊടുത്തിരിക്കയാണ്. ഈ കേസ് നിലനില്‍ക്കേയാണ് തിരുവനന്തപുരം ഫുഡ്സേഫ്റ്റി ജോയിന്റ് കമ്മീഷണര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മറ്റൊരു പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം വിണ്ടും പരിശോധന നടത്തി തേന്‍ പിടിച്ചെടുത്തത്.
ആദിവാസികളില്‍നിന്നു മാത്രം തേനുള്പെടെയുള്ള വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്താനാണ് പട്ടികവര്‍ഗസഹകരണ സംഘം പ്രവത്തിക്കുന്നത്. ഇവിടെയാണ് ആദിവാസികളെ വഞ്ചിച്ചും മറയാക്കിയും വ്യാജ തേന്‍ വില്‍പ്പന നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: