കല്‍പ്പറ്റ : പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വയനാട് മെഡിക്കല്‍ കോളേജിനോട് അവഗണന. പണം അനുവദിക്കാതെ അവഗണിച്ച നടപടിയില്‍ ജനരോക്ഷമുയരുന്നു. അവഗണനയില്‍ പ്രതിഷേധിച്ച് സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബിജെപി പ്രഖ്യാപിച്ചുകഴിഞ്ഞു.
കല്‍പ്പറ്റയില്‍ മെഡിക്കല്‍ കോളേജിന്റെ നിര്‍മാണപ്രവര്‍ത്തനം മുന്‍ സര്‍ക്കാരിന്റെ കാലത്ത് തുടക്കം കുറിച്ചതാണ്. ഈ ബജറ്റില്‍ വയനാട് മെഡിക്കല്‍ കോളേജിനു ചില്ലിക്കാശുപോലും മാറ്റിവെച്ചിട്ടില്ല. വയനാട്ടില്‍ റോഡപകടത്തില്‍പ്പെടുന്ന 75 ശതമാനം പേരും മരിക്കാനുള്ള കാരണം മതിയായ ചികിത്സ ലഭിക്കാത്തതിനാലാണ്. നൂറ്കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമദ്ധ്യേ പലരും മരണപ്പെടുന്നു.
മതിയായ പണം കണ്ടെത്തിയ ശേഷം മാത്രമേ പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. തിരുവനന്തപുരം, ഇടുക്കി, മഞ്ചേരി, കാസര്‍കോട് മെഡിക്കല്‍ കോളേജുകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ, വയനാട് പരിഗണനയില്‍ പോലും വരികയുള്ളൂവെന്നാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്.
കൊട്ടിഘോഷിച്ച് ശിലാസ്ഥാപനം നടന്ന് ഒരു വര്‍ഷമായിട്ടും വയനാട് ഗവ.മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം തുടങ്ങിയില്ല, ബജറ്റില്‍ പണവുമില്ല. പ്രവൃത്തി എപ്പോള്‍ തുടങ്ങുമെന്ന ചോദ്യത്തിന് ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ക്ക് മറുപടിയും ഇല്ല. നടപടികള്‍ പുരോഗതിയിലാണെന്നു പറഞ്ഞ് ഒഴിയുകയാണ് അധികൃതര്‍.
കോട്ടത്തറ വില്ലേജിലെ മടക്കിമലയില്‍ സ്ഥാപിക്കേണ്ട മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം 2015 ജൂലൈ 12ന് കല്പറ്റ എസ്കെഎംജെ ഹൈസ്കൂള്‍ ഗ്രൗണ്ടിലാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചത്. ചികിത്സാരംഗത്ത് പിന്നാക്കം നില്ക്കുന്ന വയനാട്ടില്‍ മെഡി സിറ്റിയാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും ആദ്യഘട്ടം നിര്‍മാണം മൂന്നുമാസത്തിനകം തുടങ്ങുമെന്നും മുഖ്യമന്ത്രി അന്ന് പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ 2016ന്റെ ആദ്യപകുതി കഴിഞ്ഞിട്ടും നിര്‍ദിഷ്ട മെഡിക്കല്‍ കോളേജിലേക്കുള്ള റോഡിന്റെ പണിപോലും തുടങ്ങിയില്ല.
കല്‍പ്പറ്റ-മാനന്തവാടി സംസ്ഥാനപാതയിലെ മുരണിക്കരയില്‍നിന്നു 1.8 കിലോമീറ്റര്‍ നീളത്തിലും 45 മീറ്റര്‍ വീതിയിലുമാണ് മെഡിക്കല്‍ കോളേജ് സൈറ്റിലേക്ക് പാത പണിയേണ്ടത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് മുന്നണികള്‍ ഉപയോഗപ്പെടുത്തിയ മുഖ്യവിഷയങ്ങളിലൊന്നായിരുന്നു വയനാട് മെഡിക്കല്‍ കോളേജ്. ജനവിധി അനുകൂലമായാല്‍ മെഡിക്കല്‍ കോളേജ് സമയബന്ധിതമായി യാഥാര്‍ഥ്യമാക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല് എയുമായ ജനതാദള്‍യുവിലെ എം.വി.ശ്രേയാംസ്കുമാര്‍ വോട്ടര്‍മാര്‍ക്കുമുന്നില്‍ പലവട്ടം ആവര്‍ത്തിക്കുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നപക്ഷം മെഡിക്കല്‍ കോളേജ് നിര്‍മ്മാണം വികസന അജന്‍ഡയിലെ ആദ്യ ഇനമായിരിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സി.പി.എം ജില്ലാ സെക്രട്ടറിയുമായ സി.കെ.ശശീന്ദ്രനും പ്രസ്താവിച്ചതാണ്. ഇക്കാര്യം മറന്ന മട്ടിലാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ച സി.കെ.ശശീന്ദ്രന്റെ ഇപ്പോഴത്തെ നടപ്പ്. ശിലാസ്ഥാപനത്തിനു മുന്‍പ്, എവിടെ മെഡിക്കല്‍ കോളേജ് എന്ന് അട്ടഹസിച്ചുനടന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നിനും നിലവില്‍ മിണ്ടാട്ടമില്ല. ആരോഗ്യവകുപ്പിലെ ഉന്നതരും മൗനത്തിലാണ്.
2012ലെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് വയനാട് മെഡിക്കല്‍ കോളേജ്. ഈ ബജറ്റില്‍ കോന്നി, ഇടുക്കി, മഞ്ചേരി, ബദിയടുക്ക മെഡിക്കല്‍ കോളേജുകളും ഇടംപിടിച്ചിരൂന്നു.ഇതില്‍ വയനാട്ടിലേതിനാണ് തീര്‍ത്തും ദുര്‍ഗതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: