മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത ശിശുക്കള്‍ക്ക് നല്കുന്ന പ്രതിരോധ കുത്തിവെപ്പുകള്‍ താളം തെറ്റുന്നതായി പരാതി. സംഭവത്തെത്തുടര്‍ന്ന് ശിശുരോഗ വിഭാഗം മേധാവി അവധിയെടുത്ത് മുങ്ങി. കമ്മ്യൂണിറ്റി മെഡിസിന് വിഭാഗത്തിലെ വിദഗ്ദ്ധ ഡോകടര്‍മാരും പ്രത്യേക പരിശീലനം നേടിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും നേഴ്സുമാരുമാണ് വര്‍ഷങ്ങളായി നവജാതശിശുക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തിവരുന്നത്. എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഇത്തരം പ്രതിരോധ കുത്തിവെപ്പുകള്‍ ശിശുരോഗവിഭാഗത്തിന് കൈമാറുകയായിരുന്നു. ഇതാണ് പ്രതിസന്ധിക്ക് കാരണമായി തീര്‍ന്നത്. ആശുപത്രി സൂപ്രണ്ടോ നേഴ്സിങ്ങ് സൂപ്രണ്ടോ അറിയാതെയാണ് ജൂണ്‍ ഒന്നുമുതല്‍ കുത്തിവെപ്പുകള്‍ മാറ്റിയത്. പ്രസവം നടന്നതിന് പിറ്റെ ദിവസം നല്‍കേണ്ട ബിസിജിയും പിന്നീട് പോളിയോ, ട്രിപ്ലിങ്ങ് ഇന്ഞ്ചക്ഷന്, മഞ്ഞപ്പിത്ത പ്രതിരോധം തുടങ്ങിയ ചികിത്സകളാണ് നവജാത ശിശുക്കള്‍ക്ക് നല്‍കേണ്ടത്. ഇവരുടെ തൂക്കവും ശരീരാവസ്ഥയും മനസ്സിലാക്കി മരുന്നുകളുടെ അളവുകളും മറ്റും കരുതലോടെ മാത്രമാണ് നല്‍കേണ്ടത്. ഇതിന് പ്രത്യേക പരിശീലനം സിദ്ധിച്ചവര്തന്നെയുണ്ട്. എന്നാല്‍ പുതിയ തീരുമാനം നടപ്പിലാക്കിയതോടെ ശിശുരോഗവിഭാഗത്തിലെ നേഴ്സുമാര്‍ പ്രതിരോധ മരുന്നുകള്‍ നല്കുവാന് വിസമ്മതം പ്രകടിപ്പിക്കുകയാണ്. ഇവര്‍ക്ക് കൃത്യമായ അറിയിപ്പ് ഇത് സംബന്ധമായി ലഭിച്ചിട്ടില്ലെന്നാണ് പറയപ്പെടുന്നത്. അതിനാല്‍ കഴിഞ്ഞ ഒരു മാസമായി ഹൗസ് സര്ജന്മാരാണ് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത്. എന്നാല്‍ ഇവര്‍ക്കാകട്ടെ ഇതിനുള്ള പരിശീലനം ലഭിച്ചിട്ടുമില്ല. അതിനാല്‍ പലരും കൃത്യമായ രീതിയിലല്ല ഡോസുകള്‍ നല്‍കുന്നതെന്ന് പറയപ്പെടുന്നു. ഇത് നവജാതശിശുക്കള്‍ക്ക് പിന്നീട് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇതെല്ലാം മനസ്സിലാക്കിയാണ് ശിശുരോഗവിഭാഗം മേധാവി ദീര്ഘാകാലാവധിയില് പ്രവേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: