വൃത്തിയായി നടക്കുകയെന്നത് നമ്മുടെ ജന്മാവകാശമാണ്. ടൂത്ത്പേസ്റ്റുകൊണ്ട് പല്ല് തേച്ചും ഷേവിങ് ക്രീംകൊണ്ട് മുഖം മിനുക്കിയും നാം വൃത്തി കൈവരിക്കും. നെയില്‍ പോളിഷ് പുരട്ടി നഖം ചുവപ്പിക്കും. മൗത്ത്വാഷ് ഉഴിഞ്ഞ് വായ്നാറ്റം അകറ്റും. പക്ഷേ അവയൊക്കെ സമുദ്രജീവികളുടെ ജന്മാവകാശമാണ് ഇല്ലാതാക്കുക എന്നറിയുക. നമ്മെപ്പോലെ സുഖമായി ജീവിക്കാനുള്ള അവയുടെ ജന്മാവകാശം.
ടൂത്ത്പേസ്റ്റുകൊണ്ട് നാം പല്ലുതേക്കുമ്പോഴും മൗത്ത് വാഷ് നീട്ടിത്തുമ്പോഴുമൊക്കെ ജലജന്തുക്കളുടെ ജന്മഗൃഹത്തില്‍ നാം വിഷം കലക്കുകയാണെന്നോര്ക്കുക. അവറ്റകളെ മാറാരോഗികളാക്കി മാറ്റുകയാണെന്നറിയുക. ഒടുവില്‍ അവ നമ്മുടെ ആരോഗ്യത്തിന്റെ അന്തകരായി തന്നെ മടങ്ങിവരുമെന്ന് മനസ്സിലാക്കുക.
ഇവിടെയും വില്ലന്‍ പ്ലാസ്റ്റിക്കു തന്നെ. നമുക്ക് വെറും കണ്ണുകൊണ്ട് കാണാനാവാത്തത്ര കുഞ്ഞന്‍ പ്ലാസ്റ്റിക് കണികകള്‍. സാങ്കേതികമായി ഇവയെ പ്ലാസ്റ്റിക് മൈക്രോ ബീഡ്സ് അഥവാ പ്ലാസ്റ്റിക് മുത്തുകള്‍ എന്ന് വിളിക്കാം. ടൂത്ത് പേസ്റ്റും ഷേവിങ് ക്രീമും നെയില്‍ പോളിഷുമൊക്കെ നിര്‍മിച്ചിരിക്കുന്നത് ഇത്തരം മുത്തുകള്‍കൊണ്ടാണ്. ഒരു ടൂത്ത് പേസ്റ്റില്‍ ഇത്തരം കുഞ്ഞന്‍ കണങ്ങള്‍ ഒരുലക്ഷം വരെ കാണുമത്രെ. വായ വൃത്തിയാക്കാനും പല്ലിന് തിളക്കം നല്‍കാനുമൊക്കെ വേണ്ടത് ഈ കുഞ്ഞന്മാരെയാണ്. പല്ലു തേച്ച് വായ കഴുകുന്നതോടെ അവ സമുദ്രത്തിലേക്കുള്ള തങ്ങളുടെ പ്രയാണം ആരംഭിക്കും.
ആദ്യം ഓടയിലേക്ക്. പിന്നെ അഴുക്കുചാലുകളില്‍നിന്ന് തോടുകളിലേക്ക്. അവിടെനിന്ന് പുഴയും കായലുമൊക്കെ പിന്നിട്ട് തണ്ണീര്‍ത്തടങ്ങളെ നനച്ച് അവ മുന്നേറും. ശക്തിയേറിയ മലിനീകരണ നിയന്ത്രണ ഫില്ട്ടറുകള്ക്കുപോലും ഈ കുഞ്ഞന്മാരെ അരിച്ചകറ്റാനാവില്ലത്രെ. പോകുന്നവഴിക്കുള്ള അഴുക്കുചാലിലെ ദുഷ്ടവസ്തുക്കളെയൊക്കെ ഈ കുഞ്ഞന്‍ കണികകള്‍ സ്വയം സ്വീകരിക്കും. കാരണം അവയുടെ ഉപരിതല വിസ്തീര്‍ണം അത്ര കൂടുതലാണ്.
കടലില്‍ അവയെ കാത്ത് ഒരുപാട് വിഷക്കൂട്ടുകാരുണ്ട്. ഒരിക്കലും നശിക്കാത്ത കാര്‍ബണിക വിഷം (പിഒപി) നേരിയ ഗാഢതയില്‍ കടലിന്റെ മുകള്പ്പരപ്പിലുണ്ട്, പലേടത്തും. അത്യപകടകാരികളായ ഡിഡിടി, ഡയോക്സിന്‍, പിസിബി തുടങ്ങിയവരാണ് ഈ ദുഷ്ട കൂട്ടില്‍. അവയ്ക്കെല്ലാം വെള്ളത്തോട് വിരക്തിയുമാണ്. കടലിലെത്തുന്ന പ്ലാസ്റ്റിക് മൈക്രോബീഡുകളുടെ ഉപരിതലത്തിലേക്ക് അവയുടെ തന്മാത്രകള് പറ്റിപ്പിടിച്ചു കയറും. അതോടെ തൊട്ടടുത്ത ജലപ്രതലത്തിന്റെ ആയിരം മടങ്ങുവരെ വിഷമാണ് ഈ കുഞ്ഞന്മാരുടെ ശരീരത്തില്‍ കേന്ദ്രീകരിക്കപ്പെടുക.
സൂക്ഷ്മങ്ങളായ കടല്‍ജീവികള്‍ ഇവയെ ആഹരിക്കുന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വിഷവും പ്ലാസ്റ്റിക് കണികകളും അവയുടെ കോശകലകളില്‍ കുടികിടപ്പ് ആരംഭിക്കും. ആ ജീവികളെ അതിലും വലിയ ജീവികളും അവയെ അല്‍പ്പംകൂടെ ഉയര്‍ന്ന തട്ടിലുള്ള ജീവികളും ആഹരിക്കുന്നതോടെ വലിയൊരളവ് രാസവിഷം ആ ജീവികളില്‍ കേന്ദ്രീകരിക്കും. ഈ പ്രക്രിയയെ ജൈവസാന്ദ്രീകരണം എന്ന് നമുക്ക് വിളിക്കാം. സൂക്ഷ്മജീവികളെ ചെറുമത്സ്യങ്ങളും അവയെ വന്‍ മീനുകളും അവയെ മനുഷ്യനുമൊക്കെയാണ് ഭക്ഷിക്കുക എന്ന് ഓര്‍മിക്കുക. നാം പുറത്തുവിട്ടതൊക്കെ നമ്മിലേക്ക് തന്നെ തിരിച്ചുവരുന്നു.
സമുദ്രം മലിനീകരിക്കുന്നതിനൊപ്പം സമുദ്രജീവികളുടെ ആരോഗ്യത്തില്‍ ഗുരുതരമായ പ്രശ്നങ്ങളാണ് മാലിന്യം കലര്‍ന്ന പ്ലാസ്റ്റിക് മുത്തുകള്‍ സൃഷ്ടിക്കുന്നത്. ദഹനവ്യവസ്ഥയിലും നാഢീവ്യവസ്ഥയിലും ഒരുപാട് സങ്കീര്‍ണതകള്‍ അവ സമുദ്ര ജീവികള്‍ക്കു സമ്മാനിക്കുന്നു. ഒപ്പം മനുഷ്യനും. സമുദ്രങ്ങളിലാകെ, ഇത്തരം രണ്ടരലക്ഷം ടണ്‍ കുഞ്ഞന്മാര് ഒഴുകി നടക്കുന്നതായാണ് കണക്ക്. എന്നുപറഞ്ഞാല്‍ ശതസഹസ്രകോടികളെക്കാളുമധികം എന്നര്‍ത്ഥം. മലിനീകരണത്തിനു പുറമെ ഈ പേസ്റ്റുകളിലെ പ്ലാസ്റ്റിക് കണികകള്‍ മനുഷ്യന്റെ പല്ലുകള്‍ക്കും വിനയാകുമത്രെ. അവ പല്ലിനിടയില്‍ കുരുങ്ങി ബാക്ടീരിയകള്‍ക്ക് പെറ്റു പെരുകാന്‍ സുരക്ഷാ കേന്ദ്രം ഒരുക്കും. ഫലം ദന്തക്ഷയം, മോണപഴുപ്പ് തുടങ്ങിയ രോഗങ്ങള്‍.
ഗുരുതരമായ മൈക്രൈാ ബീഡ് പ്രശ്നത്തിനെതിരെ നിരവധി പരിസ്ഥിതി സംഘടനകള്‍ ഇന്ന് രംഗത്തുണ്ട്. അതില്‍ പ്രമുഖന് ഇന്റര്‍നാഷണല്‍ ക്യാമ്പയിന് എഗനസ്റ്റ് മൈക്രോബീഡ്സ് ഇന്‍ പ്ലാസ്റ്റിക്സ് എന്ന സംഘടന. ഏതാണ്ട് 35 രാജ്യങ്ങളില്‍നിന്നുള്ള 830 സര്‍ക്കാരിതര സംഘടനകള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. അവരുടെ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് 67 വന്‍കിട സൗന്ദര്യ വസ്തു നിര്‍മാതാക്കള്‍ തങ്ങളുടെ 337 ബ്രാന്‍ഡുകളില്‍ നിന്ന് മൈക്രോബീഡുകള്‍ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
കൊക്കക്കോള, പെപ്സി മുതലായ ബ്രാന്‍ഡുകള്‍ ജൈവ വിഘടനം സംഭവിക്കുന്ന (ബയോ ഡീ ഗ്രേഡബിള്‍) കുപ്പികള്‍ വിപണിയിലെത്തിച്ചു കഴിഞ്ഞു. യൂണിലിവര്‍, ജോണ്സണ് ആന്‍ഡ് ജോണ്സണ്, സനോഫി തുടങ്ങിയ അന്താരാഷ്ട്ര ഭീമന്മാര് തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ നിന്നും മൈക്രോബീഡുകളെ 2017 ഓടെ പൂര്‍ണമായും ഒഴിവാക്കുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു.
പക്ഷേ അതൊക്കെ അങ്ങ് അമേരിക്കയിലും യൂറോപ്പിലും മാത്രം. ഏഷ്യാക്കാരന് മാലിന്യം തുടര്‍ന്നും കഴിക്കും. അതാണല്ലോ ലോകശ്രദ്ധ! പക്ഷേ മാലിന്യത്തിന് അതിര്‍ത്തിയില്ലെന്ന കാര്യം അവരാരും ഓര്‍ക്കുന്നില്ലല്ലോ…!
പ്രതികരിക്കാൻ ഇവിടെ എഴുതുക: