പാലക്കാട്: ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങള്‍ കഞ്ചാവ് കടത്തിന്റെ കേന്ദ്രങ്ങളാകുന്നു. ജില്ലയുടെകിഴക്കന് മേഖലയിലെ ഊടുവഴികളിലൂടെയാണ് കേരളത്തിലേക്ക് ഒഴുകുന്നത്. ഇടുക്കിയില്‍ നിന്നു തേനി–കമ്പം വഴി പഴനിയിലും പൊള്ളാച്ചിയിലും എത്തിക്കുന്ന കഞ്ചാവാണ് മീനാക്ഷിപുരം, ഗോവിന്ദാപുരം, ഗോപാലപുരം, നടുപ്പുണ്ണി വഴി പാലക്കാട്ടെത്തുന്നത്. പൊള്ളാച്ചിയില്‍ നിന്നു പാലക്കാട്ടേക്കും തൃശൂരിലേക്കുമുള്ള ബസുകളിലും ഇരുചക്രവാഹനങ്ങളിലുമായാണ് കഞ്ചാവ് കടത്തുന്നത്.
കഞ്ചാവ് ബസില്‍ കയറ്റി വച്ചശേഷം ഏജന്റ് മറ്റൊരു ഭാഗത്തേക്കു മാറിയിരിക്കും. പരിശോധനയില്‍ കഞ്ചാവ് പിടിക്കപ്പെട്ടാല്‍ ആളെ പിടികിട്ടാതിരിക്കാനാണ് ഈ വിദ്യ. ആളില്ലാതെ പിടിക്കപ്പെട്ട നിരവധി കഞ്ചാവുകേസുകള്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായുണ്ട്. ഇരുചക്രവാഹനത്തില്‍ ചെക്പോസ്റ്റുകള്ക്കു സമീപത്തെ ഊടുവഴികളിലൂടെയും തോട്ടങ്ങളിലൂടെയും ജില്ലയിലേക്ക് കടക്കുന്നു. ഗോവിന്ദാപുരത്തു നിന്നു വരുന്നവര്‍ സമീപത്തെ മാവിന്തോട്ടങ്ങളിലൂടെയാണ് കടത്തുന്നത്.
മീനാക്ഷിപുരത്തുള്ളവര് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് നിര്‍ത്തിയിടുന്ന പ്രദേശത്തു നിന്നുള്ള ഊടുവഴിയിലൂടെ ചെക്പോസ്റ്റ് തൊടാതെ മൂലത്തറ സിസ്റ്റം റോഡിലൂടെ ചുങ്കം വഴി വണ്ണാമട–ചിറ്റൂര്‍ റോഡിലെത്തുന്നു. നാലാംമൈല്‍ ചെക്പോസ്റ്റ് തൊടാതെ കുറ്റിപ്പള്ളം വഴി നല്ലേപ്പിള്ളിയിലെത്തി പിന്നീട് ലക്ഷ്യസ്ഥാനത്ത് എത്തുന്നു.
ആര്‍വി പുതൂരിലും ഇതുതന്നെയാണ് സ്ഥിതി. പൊള്ളാച്ചിയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ താവളത്തെത്തി കോഴിക്കടത്തുകാര്‍ ചെക്പോസ്റ്റിനു സമാന്തരമായി നിര്‍മ്മിച്ച റോഡിലൂടെ ആര്‍വി പുതൂരിനു സമീപമെത്തി കരുമാണ്ടകൗണ്ടന്നൂര് റോഡ് വഴി ഗോപാലപുരം റോഡിലെത്തുന്നു. കൊഴി!ഞ്ഞാമ്പാറ വഴി പാലക്കാട്ടേക്കു പോകുന്നവഴിക്ക് അപ്പുപിള്ളയൂര്‍ ചെക്പോസ്റ്റിലും സമാന്തര റോഡുണ്ട്. അല്ലെങ്കില്‍ വെന്തപാളയം ഗണപതി കോവില്‍ വഴി കനാല്‍ ബണ്ടിലൂടെ ചെക്പോസ്റ്റ് തൊടാതെ അപ്പുപിള്ളയൂര്‍ റോഡിലെത്തുന്നു. നടുപ്പുണ്ണി വഴി വരുന്ന ഇരുചക്രവാഹനങ്ങള്‍ പഴയ ചന്ദന ഫാക്ടറി വഴി ചെക്പോസ്റ്റ് തൊടാതെ റോഡിലെത്തുന്നു.
ഇവിടെ നിന്നും കൊണ്ടുപോകുന്ന കഞ്ചാവിന്റെ പ്രധാന വിപണി തൃശൂര്‍, ചാവക്കാട്, എറണാകുളം, മലപ്പുറം, കോഴിക്കോട് പ്രദേശങ്ങളാണ്. വണ്ണാമടയിലുള്ള കഞ്ചാവ് ഏജന്റുമാരുടെ പ്രധാന ഉപഭോക്താക്കള്‍ സ്കൂള്‍ വിദ്യാര്‍ഥികളാണ്. വിവിധ സ്കൂളുകളില്‍ പഠിക്കുന്ന ഇവര്‍ക്കു കഞ്ചാവ് നല്‍കുന്നത് സമപ്രായക്കാരാണ്. കഞ്ചാവ് ആവശ്യമുള്ളവരെ പ്രദേശത്തെ തെങ്ങിന്‍തോപ്പുകളിലും പുഴയോരങ്ങളിലും അഞ്ചാംമൈല്‍ ഭാഗത്തുള്ള ഹെല്‍ത്ത് സെന്ററിനു സമീപത്തും എത്തിച്ചാണ് കഞ്ചാവ് നല്‍കുന്നത്.
വണ്ണാമട, കൊടുവായൂര്‍, പാലക്കാട്, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, ചെര്‍പ്പുളശേരി ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പനയ്ക്ക് ഏജന്റുമാരുണ്ട്. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തും സമീപ പ്രദേശങ്ങളിലുമായി പ്രതിദിനം ഒരു ലക്ഷം രൂപയുടെ കഞ്ചാവ് വില്‍ക്കുന്നതായാണ് എക്സൈസ് വിഭാഗം പറയുന്നത്. ഈ പ്രദേശങ്ങളിലെ കോളജ്, സ്കൂള്‍ എന്നിവ കേന്ദ്രീകരിച്ചാണ് വില്‍പ്പന നടത്തുന്നത്. അടുത്തകാലത്ത് ചിറ്റൂര്‍ സര്‍ക്കിളില്‍ മാത്രം പിടിയിലായത് 34 കിലോ കഞ്ചാവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: