അടിമാലി: കൊച്ചി-മധുര ദേശീയ പാതയില്‍ അടിമാലിക്ക് സമീപം കൂമ്പന്‍പാറയില്‍ തിട്ടയിടിഞ്ഞ് അപകടക്കെണിയിലായ ഭാഗം നന്നാക്കാന്‍ അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ല. പാതയോരം ചേര്‍ന്നുള്ള കല്‍ക്കെട്ട് മഴയില്‍ ഇടിഞ്ഞ് വീണിട്ട് രണ്ടാഴ്ചയായി. കാലവര്‍ഷത്തോടെ ഉണ്ടായ മഴയില്‍ റോഡിലൂടെ ഒലിച്ചിറിങ്ങിയ മഴവെള്ളം മൂലമാണ് സൈഡ് ഇടിഞ്ഞത്. ഇടുങ്ങിയ റോഡും പാതയോരത്തെ വന്‍ ഗര്‍ത്തവും അപകടസ്ഥിതി ഗുരുതരമാക്കുന്നു. വിനോദ സഞ്ചാരികളുടേതടക്കം ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പാതയോരം ഇടിഞ്ഞതിനെ തുടര്‍ന്ന് അപകട സൂചന നല്‍കി കല്ലുകള്‍ റോഡില്‍ നിരത്തി വച്ചിരിക്കുന്നതിനാല്‍ വഹനങ്ങള്‍ കടന്നു പോകുന്നതിനും ബുദ്ധിമുട്ടാണ്. ഇരുവശങ്ങളിലേക്കും കടന്നു പോകേണ്ട വാഹനങ്ങള്‍ ട്രാഫിക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇിഞ്ഞഭാഗത്ത് എത്രയും വേഗം പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
















