നമ്മുടെ ജീവിതരീതികളാണ് ഇന്ന് ഏറ്റവും വലിയ വില്ലന്മാരായിത്തീര്ന്നിരിക്കുന്നത്. ജീവിതശൈലി രോഗങ്ങള്‍ക്കൊണ്ട് വിഷമിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, കരള്‍ രോഗങ്ങള്‍ എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. പിടിപെട്ടു കഴിഞ്ഞാല്‍ ചികിത്സിച്ചു മാറ്റുക ഏറെ വിഷമകരമായ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാന്‍ ജീവിതശൈലിയില്‍ തന്നെ ആരോഗ്യകരമായ ചിട്ടകള്‍ ഉള്‍പ്പെടുത്തുകയാണ് അഭികാമ്യം. വ്യായാമവും പ്രകൃതിഭക്ഷണ രീതിയുമെല്ലാം ഇതില്‍ വിലപ്പെട്ടപങ്കാണു വഹിക്കുന്നത്.
അതോടൊപ്പം, ഒറ്റമൂലികളായി ഉപയോഗിക്കാന്‍ പറ്റുന്ന ചില പ്രത്യേക ഔഷധങ്ങള്‍ക്കും പ്രമുഖ സ്ഥാനമുണ്ട്. നമ്മുടെ ദൈനംദിന ശീലങ്ങള്‍ മൂലം ശരീരത്തിനകത്തെ മര്‍മപ്രധാനമായ ചില അവയവങ്ങളുടെ കാര്യക്ഷമതയ്ക്ക് കോട്ടം തട്ടുമ്പോഴാണ് രോഗങ്ങളിലേക്കു നയിക്കുന്നവിധത്തില്‍ അവയില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ, പ്രസ്തുത അവയവങ്ങളുടെ കാര്യക്ഷമത നിലനിര്‍ത്താനുതകുന്ന പ്രകൃതിദത്ത ഔഷധങ്ങള്‍ വഴി രോഗത്തെ ചെറുക്കാം. പ്രാഥമിക ചികിത്സയെന്ന നിലയില്‍ ഇത് ഉപയോഗപ്പെടുത്താം.
അമിതമായ കൊളസ്ട്രോളും കരള്‍ രോഗങ്ങളും പ്രധാനമായും കരളിന്റെ പ്രവര്‍ത്തമാന്ദ്യം കൊണ്ടാണുണ്ടാകുന്നത്. പ്രമേഹത്തിന് ആഗ്നേയഗ്രന്ഥി (പാന്‍ക്രിയാസ്)യുടെ ക്ഷീണമാണു കാരണം. വൃക്കകള്‍ക്കും ഇതില്‍ പങ്കുണ്ട്. ഹൃദ്രോഗത്തിലും പ്രഷറിനും ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കുമാണു പ്രവര്‍ത്തനമാന്ദ്യമെങ്കിലും ആദ്യത്തെ പങ്ക് വയറിനാണ്. ഈ ഭാഗങ്ങളെ ഊര്‍ജവത്താക്കുകയാണു ഒറ്റമൂലികളുടെ ധര്‍മം.
ഒറ്റമമൂലികള്‍ ഒരിക്കലും ഒരു സമ്പൂര്‍ണ ചികിത്സയല്ല. പലപ്പോഴും രോഗലക്ഷണങ്ങളെ താല്‍ക്കാലികമായി ശമിപ്പിച്ചു നിര്‍ത്താനാണിവ ഉപയോഗിച്ചു വരുന്നത്. ഇവിടെയാകട്ടെ ശാരീരിക പ്രക്രിയകള്‍ക്ക് കരുത്തു പകരാനും.
ഒറ്റമൂലി എങ്ങനെ ഫലപ്രദമാകുന്നു?
ഒറ്റമൂലികളെ ഫലപ്രദമാക്കുന്നതു പ്രധാനമായും അതിലെ പ്രകൃതിദത്ത സ്റ്റിറോയ്ഡുകളുടെ സാന്നിധ്യമാണെന്ന് ആരോഗ്യരംഗത്ത് പരസ്യവിപ്ലവങ്ങള്‍ നടക്കുന്ന പുതിയ കാലത്തു കബളിപ്പിക്കല്‍ വ്യാപകമാണ്. ഒറ്റമൂലി പ്രയോഗങ്ങള്‍ രഹസ്യസൂത്രണങ്ങളല്ല, പഴയകാലത്തെ ജനകീയ അറിവുകളാണിവ. പ്രാഥമികചികിത്സയെന്ന നിലയിലും രോഗപ്രതിരോധ ഔഷധമെന്ന നിലയ്ക്കും ഇതിനു പ്രസക്തിയുണ്ട്. ചിലരില്‍ ഫലപ്രദമാവുന്ന ഒറ്റമൂലികള്‍ മറ്റുള്ളവര്‍ക്ക് ഗുണമാവണമെന്നുമില്ല.
ഒറ്റ മരുന്നാണെങ്കില്‍ പോലും അത് എത്ര അളവില്‍ വേണമെന്നും എത്രകാലം തുടരണമെന്നുമെല്ലാം ചികിത്സകന് രോഗിയെ പരിശോധിച്ചു രോഗിയുടെ അവസ്ഥയും രോഗതീവ്രതയും മറ്റും പരിഗണിച്ചശേഷമാണു തീരുമാനിക്കുന്നത്. അതിനാല്‍, ഇവയുടെ കൂടുതല്‍ ഉപയോഗങ്ങള്‍ വൈദ്യനിര്‍ദേശപ്രകാരം ആകുന്നതാണ് നല്ലത്.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍
അത്രമാത്രം അപകടകാരിയല്ല കൊളസ്ട്രോള്‍. പക്ഷേ, കരളിന്റെ പ്രവര്ത്ത വൈകല്യങ്ങള്‍ മൂലം ശരിയായ ഉപാപചയം നടന്നില്ലെങ്കില്‍ മലിനമായി അടിയുന്ന കൊളസ്ട്രോള്‍ മറ്റ് രോഗങ്ങളിലേക്ക് നയിക്കും. ഹൃദയത്തിലും രക്തക്കുഴലുകളിലും മറ്റും തടസങ്ങളുണ്ടാവാന്‍ ഇതു കാരണമായേക്കാം.
കൊളസ്ട്രോള്‍ അപകടകരമാവാതിരിക്കാന്‍ ശീലിക്കാവുന്ന ഒറ്റമൂലികള്‍ പലരിലും ഏറെ ഗുണം ചെയ്യുന്നതായി കണ്ടിട്ടുണ്ട്.
കറിവേപ്പിലയും വെളുത്തുള്ളിയും
കറിവേപ്പിലയും വെളുത്തുള്ളിയും ഇഞ്ചിയും കുറച്ചെടുത്ത് അരച്ച് ഒരു ഗ്ലാസ് മോരില്‍ കാച്ചിയെടുത്ത് ഇടയ്ക്കൊക്കെ കഴിക്കുന്നതു കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇതുതന്നെ അമിതമായി കൊളസ്ട്രോള്‍ ഉള്ളവരില്‍ എല്ലാ ദിവസവും കഴിക്കാം.
മുതിരച്ചാറും മല്ലിവെള്ളവും
മുതിര വെള്ളം ചേര്‍ത്ത് വേവിച്ച് അതിന്റെ ചാറ് ഒരു ഗ്ലാസ് വീതം തുടര്‍ച്ചയായി ഒരു മാസം സേവിക്കുന്നതും ഇഞ്ചിയും മല്ലിയും ചേര്‍ത്തു തിളപ്പിച്ച വെള്ളം ദാഹത്തിന് ഇടയ്ക്കിടയ്ക്കു കുടിക്കുന്നതും ശീലമാക്കിയാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാം.
ആര്യവേപ്പില പതിവായി കഴിക്കാം
അഞ്ച് ആര്യവേപ്പില വീതം കഴുകി വൃത്തിയാക്കിയെടുത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതും ഗുണം ചെയ്യും.
ഹൃദയത്തെ കാക്കും നീര്‍മരുത്
നാം ഉറങ്ങുമ്പോള്‍ പോലും തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സുപ്രധാന അവയവമാണ് ഹൃദയം. ആധുനിക ജീവിതശൈലിയിലെ അനാരോഗ്യ പ്രവണതകള്‍ ഹൃദയത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വ്യായാമക്കുറവും ദഹനവൈകല്യങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളുമൊക്കെയാണ് ഹൃദയത്തിന്റെ ശത്രുക്കള്‍. ഇവ ഹൃദയപേശികളെയും രക്തക്കുഴലുകളെയും ക്ഷീണിപ്പിച്ചു കൊണ്ടു ക്രമേണ എപ്പോള്‍ വേണമെങ്കിലും നിലച്ചുപോകത്തക്ക വിധം ഹൃദയത്തെ രോഗഗ്രസ്തമാക്കുന്നു. ചിട്ടയായ വ്യായാമവും കൃത്യമായ ഭക്ഷണശീലങ്ങളും സംഘര്‍ഷങ്ങളില്ലാത്ത മനസുമാണ് ഹൃദയത്തിന്റെ കാവല്ഭടന്മാര്. അതോടൊപ്പം പ്രകൃതിദത്തമായ ചില ഔഷധങ്ങള്‍ കൂടിയാവാം.
നീര്‍മരുത് കൊണ്ടൊരു ദാഹശമനി
നീര്‍മരുത് ഉണക്കിപ്പൊടിച്ചും കഷായം വച്ചു കുറുക്കിയും മറ്റു ഹൃദ്രോഗ ചികിത്സകള്‍ക്ക് ഇന്നും ഉപയോഗിക്കുന്നുണ്ട്. വളരെ ലളിതമായി ഇതു ശീലമാക്കാന്‍ പറ്റിയ മാര്‍ഗം കുടിവെള്ളമായിട്ടാണ്. നീര്‍മരുതിന്‍ തൊലി കഴുകി വൃത്തിയാക്കി ഉണക്കി ചെറിയ കഷണങ്ങളായി അരിഞ്ഞുവയ്ക്കുക. ഓരോ ദിവസവും ദാഹശമനി ഉണ്ടാക്കുമ്പോള്‍ അതില്‍ ഒരുപിടി ഇട്ടു തിളപ്പിക്കുക. ദാഹത്തിന് ഈ വെള്ളം കുടിക്കാനെടുക്കുക. ഹൃദയാരോഗ്യസംരക്ഷണത്തിന് ഇതു മുതല്‍ക്കൂട്ടാകും. ഏതെങ്കിലും തരത്തിലുള്ള ഹൃദ്രോഗം ബാധിച്ചിട്ടുള്ളവര്‍ക്കും മറ്റു മരുന്നുകളോടൊപ്പം ഇത് ഉപയോഗപ്പെടുത്താവുന്നതാണ്.
വെളുത്തുള്ളി പാല്‍ക്കഷായം
പാല്‍ക്കഷായമായി ഉപയോഗിക്കാന്‍ പറ്റിയ നല്ലൊരു ഒറ്റമൂലിയാണു വെളുത്തുള്ളി. തൊലി കളഞ്ഞ വെളുത്തുള്ളി 10 എണ്ണം ചതച്ച് കാല് ഗ്ലാസ് പാലും ഒരു ഗ്ലാസ് വെള്ളവും ചേര്‍ത്തു തിളപ്പിച്ച് കാല് ഗ്ലാസാക്കി വറ്റിച്ചു രാവിലെ പതിവായി വെറും വയറ്റില്‍ കഴിക്കുന്നതു ഹൃദയത്തില്‍ അനാവശ്യമായ കൊഴുപ്പടിയുന്നത് ഇല്ലാതാക്കി ഹൃദയപ്രവര്‍ത്തനം സുഗമമാക്കും. രോഗങ്ങളില്ലാത്തവരാണെങ്കില്‍ മഴക്കാലത്തും തണു പ്പുകാലത്തുമൊക്കെ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം സേവിക്കാം.
പ്രമേഹത്തിനെതിരെ ചിറ്റമൃതിന് നീര്
ആരോഗ്യകരമായ ഭക്ഷണശൈലിയും ആവശ്യത്തിന് വ്യായാമങ്ങളും ശീലമാക്കിയാല്‍ ഇതു പ്രതിരോധിക്കാം. അതോടൊപ്പം ഒറ്റ മരുന്നുകളും ഉപയോഗിക്കാം. പാരമ്പര്യമായി പ്രമേഹസാധ്യതയുള്ളവര്‍ക്ക് മുന്‍കരുതല്‍ അത്യാവശ്യമാണ്.
ചിറ്റമൃതിന് നീരും നെല്ലിക്കയും
തൊലി കളഞ്ഞ ചിറ്റമൃതിന്റെ തണ്ടും ഇലയും കഴുകി വൃത്തിയാക്കി ചതച്ചു നീരെടുത്ത് 10 മി.ലി വീതം രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ഗ്രന്ഥികളുടെ പ്രവര്‍ത്തനമികവ് നിലനിര്‍ത്തും. ആഴ്ചയിലൊരിക്കലെങ്കിലും ഇതു ശീലിക്കുന്നതു പ്രമേഹം വരാതിരിക്കാന്‍ ഫലപ്രദമാണ്.
നെല്ലിക്ക
ഒരു പിടി പച്ചമഞ്ഞള്‍ കഴുകി വൃത്തിയാക്കി, ചതച്ചു രണ്ടു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ചു ഒരു ലിറ്ററാക്കുക. അതില്‍ കുറച്ചു വൃത്തിയാക്കിയ നെല്ലിക്ക ഇട്ടുവയ്ക്കുക. ഇതു ദിവസവും ഒരെണ്ണം വീതം കഴിച്ചാല്‍ പ്രമേഹത്തെ പ്രതിരോധിക്കാം.
മുളപ്പിച്ച ഉലുവ
രണ്ടുപിടി ഉലുവ കഴുകി വൃത്തിയാക്കി വെള്ളത്തില്‍ കുതിര്‍ത്തുവച്ച് എടുത്ത് അരിച്ചു തുണിയില്‍ കെട്ടിവയ്ക്കുക. അടുത്ത ദിവസം മുള വന്ന ഉലുവ എടുത്തു ചൂടാക്കി തേങ്ങ ചേര്‍ത്തിളക്കി കഴിക്കാം.
കരള്‍രോഗങ്ങള്‍ക്ക് കീഴാര്‍നെല്ലി
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണു കരള്‍. മൊത്തത്തില്‍ ശരീരത്തിന്റെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്ന അവയവമെന്ന നിലയ്ക്ക് കരളിനെ കാത്തുസൂക്ഷിക്കേണ്ടത് ആരോഗ്യത്തിനും ആയുസിനും അത്യന്താപേക്ഷിതമാണ്.
മഞ്ഞപ്പിത്തത്തില്‍ വളരെ പഴയ കാലം മുതല്‍ ഫലപ്രദമായി ഉപയോഗിച്ചു വരുന്ന ഒരു ഒറ്റമൂലിയാണ് കീഴാര്‍നെല്ലി. ഈ ചെടി സമൂലം പറിച്ചെടുത്തു കഴുകി വൃത്തിയാക്കി അരച്ചുരുട്ടി ഒരു നെല്ലിക്കാവലിപ്പത്തില്‍ പാലിന്‍വെള്ളത്തില്‍ ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നതാണ് രീതി. കരളിലെ കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇവയ്ക്കു സവിശേഷമായ കഴിവാണുള്ളത്.
നീര്‍ക്കെട്ടകറ്റാന്‍ ചിറ്റമൃത്
കരളിലെ നീര്‍ക്കെട്ടുകളെ ശമിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഒറ്റമൂലി ചിറ്റമൃതാണ്. കൃത്യമായ രോഗനിര്‍ണയത്തിനു ശേഷം ചിറ്റമൃതിന്റെ തൊലി കളഞ്ഞ തണ്ടും ഇലയും കഴുകി ചതച്ചു നീരെടുത്തോ കഷായം വച്ചോ കഴിക്കുന്നതു പലരിലും അത്ഭുതകരമായ ഫലമാണു കാണിച്ചിട്ടുള്ളത്.
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ മുരിങ്ങയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: