ബത്തേരി : ട്രേഡ് യൂണിയനുകള്‍ സമര്‍പ്പിച്ച അവകാശപത്രിക അംഗീകരിച്ച് എഴുതിനല്‍കിയ വാഗ്ദാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പാലിക്കണമെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി ആര്.രഘുരാജ് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളി സംഘടനകള്‍ക്ക് നല്കിയ വാക്ക് പാലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുവാനുള്ള തീരുമാനം റദ്ദാക്കുക, പിഎഫ്, ഇഎസ്ഐ തുടങ്ങിയ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുവാനുള്ള ശ്രമം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബിഎംഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശവ്യാപകമായി സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പരിപാടി.
ദേശീയ തലത്തില്‍ ഏകീകരിച്ച മിനിമം വേജസ് നിയമം കൊണ്ടുവരണം, നിര്‍ദ്ദിഷ്ട റോഡ് സേഫ്റ്റി കരട് ബില്ല് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കണം, കാലഹരണപ്പെട്ട തൊഴില്‍ നിമയങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും ബിഎംഎസ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് പി.കെ. അച്ചുതന് അദ്ധ്യക്ഷത വഹിച്ചു. പ്ലാന്റേഷന് മസ്ദൂര്‍ മഹാസംഘ് ദേശീയ സെക്രട്ടറി പി. ആര്,സുരേഷ്, ജില്ലാ സെക്രട്ടറി പി.കെ.മുരളീധരന്, കെ. കെ.പ്രകാശന്, ടി.നാരായണന്, പി.എസ്.ശശിധരന് മനോജ്, വിനോദ്കുമാര്‍, കെ. വി.സനല്‍കുമാര്‍, കെ.എന്‍.മുരളീധരന്, രാജന് പുതിയോണി, കെ.പി.രാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: