മണ്ണാര്‍ക്കാട്/അഗളി: ഒരാഴ്ചയായി തുടരുന്ന കാട്ടാനകളുടെ വിളയാട്ടത്തില്‍ ഭയന്ന് അട്ടപ്പാടി നിവാസികള്‍. ഒമ്മല , കണ്ടിയൂര്‍, ചിന്നപ്പറമ്പ്, കള്ളമല, ചോലക്കാട്, വണ്ടന്‍പാറ, മുക്കാലി, ആനമൂളി എന്നീ സ്ഥലങ്ങളില്‍ തമ്പടിച്ചിരിക്കുന്ന ആനക്കൂട്ടം ആണ് ഭീതി പരത്തുന്നത്.ആന ചവിട്ടി കൊന്ന ആനമൂളി സ്വദേശിനിയും , ആനയെ കണ്ട് പേടിച്ചോടിയപ്പോള്‍ നട്ടെല്ലിന് പരിക്കേറ്റ വണ്ടന്‍പാറ സ്വദേശി ഗോപിയുമെല്ലാം ആ ന ഭീതിയുടെ ആഴം കൂട്ടുന്നു.മണ്ണാര്‍ക്കാട്:
കഴിഞ്ഞദിവസം കാട്ടാനയുടെ ചവിട്ടേറ്റ് ആനമൂളിയിലെ തലച്ചിറ കല്ല്യാണി എന്ന ശോഭന(58) കൊല്ലപ്പെട്ടിരുന്നു. ആനമൂളി, തെങ്കര, മെഴുകുംപാറ എന്നിവിടങ്ങളില്‍ കാട്ടാന ഇറങ്ങുന്നത് പതിവാണ്.രണ്ട് വര്‍ഷം മുമ്പ് കാട്ടാനയുടെ അക്രമത്തില്‍ രണ്ട് ആദിവാസികള്‍ കൊല്ലപ്പെട്ടിരുന്നു. ആഴ്ച്ചകള്‍ക്ക് മുമ്പ്പാമ്പന്തോട് ഭാഗത്ത് നിന്നും ഒരുമാസം പ്രായമായ കാട്ടാനകുട്ടിയെ കുഴിയില്‍ അകപ്പെട്ട നിലയില്‍ വനംവകുപ്പ് അധികൃതര്‍ കണ്ടെത്തിയിരുന്നു. ദിവസങ്ങളോളം ആനമൂളി ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസില്‍ പരിചരിച്ച ആനകുട്ടിയെ പിന്നീട് വയനാട് മുത്തങ്ങയിലേക്ക് കൊണ്ടുപോയി.തള്ളയാനയും സംഘവുമാണ് ഇവിടെ കറങ്ങുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
എലഫെന്റ് സ്ക്വാഡും വനപാലകരും സജീവമായി രംഗത്തുണ്ടെങ്കിലും ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണവര്‍. പത്രവിതരണക്കാരും പാല് വിതരണക്കാരനുമെല്ലാം ജീവന് കൈയ്യിലെടുത്താണ് യാത്ര. കുട്ടികളെ സ്കൂളില്‍ വിട്ടാല്‍ അവര്‍ വീടണയുവോളം മാതാപിതാക്കളുടെ നെഞ്ചില്‍ തീയാണ്.
വനമൃഗങ്ങളുടെ ശല്യവും കൃഷിനാശവും സംഭവിച്ചവരെ സര്‍ക്കാര്‍ അവഗണിച്ചിരിക്കുകയാണ്. തെങ്കര, മെഴുകം,മേലാമുറി ഭാഗങ്ങളില്‍ തെങ്ങ്, വാഴ, കവുങ്ങ്, മറ്റു ഇടവിളകൃഷികള്‍ കാട്ടാനകള്‍ നശിപ്പിച്ചിരുന്നു. സ്ഥലംസന്ദര്ശിക്കുന്ന ഉദ്യോഗസ്ഥര്‍ നാശനഷ്ടം വിലയിരുത്തി പോവുകയല്ലാതെ ഇതുവരെ യാതൊരുവിധ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. നഷ്ടപരിഹാരം നല്കാന് ഫണ്ടില്ലെന്നാണ് അധികൃതരുടെ വാദം.കാട്ടാനശല്യം തടയുന്നതിന് വൈദ്യുത വേലി,ട്രഞ്ച് കുഴിക്കല്‍ എന്നിവ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സര്‍ക്കാര്‍ ഫണ്ടുലഭിച്ചാലെ ഇത്തരം സംവിധാനങ്ങള്‍ ചെയ്യാന്‍ കഴിയൂ.ഈ മാസം വനംവകുപ്പ് മന്ത്രി മണ്ണാര്‍ക്കാട് സന്ദര്‍ശിക്കുമ്പോള്‍ നിവേദനം നല്‍കാനിരിക്കുകയാണ് മലയോരകര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: