കിഴക്കേ മുറ്റത്തെ മൂവ്വാണ്ടന്‍ മാവിന്റെ ചുവട്ടിലൂടെ വടക്കേ മൂലയിലെ പാമ്പിന് കാവ് ലക്ഷ്യമിട്ട് നടക്കുമ്പോള്‍ പുറകില്‍ നിന്ന് മകന് വിളിച്ച് പറഞ്ഞു. “അമ്മേ, പാമ്പുണ്ടാവും യ്ക്ക് പേട്യാ… ഞാന്‍ വരില്ല്യ”6 വയസ്സുകാരന്റെ കൊച്ചറിവിനോട് തര്‍ക്കിക്കാതെ ഞാന്‍ വീണ്ടും നടന്നു. കാല്ച്ചുവട്ടില് ഞെരിഞ്ഞമരുന്ന പ്ലാവിലകളില്‍ ഇന്നലെപ്പെയ്ത മഴയുടെ നേര്‍ത്ത നനവ്. പച്ചപ്പുല്ലുമൂടി നില്ക്കുന്ന കാവില്‍ ചിത്രകൂടക്കല്ല് കാണാതായിരിക്കുന്നു. മുടങ്ങാതെ അന്തിത്തിരി വെച്ചിരുന്ന പ്രതിഷ്ഠയ്ക്കുമുമ്പില് മനസ്സ് കൊണ്ട് തൊഴുതു നമസ്കരിക്കുമ്പോള്‍ എന്തിനെന്നറിയാതെ കണ്ണ് ഈറനാര്‍ന്നു.
മോളേ! പെട്ടെന്നൊരോ വിളിച്ചത് കേട്ട് തിരിഞ്ഞ് നോക്കുമ്പോള്‍, അസ്ഥിവാരം പോലും തിരിച്ചറിയാത്തവിധം തായ് വേരു നഷ്ടപ്പെട്ടുപോലെ തറവാട് എന്നെ നോക്കി പരിചയം പുതുക്കി മോളെ… നിനക്കെന്താ ന്റെ കുട്ട്യേ…ചെകിട കേട്ടൂടെ? വീണ്ടും ആ ശബ്ദമെന്റെ കാതിലിരമ്പി.
വെളുത്ത ഒറ്റമുണ്ടും, ചുവന്ന ബ്ലൗസുമിട്ട് ജരാനരകള്‍ ബാധിച്ചിട്ടും പൂര്‍ണ്ണമായി കൊഴിഞ്ഞു പോകാതെ, തുമ്പ് കെട്ടിയിട്ട നീളന്‍ മുടിയും, മുറുക്കിച്ചുവന്ന ചുണ്ടില്‍ നേര്‍ത്ത പുഞ്ചിരിയുമായി അമ്മൂമ്മ മുന്നില്‍ വന്ന് നില്ക്കുന്നു. അമ്മൂമ്മ ഇവിടെ എന്തെടുക്കാ? എന്ന ചോദ്യത്തിന് ഇപ്പൊഴെങ്കിലും ഒന്ന് വരാന്‍ തോന്നീലോ നന്നായി, സന്തോഷായി എന്നായിരുന്നു മറുപടി.
‘പറമ്പാകെ നശിച്ചു. മനുഷ്യവാസം ഉണ്ടെങ്കിലല്ലേ, പറഞ്ഞിട്ട് കാര്യള്ളൂ. അടീലത്തെ പറമ്പിലെ കിണറ്റില്‍ നാളൊരു കോഴി വീണ് ചത്തു. ആരോട് പറയാനാ, പറഞ്ഞാ തന്നെ ആര്‍ക്കാ, അതൊക്കെ നോക്കാന്‍ നേരം.
നീയ്യറിഞ്ഞോ കുട്ട്യേ…തെക്കേ വേലിയ്ക്കല്‍ നിന്റേട്ടന് വെച്ച ശിവലിംഗം കഴിഞ്ഞകൊല്ലത്തെ മഴയ്ക്ക് വീണത്. ഉം…ഞാന്‍ പതുക്കെ മൂളി വടക്ക്വോറത്തെ തെങ്ങും, പാമ്പിന് കാവിലെ അത്തിമരോം, വയ്ക്കോല് കൂട്ടാറുള്ള ചന്ദ്രക്കാരന്റെ മാവും ഒക്കെ നശിച്ചില്ല്യാണ്ടായി.’
ഓരോന്നും ഓരോരുത്തര്‍ക്കും വീതിച്ച് കൊടുത്തതോടെ ന്റെ ഉത്തരവാദിത്വം തീര്ന്നൂലോന്ന് വിചാരിച്ചതാ…പക്ഷേ! ഇപ്പൊ കാരണവന്മാരായിണ്ടാക്കിയതൊക്കെ കുട്ട്യോള് കാട് പിടിപ്പിക്കണത് കാണുമ്പോള്‍ സ്വയം ഉള്ളഅ നീറ്റാനല്ലാണ്ട് ഈ വയസ്സിയെകൊണ്ട് എന്താവാനാ.
വരിയ്ക്ക പ്ലാവിലെ പഴുത്ത ചക്കയുടെ മണം മൂക്കിലേക്ക് തുളച്ച് കയറി. മുമ്പിലെത്രകൊണ്ട് വെച്ചാലും ഒറ്റ ചുള പോലും സ്വാദ് നോക്കാതിരുന്ന പഴയകാലം മാറി. ഇന്നിത് കാണണമെങ്കില്‍ ടൗണിലെ പച്ചക്കറിക്കടക്കാരന് തന്നെ കനിയണം. ജാതിമരത്തിന്റെ മുകളിലിരുന്ന് രണ്ട് കാക്കകള്‍ മത്സരിച്ചാരെയോ വിരുന്ന് വിളിക്കുന്നുണ്ട്. ആഗ്രഹിച്ചവന് ലഭിക്കാതെയും, കിട്ടിബോധിച്ചവന് ഉപകാരപ്പെടാതെയും പോയ മണ്ണിന്റെ കാവലാളുകള്‍ ഇന്നവരൊക്കെയാണല്ലോ?
‘നീയെന്താ ആലോചിക്കണേ? അമ്മൂമ്മയുടെ ചോദ്യം എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി. കരിങ്കുട്ടിയ്ക്കും, നീശച്ചൊവ്വയ്ക്കും കള്ളും, തവിടും കൊടുത്തിട്ട് ശ്ശി കാലായി. ഇപ്പൊ പാമ്പന്മാര്‍ക്ക് മാത്രം മുടങ്ങാതെ തിരി വെയ്പ്പുണ്ട്. അതും എത്ര കാലത്തേക്കാന്ന് ആര്‍ക്കറിയാം. വീതം കിട്ട്യോര് ക്കൊക്കെ എത്രേം വേഗം ഇതൊന്ന് കണ്ടം തുണ്ടാക്കി വിറ്റാമതീന്നാ. പെട്ടിക്കനം കൂടിയവനു വേണ്ടിയുള്ള കാത്തിരിപ്പിലാ ഓരോരുത്തരും.
അടുക്കള കിണറ്റിലെ പ്രാവോള്ക്കും, യ്ക്കും മാത്രമല്ലേ ഇവ്ട്ന്ന് പോവ്വാന്‍ തോന്നാണ്ടുള്ളൂ. നിധി കാക്കണ ഭൂതങ്ങളായി ഞങ്ങള്‍ ചിലരിങ്ങനെ ഒറ്റയ്ക്കിവിടെ… പറഞ്ഞു നിര്‍ത്തിയപ്പോള്‍ അമ്മൂമ്മയുടെ ശബ്ദമിടറി കടക്കണ്ണിലെ നനവ് ഒറ്റമുണ്ടിന്റെ തല കൊണ്ട് ഞാന്‍ കാണാതെ തുടയ്ക്കുന്നത് കാണാമായിരുന്നു. അമ്മേ! പോവാം, മകന്റെ ഉച്ചത്തിലുള്ള വിളികേട്ട് പാതി ഉറക്കത്തില്‍ നിന്നെപോലെ ഞാനുണര്‍ന്നു. മുമ്പില്‍ അമ്മൂമ്മയില്ല.
ജീവിതത്തിന്റെ ആദ്യ പാതിയ്ക്ക് താങ്ങിടം തന്ന തറവാട് മാത്രം ബാക്കി. ഋതുപ്പകര്ച്ചകളേറെ കണ്ടുനിന്ന മണ്ണിനോട് മന:പൂര്‍വ്വം യാത്ര പറയുന്നില്ല.’
‘ഇവിടെ എന്റെ വേരുകളുറങ്ങുന്നു.അവകാശ തര്‍ക്കങ്ങളുടെ അധികാരപത്രങ്ങള്ക്കു പോലും പറിച്ചുമാറ്റാനാകാതെ…’
പ്രതികരിക്കാൻ ഇവിടെ എഴുതുക: