പത്തനാപുരം: എണ്ണപ്പാട്ടയില്‍ തല അകപ്പെട്ടുപോയ മരപ്പട്ടിയെ വനപാലകര്‍ രക്ഷപെടുത്തി. പുത്തൂര്‍ നെടിയവിള മഠത്തില്‍ പുത്തന്‍വീട്ടില്‍ മാത്യുവിന്റെ വീട്ടിലാണ് കഴിഞ്ഞ രാത്രി സംഭവം നടന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് എണ്ണപ്പാട്ടയില്‍ കുടുങ്ങി പ്രാണരക്ഷാര്‍ത്ഥം ശബ്ദം ഉണ്ടാക്കുന്ന ജീവിയെ കണ്ടത്. ഇതിനിടെ നാട്ടുകാരില്‍ ചിലരും സ്ഥലത്തെത്തി. പുലിക്കുട്ടിയാണെന്നും കാട്ടുപൂച്ചയാണെന്നും അഭിപ്രായമുണ്ടായതോടെ പത്തനാപുരം ഫോറസ്റ്റ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു.
വനപാലകരെത്തിയാണ് എണ്ണപ്പാട്ടയില്‍ കുടുങ്ങിയത് മരപ്പട്ടിയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ബ്ലയിഡ് ഉപയോഗിച്ച് എണ്ണപ്പാട്ടയുടെ ചുവട് ഭാഗം മുറിച്ചുമാറ്റി മരപ്പട്ടിയെ എണ്ണപ്പാട്ടയില്‍ നിന്ന് രക്ഷപ്പെടുത്തി. ഏകദേശം അഞ്ചുവയസ് പ്രായം വരുന്ന ആണ്‍ മരപ്പട്ടിയണിതെന്ന് വനപാലകര്‍ പറഞ്ഞു. തുടര്‍ന്ന് ഇരുമ്പുകൂട്ടിലാക്കിയ ശേഷം മരപ്പട്ടിയെ പത്തനാപുരം ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിച്ചു. മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ചാലിയക്കര മേഖലയിലെ വനത്തിനുള്ളില്‍ തുറന്നുവിടുമെന്ന് വനപാലകര്‍ അറിയിച്ചു.
















