പാവങ്ങള്‍, ദുര്‍ബലര്‍, പെണ്‍കുട്ടികള്‍ എന്നിവരോടൊക്കെ നമ്മുടെ സഖാവിന് വല്ലാത്തൊരു ഇഷ്ടമാണ്. ചെറിയ ഇഷ്ടമൊന്നുമല്ല, പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഇഷ്ടം. അവര്‍ക്കു എന്തു ത്യാഗം ചെയ്യാനും സഹിക്കാനും അദ്യം തയാര്‍. ഇതൊന്നും അറിയാത്തവര്‍ക്ക് എല്ലാം ഒരു തമാശയായേ തോന്നുകയുള്ളു. സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ അങ്ങനെ കരുതുമ്പോഴുള്ള അസ്കിത എത്രയാണെന്ന് പറയാനാവില്ല.
ബൂര്‍ഷ്വാ കോടതികളെ കുറ്റം പറയാനാവില്ല. കാരണം അവരെ നമ്മളാ ഗണത്തില്‍ നേരത്തെ തന്നെ പെടുത്തിയിട്ടുണ്ട്. സഖാക്കളുടെ സദ് പ്രവൃത്തികള്‍ക്കെതിരെ വടിയെടുത്ത ജഡ്ജിമാരെ പ്രതീകാത്മകമായി നാടുകടത്തിയും മറ്റും വേണ്ടത്ര മരുന്നു കൊടുത്തിട്ടുണ്ട്. എന്നിട്ടും മേപ്പടി അസുഖം മാറിയിട്ടില്ല എന്നത് തൊണ്ടയില്‍ തടഞ്ഞ മുള്ളുപോലെ അനുഭവിക്കുകയാണ്. കീഴ്ക്കോടതികളുടെ കാര്യമായിരുന്നെങ്കില്‍ നേരത്തെ തയാറാക്കി വെച്ച മരുന്ന് ധാരാളമായിരുന്നു. എന്നാല്‍ ഇന്ദ്രപ്രസ്ഥത്തിലെ മഹാന്യായാലയത്തോട് കളി നടക്കില്ല. മൂന്നാളെ കൂട്ടി അതിന്റെ മുമ്പില്‍ പോയി മുദ്രാവാക്യം വളിക്കാന്‍ പോലും പറ്റില്ല. അഥവാ അങ്ങനെ വല്ലതും വേണ്ടിവരികയാണെങ്കില്‍ കെജരിവാളിന്റെയോ മറ്റോ സഹായം തേടേണ്ടിവരും.
കാര്യം കൂലങ്കഷമായി നോക്കുമ്പോള്‍ എവിടെയാണ് തെറ്റു പറ്റിയതെന്ന് ഒരു പിടിത്തവുമില്ല. ഐസ്ക്രീം പാര്‍ലറുകളില്‍ പൊലിഞ്ഞുപോവുന്ന പെണ്‍കുട്ടികളെ ഓര്‍ത്തു മാത്രമാണ് രണ്ടും കല്പിച്ച് മുന്നിട്ടിറങ്ങിയത്. എന്നാല്‍ അതൊക്കെ വൃഥാവിലായതിന്റെ വിഷമം പറഞ്ഞാല്‍ ആര്‍ക്കെങ്കിലും മനസ്സിലാവുമോ? സ്വന്തം ആളുകള്‍ കൂടി കോടതിയോടൊപ്പം ചേര്‍ന്ന് ഇഞ്ചപ്പരുവമാക്കുമെന്ന് ആരുകരുതി? രാഷ്ട്രീയം കൊണ്ടുവന്ന് കോടതിയെ മെനക്കെടുത്തരുതെന്ന് പറഞ്ഞത് ഒരു തരത്തില്‍ സഹിക്കാം. കാരണം ബൂര്‍ഷ്വാ നിലപാട് മാറ്റാനാവില്ല.
എന്നാല്‍ അതേ അഭിപ്രായം തന്നെ സ്വന്തം സര്‍ക്കാരിന് എങ്ങനെ വന്നു എന്നാണ് മനസ്സിലാകാത്തത്. കോഴിബിരിയാണിയും സുലൈമാനിയും ഇത്രമാത്രം ശക്തമായ സ്വാധീനഘടകങ്ങളാവുമോ കോമ്രേഡ്സ്?
ഒരു പദവി ചോദിച്ചതിന്റെ ചൊരുക്ക് ഇങ്ങനെയൊക്കെ തീര്‍ക്കുമെന്ന് ആരാനും ഉദ്ദേശിച്ചതാണോ? ഫിഡല്‍ കാസ്ട്രോ ഒരു പക്ഷേ, ഇത്തരം കഠിനപാതകളിലൂടെയൊക്കെ സഞ്ചരിച്ചിട്ടുണ്ടാവാം. അതിനെക്കുറിച്ചൊന്നും വേണ്ടത്ര ക്ലാസു തരാതെയാണ് സഖാവ് ആ കസേരയില്‍ കയറ്റിയിരുത്തിയത്.
ഒരു ധാരണയുമില്ലാഞ്ഞതിനാല്‍ സംഗതി കൊള്ളാമെന്നു തോന്നി. അതില്‍ വലിയ അപാകമൊന്നും ഇല്ലെന്നുതന്നെയാണ് ഇപ്പോഴും മനസ്സാക്ഷിയുടെ വാദം. പക്ഷേ, ഇത്രമാത്രം സങ്കീര്‍ണവും അതേ സമയം ഒരധികാരവും ഇല്ലെന്നതിന്റെ സങ്കടം എങ്ങനെ കരഞ്ഞുതീര്‍ക്കും? അനുഭവിച്ചവനേ അതൊക്കെ അറിയാനാവൂ. പെണ്‍കുട്ടികളെ രക്ഷിക്കാനാണ് കേസും കൂട്ടവുമായി മുന്നിട്ടിറങ്ങിയത്. അന്നന്ന് അധ്വാനിച്ച് അന്നം തേടുന്നവന്റെ കൈയില്‍ നിന്ന് പണം തട്ടിയെടുക്കുന്ന ലോട്ടറിക്കാരനെ കെട്ടുകെട്ടിക്കാനും ആ വഴിതന്നെയാണ് നോക്കിയത്. എന്നിട്ടും പഴി തന്നെ ഫലം. ആത്മാര്‍ത്ഥതയ്ക്ക് അമ്മിക്കല്ലുകൊണ്ട് അടിക്കുന്ന ഗതികെട്ട കാലത്ത് ഏതെങ്കിലും മൂലയില്‍ ഒതുങ്ങിയിരിക്കുകയത്രെ കരണീയം.
സഖാവ് വെറുതെയല്ല ഫിഡല്‍കാസ്ട്രോ എന്ന പദവി തന്നത്. ആദ്യം അതിന്റെ സ്വാരസ്യം മനസ്സിലായിരുന്നില്ല. പിന്നെയല്ലേ പിടികിട്ടിയത്. സ്ട്രോ, ട്രേ തുടങ്ങിയ സാധനങ്ങള്‍ എന്തിനാണ് സാധാരണ ഉപയോഗിക്കാറ്. ആ, അതു തന്നെ. ഇനി ഇങ്ങനെ തട്ടീം മുട്ടീം എത്രകാലം എന്നറിയില്ല. ഏതായാലും ഒരു കാര്യം മാത്രം ഓര്‍ത്താല്‍ മതി. നല്ലതേ ചിന്തിച്ചുള്ളു, ചെയ്തുള്ളു. അത്തരക്കാര്‍ക്ക് ഇങ്ങനെയെങ്കില്‍ മറ്റുള്ളവര്‍ക്കോ? പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധിക്കാന്‍ തീരുമാനിച്ചവരും ഇടയ്ക്കൊക്കെ കാര്യങ്ങള്‍ ഒന്ന് വിശകലനം ചെയ്യുന്നത് നന്നായിരിക്കും.
*********** *********** ************
അസഹിഷ്ണുതയ്ക്ക് കാലഭേദങ്ങളില്ല. അത് ഏതു രീതിയില്‍ എങ്ങനെയൊക്കെ വരുമെന്നും പറഞ്ഞുകൂട. ധാക്കയിലും ബാഗ്ദാദിലും മദീനയിലും നടന്നതിന്റെ ഉള്ളറകളിലേക്കു പോയാല്‍ കാണാവുന്നതും ഇതു തന്നെ. ഏതു നിലാവിലും ഇരുട്ടുകാണുന്ന, ഏതു വെളിച്ചവും കെടുത്തിക്കളയുന്ന ആ അസഹിഷ്ണുത വ്രതധന്യമായ റമദാന് നാളില്‍ പോലും ഉണ്ടായി എന്നു പറയുമ്പോള്‍ അതിന്റെ ഭീകരമുഖം വ്യക്തമായി മനസ്സിലാവും. മുന്നേ സൂചിപ്പിച്ചതൊക്കെ അന്താരാഷ്ട്രകാര്യമായിരിക്കാം. എന്നാല്‍ കേരളത്തിലെ ഒരു അസഹിഷ്ണുതയിലേക്ക് വരാം.
റമദാനിന്റെ സന്ദേശവും അതിലെ മാനവികതയും സ്നേഹവും വെളിപ്പെടുത്തി നിലാവ് എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം പുറത്തിറക്കിയപ്പോള്‍ നേരത്തെ സൂചിപ്പിച്ച അസഹിഷ്ണുതാ വൈറസുകള്‍ മനസ്സില്‍ നിറഞ്ഞവര്‍ എങ്ങനെ പ്രതികരിച്ചു എന്നതിന് ന്യൂജന്‍ മാധ്യമം തന്നെ തെളിവ്. പത്രപ്രവര്‍ത്തനം, അതില്‍ തന്നെ കളിയെഴുത്തിന്റെ സൗന്ദര്യത്തികവ് പൂര്‍ണതയിലെത്തിക്കുന്നയാള്‍, ഇടപെടലില്‍ വശ്യമനോഹരമായ തലം സ്വായത്തമായ വ്യക്തി, സര്‍വോപരി മാനവികതയ്ക്കും മനുഷ്യത്വത്തിനും അങ്ങേയറ്റം പ്രാധാന്യം കൊടുക്കുന്നയാള്‍. ഏവര്‍ക്കും പ്രിയങ്കരനായ അങ്ങനെയൊരാളാണ് കോഴിക്കോട് പ്രസ്ക്ലബ് പ്രസിഡന്റായ കമാല്‍ വരദൂര്‍. നിലാവ് പ്രകാശനം ചെയ്യുന്നതിന്റെ ചിത്രവും അതിനെക്കുറിച്ച് ചെറിയൊരു കുറിപ്പും അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
കമാലിന്റെ പോസ്റ്റുകള്‍ക്ക് പൊതുവെ വന്‍ സ്വീകാര്യതയാണുണ്ടാവാറ്. എഴുത്തിനും അങ്ങനെ തന്നെ. മേപ്പടി പോസ്റ്റിനും വന്നു കമന്റുകള്‍, പക്ഷെ, തൊണ്ണൂറ്റിയൊമ്പതു ശതമാനവും അതിന്റെ പ്രതീക്ഷാഭരിതമായ വശത്തെ തല്ലിക്കെടുത്തുന്നതായിരുന്നു. പുണ്യത്തിന്റെ പൂക്കാലമായ മാസത്തില്‍, വ്രതധന്യതയുടെ തീവ്രമായ അവസരത്തില്‍ തികച്ചും അപമാനകരമായ തരത്തിലായിരുന്നു നിലാവിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍. പ്രവാചകന്റെ അതിധന്യമായ ഉദ്ബോധനങ്ങളെ തള്ളിക്കളയുന്ന രീതിയിലുള്ള നിലപാടുകള്‍. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഡോ. പി. എ. ഫസല്‍ ഗഫൂര്‍, കമാല്‍വരദൂര്‍, ഡോ. നജ്മ എ.ഹെപ്തുള്ള, അഡ്വ. കെ. എന്‍. എ. ഖാദര്‍, കെ. എന്‍. ബാദുഷ തങ്ങള്‍,
അലി അക്ബര്‍, ഡോ. റെജീന, യാസിര്‍ അറഫാത്ത്, സഗീര്‍, എച്ച്.എസ്, പി. പി. ഉമ്മര്‍ ഫാറൂഖ്, റഷീദ് പാനൂര്‍ തുടങ്ങി ഒട്ടേറെ പ്രഗത്ഭമതികളുടെ ഉജ്വല രചനകളാല്‍ സമൃദ്ധമായ നിലാവ് ആ പുണ്യ മാസത്തിന്റെ മുഴുവന്‍ വികാരവും ഉള്‍ക്കൊണ്ടു തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. എന്നാല്‍ അതിനെതിരെയുണ്ടായ പ്രതികരണങ്ങള്‍ വാസ്തവത്തില്‍ വേദനാജനകം തന്നെയായി. അതേ സമയം അസഹിഷ്ണുതയുടെ വൈറസ്സുകള്‍ അന്തരീക്ഷത്തെ എത്രമാത്രം കലുഷമാക്കുന്നു എന്നതിന് അത് ഒന്നാന്തരം സൂചകവുമായി.
ഇനി എന്താ ഇതിനൊക്കെ കാരണം? നിലാവ് പുറത്തിറക്കിയത് ജന്മഭൂമിയാണ് അതു തന്നെ. ആദരവും, സ്നേഹവും, സൗഭ്രാത്രവും, ബഹുമാനവും മറ്റും കള്ളികളിലാക്കി വെക്കണമെന്നു കരുതുന്നവരോട് എന്തുപറയാന്‍. പിന്നെ ഇതില്‍ ആശ്വസിക്കാനുള്ളത് ഫെയ്സ്ബുക്കല്ലേ, ഓപ്പണ്‍ ഫോറമല്ലേ, ചര്‍ച്ച ചെയ്യട്ടെ എന്നു മാത്രം.
ഓര്‍ക്കാന്‍
കപടവിശ്വാസികളുടെ
ലക്ഷണം മൂന്നാണ്:
സംസാരിച്ചാല്‍ കളവുപറയും,
വാഗ്ദത്തം ചെയ്താല്‍
ലംഘിക്കും, വിശ്വസിച്ചാല്‍
ചതിക്കും
— മുഹമ്മദ് നബി
പ്രതികരിക്കാൻ ഇവിടെ എഴുതുക: