കല്‍പ്പറ്റ : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുന്നാക്ക സമുദായ ഐക്യമുന്നണിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 13ന് നടത്തുന്ന സെക്രട്ടറിയേറ്റ് ധര്‍ണ്ണ വിജയിപ്പിക്കണമെന്ന് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
2010-ല്‍ യു.പി.എ. സര്‍ക്കാരിനു സമര്‍പ്പിച്ച എസ്.ആര്. സിന്‍ഹു കമ്മീഷന് റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നടപ്പാക്കുക, സാമ്പത്തിക സംവരണം നടപ്പിലാക്കുക, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുക, മുന്നാക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം അനുവദിക്കുക, സൗജന്യചികിത്സാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കുക, ക്ഷേത്രജീവനക്കാര്‍ക്ക് ന്യായമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുക, ഭൂരഹിതര്‍ക്ക് ഭൂമിയും പാര്‍പ്പിടവും നല്‍കുക, സംസ്ഥാന മുന്നാക്ക കോര്പ്പറേഷന് ന്യായമായ ഫണ്ട് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തുന്നത്.
രാവിലെ ഒന്‍പത് മണിക്ക് മുന്നാക്ക സമുദായ ഐക്യമുന്നണി സംസ്ഥാന പ്രസിഡന്റ് ടി.എം. അരവിന്ദാക്ഷന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം വൈ.എം. സി.എ. ഹാളില്‍ നടക്കുന്ന സംസ്ഥാന കണ്വെന്ഷന് പൂഞ്ഞാര്‍ എം.എല്‍.എ. പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പ്രയാര്‍ ഗോപാലകൃഷ്ണന് മുഖ്യാതിഥിയാകും. ധര്‍ണ്ണയിലും കണ്‍വെന്‍ഷനിലും ജില്ലയില്‍ നിന്നും 60 പേര് പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ജയന് പി. മാരാര്‍, സുന്ദരേശ്വര അയ്യര്‍, ഹരിഗോവിന്ദ വാര്യര്‍, എം. സോമന്, നാരായണന്‍കുട്ടി നായര്‍, സി.കെ. സുന്ദരകുറുപ്പ്, കേശവന് നമ്പീശന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: