ബത്തേരി : ബത്തേരി മേഖലയിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടും വനവാസി യുവാവിനെ കാട്ടാന കുത്തികൊന്നതില്‍ പ്രതിഷേധിച്ചും ബിജെപി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 11ന് ബത്തേരി ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉപരോധിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. രാവിലെ 10 നാണ് ഉപരോധം. ജില്ലാ പ്രസിഡണ്ട് സജിശങ്കര്‍ ഉദ്ഘടനം ചെയ്യും ജൂലൈ മൂന്നിന് രത്രി പൂതാടി ഗ്രാമ പഞ്ചായത്തിലെ വട്ടത്താനിക്ക് സമീപം മാരമല കാട്ടുനായിക്ക കോളനിയിലെ യുവാവിനെ കാട്ടാന കൊലപ്പെടുത്തിയിരുന്നു.
ഇവരുടെ താമസകേന്ദ്രത്തിന് സമീപം വനജീവികളുടെ ആക്രമണത്തില്‍ നിന്ന് പ്രദേശ വാസികളെ രക്ഷിക്കുന്നതിനായി വനം വകുപ്പ് സ്ഥാപിച്ച മതിലിന്റെ പ്രവേശനകവാടത്തിന് സമീപംവെച്ചാണ് ഇയാളെ ആന കൊലപ്പെടുത്തിയത്. കാട്ടാനയും കടുവയുമെല്ലാം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നതായും ഇത്തരംപ്രശ്നങ്ങള്ക്ക് ശാശ്വതപരിഹാരം കാണേണ്ടത് അത്യാവശ്യമാണെന്നും നേതാക്കള്പറഞ്ഞു.വയനാട്ടിലെ നൂറുകണക്കിന് കുടുംബങ്ങള്‍ അരക്ഷിതാവസ്ഥയിലാണ്. ഇവരുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുന്നു. വന്യ മൃഗശല്യം വയനാട്ടു കാരെ പാര്‍ശ്വവത്ക്കരിച്ചിരി ക്കുന്നു. ഈ ഘട്ടത്തില്‍ ഇവര്‍ക്ക് രക്ഷ നല്‍കുന്നതിന് വേണ്ടി വയനാട് ജില്ലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ആനയുടെയും കടുവയുടെയും ആക്രമണ ഭീതിയില്‍ ജീവിതം തള്ളിനീക്കുന്ന കുടുംബങ്ങള്‍ക്ക് ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതിനുവേണ്ടിയുള്ള അടിയന്തര ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ജീവന് നഷ്ടപ്പെട്ട് കഴിയുമ്പോള്‍ വീടുകളില്‍ വന്ന് അനുശോചനം രേഖപ്പെടുത്തുന്ന ജനപ്രതിനിധികളെയല്ല വയനാടിന് ആവശ്യം. ഈ പ്രശ്നം നിയമസഭയില്‍ ഉന്നയിച്ചുകൊണ്ട് ശാശ്വത പരിഹാരത്തിനാണ് ജനപ്രതിനിധികള്‍ ശ്രമിക്കേണ്ടത്, നിയമത്തിന്റെ നൂലാമാലയില്‍ കുരുങ്ങി അടിയന്തര സാഹചര്യങ്ങളില്‍ ലഭ്യമാക്കേണ്ട നഷ്ടപരിഹാരം തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ ജനപ്രതിനിധികള്‍ ആര്‍ജജ്ജവം കാണിക്കണം.
ബത്തേരിയിലെ മാരമല കോളനിയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗോപിയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരവും മകന് സര്‍ക്കാര്‍ ജോലിയും നല്കാന് സര്‍ക്കാര്‍ തയ്യാറാകണം. നാല്പതോളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന മാരമല കോളനിയില്‍ ഫെന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തി കോളനിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം. കഴിഞ്ഞ ഒരു മാസത്തിനകം ആനയുടെ കൊലവിളിക്ക് മുന്നില്‍ ജീവന് നഷ്ടമായത് മൂന്ന് പേര്‍ക്കാണ്. ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിന് ബാവലി സ്വദേശിയായ മാധവന്, ജൂണ്‍ 15ന് തിരുനെല്ലി പഞ്ചായത്തിലെ കോട്ടിയൂര്‍ കോളനിയിലെ കുമാരന്, കഴിഞ്ഞ ദിവസം വാകേരി മാരമല കാട്ടുനായ്ക്ക കോളനിയിലെ ഗോപി എന്നി വരെ കാട്ടാന ആക്രമിച്ചു കൊലപെടുത്തി. കാട്ടാനകളുടെ കൊലവിളിക്ക് മുന്നില്‍ വയനാട് ജനത നിസ്സാഹയകരാവുന്ന കാഴ്ചയാണ് കഴിഞ്ഞ ഒരുമാസമായി തുടര്‍ച്ചയായി കാണുന്നത്. ജീവന് നഷ്ടടമാവുന്നതിന് പുറമെ പലര്‍ക്കും ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുമുണ്ട്. വയനാടിന് പുറമെ ജില്ലയോട് അതിര്‍ത്തി പങ്കിടുന്ന തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ അയ്യന്‍കൊല്ലി,ഗൂഡല്ലൂര്‍, ചേരമ്പാടി തുടങ്ങിയ സ്ഥലങ്ങളിലായി രണ്ട് മാസത്തിന്നിടെ 5പേരാണ് ആനക്കലിയല് മരണപ്പെട്ടത്.
വനവാസികള്‍ തിങ്ങിവസിക്കുന്ന തിരുനെല്ലിയില്‍ കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടെ 77 മനുഷ്യജീവനുകളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പൊലിഞ്ഞത്. ഇതില്‍ 75 പേരുടെ പ്രാണനെടുത്തത് കാട്ടാനകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: