കഴിഞ്ഞ ഓണക്കാലത്ത് കാവാലം നാരായണപ്പണിക്കരുടെ, കാവാലത്തെ പമ്പയാറിന് തീരത്തുള്ള ‘ശ്രീഹരി’യിലേക്ക് ഒരതിഥിയെത്തി. അദ്ദേഹം സംവിധാനം ചെയ്ത കാളിദാസന്റെ ശാകുന്തളത്തില്‍ ശകുന്തളയായി അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന് ആ യുവതി അറിയിച്ചു. അച്ഛനോടൊപ്പം തന്നെക്കാണാനെത്തിയ അതിഥിയെ കാവാലം നിരാശപ്പെടുത്തിയില്ല. അദ്ദേഹം സമ്മതമറിയിച്ചു. മുന്നിലിരിക്കുന്നത് നിസ്സാരക്കാരിയല്ലെന്നും അവളില്‍ തന്റെ ശകുന്തള ഭദ്രമായിരിക്കുമെന്നും ആ നാടകാചാര്യന് ഉറപ്പുണ്ടായിരുന്നു.
നാടകക്കാര് സിനിമയിലേക്ക് പോകാന്‍ തത്രപ്പെടുമ്പോള്‍ നാടകത്തിലേക്ക് അവസരം ചോദിച്ചു വന്നത് മലയാളിയുടെ സ്വന്തം മഞ്ജുവാര്യരായിരുന്നു.
ശകുന്തളയാവാന്‍ തയ്യാറായിക്കൊള്ളൂവെന്ന് പണിക്കരാശാന് അറിയിച്ചപ്പോള്‍ ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കി ഉടന്‍ എത്താമെന്നറിയിച്ചാണ് മഞ്ജു ‘ശ്രീഹരി’യില്‍ നിന്നിറങ്ങിയത്. ഈവര്‍ഷം ജനുവരിയോടെ മഞ്ജു മടങ്ങിയെത്തി. ഇത്തവണ തിരുവനന്തപുരം തൃക്കണ്ണാപുരത്തുള്ള കാവാലത്തിന്റെ സോപാനം നാടകക്കളരിയിലായിരുന്നു ചര്‍ച്ചകള്‍. തീരുമാനപ്രകാരം ഏപ്രില്‍ മാസത്തില്‍ തുടര്‍ച്ചയായി രണ്ടാഴ്ചകളില്‍ കൃത്യമായെത്തി റിഹേഴ്സല്‍ ചെയ്തു.
അപ്പോള്‍ പൂര്‍ണമായും രോഗാവസ്ഥയിലേക്ക് കാവാലം നാരായണപ്പണിക്കര്‍ കടന്നിരുന്നില്ല. ഇടയ്ക്കൊക്കെ പരിശീലനക്കളരിയിലെത്തി അദ്ദേഹം മഞ്ജുവിന്നിര്ദ്ദേശങ്ങള് നല്കി. പറഞ്ഞുകൊടുക്കുന്നതെന്തും അതേപടി ഉള്‍ക്കൊള്ളുന്ന തന്റെ പുതിയ ശിഷ്യയെ അദ്ദേഹത്തിന് നന്നേ ഇഷ്ടപ്പെട്ടു. ജൂലൈയില്‍ തിരുവനന്തപുരത്തെ ടാഗോര്‍ തിയേറ്ററില്‍ നാടകം അവതരിപ്പിക്കണമെന്നായിരുന്നു പണിക്കരാശാന്റെ ആഗ്രഹം. അത് നടക്കുമെന്നുതന്നെ ഉറച്ചുവിശ്വസിക്കുകയും ചെയ്തു.
ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നതിന്റെ പരിഭ്രമത്തോടെയാണ് മഞ്ജു റിഹേഴ്സലിനെത്തിയത്. ശാകുന്തളം അവതരിപ്പിക്കപ്പെടുന്നതാവട്ടെ സംസ്കൃത ഭാഷയിലും. പക്ഷേ റിഹേഴ്സല്‍ ക്യാമ്പിലുള്ളവരെ എല്ലാവരേയും അത്ഭുതപ്പെടുത്തി മഞ്ജുവിലെ നടി ഉണരുകയായിരുന്നു. നാടകത്തില്‍ ആദ്യമായിട്ടാണ് എന്ന് തോന്നാത്തവിധത്തിലുള്ള അഭിനയം.
സംഭാഷണങ്ങള്‍ കാണാതെ പഠിക്കുന്നതിലും വേഗത്തില്‍ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതിലും മികവുകാട്ടി, മഞ്ജു.
ഡേറ്റ് തീരുമാനിച്ച് തിയേറ്റര്‍ ബുക്ക് ചെയ്താല്‍, അതിന് മുമ്പ് ഒരുമാസത്തെ ഇടവേള കിട്ടും, പഠിയ്ക്കാനുള്ള സമയവും കിട്ടും എന്നറിയിച്ചപ്പോള്‍, ആത്മവിശ്വാസം വന്ന്, നാടകം ചെയ്യാന്‍ സാധിക്കുമെന്ന് സ്വയം ബോധ്യപ്പെട്ടിട്ടുമതി ഡേറ്റ് തീരുമാനിക്കുന്നതെന്ന നിര്‍ദ്ദേശമാണ് മഞ്ജു മുന്നോട്ടുവച്ചത്. തിയേറ്റര്‍ ബുക്ക് ചെയ്യുന്നതിന് പ്രയാസം നേരിട്ടാല്‍ അതിന് പരിഹാരം താന്‍ തന്നെ കാണുമെന്ന ഉറപ്പും നല്കി.
റിഹേഴ്സലിന് മുമ്പ് ആശാന്റെ പാദങ്ങളില്‍ തൊട്ട് അനുഗ്രഹം നേടിയാണ് മഞ്ജു ശകുന്തളയായി മാറിയത്. ആരോഗ്യസ്ഥിതി മെച്ചമല്ലാത്തതിനാല്‍ റിഹേഴ്സലിലുടനീളം അവര്‍ക്കൊപ്പം സമയം ചെലവിടാന്‍ പണിക്കരാശാന് സാധിച്ചിരുന്നില്ല. അദ്ദേഹവുമായി ചര്‍ച്ച ചെയ്തശേഷം മറ്റ് ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്നാണ് മഞ്ജുവിനെ പഠിപ്പിച്ചത്.
നാടക രചനയില്‍ സംഗീതരസം കൂടി ചേരുമ്പോള്‍ കേവലം സംഭാഷണങ്ങള്‍ മാത്രമല്ല, കാവ്യാത്മകമായ ശ്ലോകങ്ങള്‍കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ കഥാപാത്രം തന്നെ അത് താളബോധത്തോടും ശ്രുതിബോധത്തോടും ചൊല്ലേണ്ടതുണ്ട്. അതിനൊരു രാഗധാരയുണ്ട്. അതുകൊണ്ടുതന്നെ കാവാലത്തിന്റെ നാടകങ്ങള്‍ വേദിയില്‍ അഭിനയിച്ചുഫലിപ്പിക്കുകയെന്നത് ഒരു വെല്ലുവിളിയാണ്. ആ വെല്ലുവിളിയേറ്റെടുത്തുകൊണ്ടാണ് മഞ്ജു ശകുന്തളയാകുന്നത്.
താനൊരു മികച്ച നടിയാണെന്ന ഭാവമൊട്ടുമില്ലാതെയാണ് മഞ്ജു പരിശീലനക്കളരിയിലെത്തിയിരുന്നതെന്ന് ശാകുന്തളത്തില്‍ ദുഷ്യന്തന്റെ വേഷം അവതരിപ്പിക്കുന്ന ഗിരീഷ് സോപാനം പറയുന്നു. കൂടെമറ്റാരും ഇല്ലാതെ പരിശീലനത്തിനെത്തുന്ന മഞ്ജു, സോപാനത്തിലെ മറ്റംഗങ്ങളെപ്പോലെതന്നെയാണ് എല്ലാവരോടും പെരുമാറിയിരുന്നത്. റിഹേഴ്സലിന്റെ ഫോട്ടോ എടുക്കുന്നതിനുപോലും വിസമ്മതമായിരുന്നു. പരിശീലനത്തെ തടസ്സപ്പെടുത്തുന്ന ഒന്നിനേയും പ്രോത്സാഹിപ്പിച്ചില്ല. ഒരു നിമിഷംപോലും വിശ്രമത്തിനായും കളഞ്ഞില്ല.
വിയര്ത്തൊലിച്ചാല് പോലും അതൊന്നും കാര്യമാക്കാതെ പരിശീലനം തുടര്‍ന്ന മഞ്ജുവിന് കലയോട് അത്ര അര്പ്പണഭാവമാണെന്നും ഗിരീഷ് സോപാനം പറയുന്നു. അവരോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതിലുള്ള സന്തോഷവും അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. മൂന്നു പതിറ്റാണ്ടായി സോപാനത്തിലെ കലാകാരനായ ഗിരീഷ് നാരായണപ്പണിക്കര്‍ക്ക് പ്രിയശിഷ്യനായിരുന്നു. 34 വര്‍ഷം മുമ്പ് ഈ നാടകം ആദ്യം അരങ്ങത്തെത്തിയപ്പോള്‍ ശകുന്തളയായ സോപാനത്തിന്റെ മോഹിനിയും മഞ്ജുവിനെ സഹായിച്ചു. എന്നല്ല, സോപാനം നാടകസംഘത്തിലെ മുഴുവന്‍ പേരും.
ശകുന്തളയായി വേദിയിലെത്തുമ്പോള്‍ അതുകാണാന്‍ ഗുരു ഇല്ലല്ലോയെന്ന വേദനയുണ്ട് മഞ്ജു വാര്യര്‍ക്ക്. ശകുന്തളയെ മഞ്ജുവിലേക്ക് മുല്ലവള്ളിപോലെ പടര്ത്തിവിട്ടിട്ട് കാവാലം വിടവാങ്ങിയിരിക്കുന്നു. ഉജ്ജയിനിയിലേയും ദല്‍ഹിയിലേയും വേദികള്‍ അദ്ദേഹം തന്നെ ശിഷ്യയ്ക്കായി ബുക്ക് ചെയ്തു. എന്നാലിപ്പോള്‍ താന്‍ ശകുന്തളയെ അവതരിപ്പിക്കുന്നത് കാണാന്‍ ഏറെ ആഗ്രഹിച്ചിരുന്ന ഗുരുവിന്റെ അനുഗ്രഹം കൂടെയുണ്ടെന്ന ഉറച്ചവിശ്വാസത്തിലാണ് മഞ്ജു മുന്നോട്ടുപോകുന്നത്.
ജൂലൈ രണ്ടാം വാരം ടാഗോര്‍ തീയേറ്ററില്‍ ശാകുന്തളം അവതരിപ്പിക്കപ്പെടും. അതിനും 10 ദിവസം മുമ്പ് വീണ്ടും പരിശീലനം ഉണ്ടാവും. തനിക്ക് ആ ഗുരുവിന് നല്കാന് സാധിക്കുന്ന ഏറ്റവും മികച്ച ഗുരുദക്ഷിണ ശകുന്തളയ്ക്ക് പൂര്‍ണത നല്‍കുകയെന്നതാണെന്നും മഞ്ജുവിനറിയാം. അതുതന്നെയാവും അദ്ദേഹത്തിന്റെ ആത്മാവിനെ സാന്ത്വനിപ്പിയ്ക്കുന്ന പ്രണാമവും. കാലം യവനികയിട്ടു മറച്ചാലും, ഈ ശകുന്തളയെ കാണാന്‍ ആശാന് വരാതിരിയ്ക്കില്ല; കാരണം, അദ്ദേഹം യഥാര്‍ത്ഥ സൂത്രധാരനാണല്ലോ….
ശാകുന്തളത്തിലേക്ക്…
1982 ലാണ് കാളിദാസന്റെ ശാകുന്തളം കാവാലം നാരായണപ്പണിക്കര്‍ സംവിധാനം ചെയ്ത് വേദിയില്‍ അവതരിപ്പിക്കുന്നത്. ഉജ്ജയിനിയില്‍ നടന്ന കാളിദാസ സമാരോഹ് ഫെസ്റ്റിവലിലാണ് അത് അവതരിപ്പിച്ചത്. 13 വയസ് മാത്രം പ്രായമുള്ള മോഹിനിയായിരുന്നു ശകുന്തളയായി രംഗത്തെത്തിയത്. നാടകത്തിന് കാലപ്രമാണം എന്നൊന്നില്ല എന്ന വിശ്വാസക്കാരനായിരുന്നു കാവാലം. അതിനാല്‍ തന്നെ 82 ല്‍ രംഗത്തവതരിപ്പിച്ച ശാകുന്തളമല്ല ഇനി വേദിയിലെത്താന്‍ പോകുന്നതും. കാലപ്രവാഹത്തിനനുസരിച്ചുള്ള പുതുമയോടെയാണ് അവതരിപ്പിക്കപ്പെടുന്നത്.
ഒരു ചെടിയ്ക്കുണ്ടാകുന്ന വളര്‍ച്ചപോലെതന്നെ നാടകവും വളരുന്നു. അതല്ല എങ്കില്‍ നാടകത്തിനും വളര്‍ച്ചയില്ല എന്നര്ത്ഥമാക്കേണ്ടിവരും. വര്‍ഷങ്ങള്‍ക്ക് മുമ്പ് വേദിയില്‍ അവതരിപ്പിച്ച അതേ നാടകം തന്നെ ഇന്നും അവതരിപ്പിച്ചാല്‍ അത് ആസ്വാദകന് രസിക്കണമെന്നില്ല.
നാടകത്തിന്റെ ഭാഷ സംസ്കൃതം ആകയാല്‍ ജനങ്ങള്‍ക്ക് മനസ്സിലാവില്ലെന്ന ധാരണയെ ഖണ്ഡിക്കുകയായിരുന്നു കാവാലം തന്റെ സംസ്കൃത നാടകങ്ങളിലൂടെ ചെയ്തത്. ദൃശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള അവതരണം. കഥാപാത്രങ്ങളുടെ ചലനങ്ങള്‍പോലും ആസ്വാദകരുമായി ആശയവിനിമയം നടത്തുമ്പോള്‍ ഭാഷ ആസ്വാദനത്തിന് തടസ്സമാവില്ലെന്ന് അദ്ദേഹം തന്റെ നാടകങ്ങളിലൂടെ സമര്‍ത്ഥിച്ചു.
ആംഗികം, വാചികം, ആഹാര്യം, സാത്വികം എന്നീ നാലുതരത്തിലുള്ള അഭിനയ വിഭാഗങ്ങളെ സമന്വയിപ്പിച്ചുകൊണ്ടാണ് കാവാലത്തിന്റെ നാടകങ്ങള്‍ അരങ്ങിലെത്തുന്നത്.
1982 ല്‍ ശാകുന്തളം അരങ്ങിലെത്തുമ്പോള്‍ ജി. അരവിന്ദനായിരുന്നു കോസ്റ്റിയൂം തയ്യാറാക്കിയത്. അതിന് കുറച്ചൊക്കെ മാറ്റം വരുത്തിയിട്ടുണ്ട് ഇപ്പോള്‍. തിരുവനന്തപുരം ഫൈന്‍ ആട്സ് കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ മുരളി ചന്ദ്രനാണ് ശകുന്തളയായി രംഗത്തെത്തുന്ന മഞ്ജുവിനും മറ്റു കഥാപാത്രങ്ങള്‍ക്കും കോസ്റ്റിയൂം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
30 വര്‍ഷത്തോളമായി കാവാലത്തിന്റെ നിഴല്‍പോലെ കൂടെയുള്ള ഗിരീഷ് സോപാനമാണ് ദുഷ്യന്തനെ അവതരിപ്പിക്കുന്നത്. കര്‍ണഭാരത്തില്‍ കര്‍ണനായും, കാളിദാസ നാടകങ്ങളായ വിക്രമോര്‍വശീയത്തില്‍ നായകന് കേശിയായും, മാളവികാഗ്നിമിത്രത്തില്‍ വിദൂഷകനായും പ്രതിമാനാടകത്തില്‍ ദശരഥനായും തെയ്യത്തെയ്യത്തില് രാമുണ്ണിയായും കലിവേഷത്തില്‍ നടനായും കരിങ്കുട്ടിയില് കരിങ്കുട്ടിയായും കാലനെത്തീനിയില് നാറാണത്ത് ഭ്രാന്തനായും കല്ലുരുട്ടിയില് ഉഗ്രാസിയെന്ന വില്ലനായും അഭിനയപാടവം കാഴ്ചവെച്ച നടനാണ് ഗിരീഷ് സോപാനം.
ശാകുന്തളം സംസ്കൃത നാടകത്തില്‍ ശകുന്തളയുടെ വളര്‍ത്തമ്മ ഗൗതമിയായി മോഹിനി വിനയനും കണ്വനായി നടന് കൃഷ്ണന്‍കുട്ടി നായരുടെ മകന് ശിവകുമാറും വേദിയിലെത്തുന്നു. കൃഷ്ണയും കീര്‍ത്തനയുമാണ് ശകുന്തളയുടെ തോഴിമാരായ അനസൂയയേയും പ്രിയംവദയേയും അവതരിപ്പിക്കുന്നത്. ദുര്‍വാസാവായി കോമളന് നായരും മുക്കുവനായി മണികണ്ഠനും, മുനികുമാരന്മാരായി ശ്രീകാന്തും ഷാരോണും, മാനായി രഘുനാഥും രംഗത്തെത്തുന്നു. വായ്പ്പാട്ട്: അനില്‍കുമാര്‍ പഴവീട്. പക്കമേളം: രാംദാസ്, മനേക് ഷാ. വീണ: സൗന്ദര് രാജന്. വെളിച്ചം ഒരുക്കിയിരിക്കുന്നത് അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധേയനായ ലൈറ്റ് ഡിസൈനര്‍ ശ്രീകാന്ത്. ഒന്നര മണിക്കൂറാണ് നാടകത്തിന്റെ ദൈര്‍ഘ്യം.
പഴയ ശാകുന്തളത്തില്‍ നിന്ന്
ശകുന്തളയായി വന്ന മോഹിനി
കാവാലം ആദ്യമായി ശാകുന്തളം വേദിയിലേക്കെത്തിക്കുമ്പോള് അന്ന് ശകുന്തളയായത് ഒരു പതിമൂന്നുകാരി പെണ്‍കുട്ടിയാണ്. കൗമാരത്തിലേക്ക് കാലൂന്നുന്നവളുടെ നിഷ്കളങ്കതയോടെ ആ പെണ്‍കുട്ടി ശകുന്തളയെ അവതരിപ്പിച്ചു. ആശാന് പറഞ്ഞുകൊടുക്കുന്നത് അതേപോലെ ഫലിപ്പിക്കുകയായിരുന്നു ആ കുട്ടി.
മോഹിനി വിനയനായിരുന്നു അന്ന് ശകുന്തളയെ അവിസ്മരണീയമാക്കിയത്. നൃത്തത്തിന്റെ വഴി തിരഞ്ഞെടുത്ത മോഹിനിയെ നൃത്താധ്യാപികയായ വസന്ത ഗോപാലകൃഷ്ണനാണ് കാവാലത്തിന്റെ മുന്നിലെത്തിച്ചത്. അന്ന് ശാകുന്തളം ചെയ്യാനുള്ള പ്രാരംഭ നടപടികളില്‍ ഏര്‍പ്പെട്ടിരുന്ന കാവാലത്തിന് മുന്നിലെത്തിയ മോഹിനിയെ ആദ്യം പ്രിയംവദയായും പിന്നീട് അനസൂയയായും നിശ്ചയിച്ചു. ഏറ്റവും ഒടുവില്‍ ശകുന്തളയെ മോഹിനിതന്നെ അവതരിപ്പിച്ചാല്‍ മതിയെന്ന തീരുമാനത്തിലുമെത്തി.
‘അക്ഷരശുദ്ധിയോടെ സംസാരിക്കാനറിയാം എന്നതുമാത്രമായിരുന്നു അന്ന് കൈമുതല്‍. ശകുന്തളയുടെ സ്വഭാവം എത്തരത്തിലായിരിക്കും എന്നെല്ലാം ഗുരു പറഞ്ഞുതരും. അതേപോലെ അഭിനയിക്കുകമാത്രമായിരുന്നു എന്റെ ജോലി’യെന്ന് മോഹിനി പറയുന്നു. നോണ്‍ റിയലിസ്റ്റിക് ആയിരുന്നു നാടകം. കുറച്ചൊക്കെ ഈണത്തിലാണ് സംഭാഷണം. പുതിയ മേഖലയില്‍ ചെന്നുപെട്ടതിന്റെ പരിഭ്രമം ഓരോ വേദിയും പിന്നിടുമ്പോള്‍ മാറി. നാടകത്തിനും അതേപോലെ തന്നെ മാറ്റം ഉണ്ടാവും, മോഹിനി പറയുന്നു.
1982 നവംബറില്‍ ഉജ്ജയിനിയിലായിരുന്നു ശാകുന്തളം ആദ്യമായി അവതരിപ്പിച്ചത്. 83 ല്‍ ദില്ലിയില്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ നാടകോത്സവത്തിലും ശാകുന്തളം അവതരിപ്പിച്ചു. അന്ന് പ്രിയംവദയും അനസൂയയുമായി നേരത്തെ നിശ്ചയിച്ചിരുന്ന കുട്ടികള്‍ക്ക് എത്താന്‍ സാധിച്ചില്ല. അവര്‍ക്കുപകരം ആ വേഷം ചെയ്തത് തന്റെ ഇരട്ടസഹോദരിയായ മാലിനിയും ഇളയ സഹോദരി ദയയുമായിരുന്നു. ഇതേപ്പറ്റി ചിലര്‍ സംവിധായകന് നാരായണപ്പണിക്കരാശാനോടു സംശയം ചോദിച്ചപ്പോള്‍ ശകുന്തളയ്ക്കും തോഴിമാര്‍ക്കും ഏകദേശം ഒരേപ്രായം തന്നെയാണെന്നാണ് അദ്ദേഹം മറുപടി നല്‍കിയതെന്നും മോഹിനി ഓര്‍ക്കുന്നു.
ജോലിയുള്ളവരായിരുന്നു നാടകത്തില്‍ ഒപ്പമുണ്ടായിരുന്നത്. അതിനാല്‍ സ്കൂള്‍വിട്ടശേഷം രാജാകേശവദാസ് സ്കൂളില്‍ വച്ചായിരുന്നു റിഹേഴ്സല്‍ നടന്നിരുന്നത്. പരിശീലനം രാത്രി ഒമ്പതു മണി വരെ നീളും. ഓരോ ചെറിയ കാര്യത്തില്‍പോലും അദ്ദേഹം അതീവശ്രദ്ധപുലര്‍ത്തിയിരുന്നു. ദേഷ്യപ്പെട്ടോ ശകാരിച്ചോ ഒന്നും ആയിരുന്നില്ല അദ്ദേഹം ഉദ്ദേശിക്കുന്ന തലത്തിലേക്ക് കഥാപാത്രങ്ങളെ എത്തിച്ചിരുന്നത്. 1985 വരെ ശകുന്തളയായി അരങ്ങിലെത്തി. വിവാഹശേഷം സഹോദരി മാലിനി വിജയകുമാറും ശകുന്തളയായി. അതിനുശേഷം തന്റെ ശിഷ്യയായ സരിത സോപാനമാണ് ആ വേഷം ചെയ്തത്. ഇപ്പോള്‍ മഞ്ജു വാര്യരും.
ഓരോ കാലത്തിനനുസരിച്ചും കാവാലം സാറിന്റെ നാടകത്തിനും വളര്‍ച്ചയുണ്ടായിട്ടുണ്ട്. നേടുന്ന അറിവ് അദ്ദേഹം കലയിലും പ്രയോഗിച്ചു. പുതുമകളോടെ വീണ്ടും വേദിയിലെത്തുന്ന ശാകുന്തളത്തില്‍ ഗൗതമിയുടെ വേഷമാണ് േമാഹിനിയ്ക്ക്. മഞ്ജുവിനൊപ്പമുള്ള അഭിനയത്തെക്കുറിച്ചും മോഹിനിക്ക് പറയാനുണ്ട്. ‘വല്യനടിയാണെന്ന തോന്നല്‍ മഞ്ജു ആരിലും ഉളവാക്കിയിട്ടില്ല. വളരെപെട്ടെന്ന് കാര്യങ്ങള്‍ നിരീക്ഷിച്ച് ശകുന്തളയെ അവരുടേതായ രീതിയില്‍ അഭിനയിച്ച് ഫലിപ്പിക്കുകയാണ് ചെയ്യുന്നത്. തനിക്ക് ഇക്കാലത്താണ് ശകുന്തളയെ അവതരിപ്പിക്കാന്‍ കിട്ടുന്നതെങ്കില്‍ എപ്രകാരമാണോ അവതരിപ്പിക്കുക അപ്രകാരമാണ് മഞ്ജു അഭിനയിക്കുന്നതെന്ന് തോന്നിയിട്ടുണ്ടെ’ന്നും മോഹിനി പറയുന്നു.
കഥാപാത്രങ്ങളുടെ ആഴം കൂടുതല്‍ മനസ്സിലാക്കാന്‍ ഇന്ന് സാധിക്കുന്നുണ്ട്. ‘കാവാലം സാര്‍ പറയാതെ തന്നെ അദ്ദേഹത്തിന്റെ മനസ്സ് മനസ്സിലാക്കി അഭിനയിക്കാന്‍ സാധിച്ചു. കലാകാരിയെന്ന നിലയില്‍ അതാണ് തന്റെ വളര്‍ച്ച’യെന്നും അവര്‍ പറയുന്നു. മകനുണ്ടായ ശേഷം വീണ്ടും അഭിനയക്കളരിയിലെത്തിയ മോഹിനിക്ക് അഭിനയത്തോട് അത്രയ്ക്കുണ്ട് കമ്പം.
ശാകുന്തളം നാടകവുമായി മോഹിനിയുടെ കുടുംബത്തിനുമുണ്ട് ബന്ധം. അരവിന്ദന് ഡിസൈന്‍ ചെയ്ത കോസ്റ്റിയൂം തയ്യാറാക്കിയത് മോഹിനിയുടെ അച്ഛന് ആര്. പങ്കജാക്ഷന് നായരായിരുന്നു. മഞ്ജുവിന്റെ കൂടെ പ്രിയംവദയായി അരങ്ങിലെത്തുന്നത് സഹോദരി ദയാ രവീന്ദ്രന്റെ മകള്‍ കീര്‍ത്തനയാണ്. ഭാസന്റെ കര്‍ണഭാരത്തിന് കാവാലം നാടകാവിഷ്കാരം നല്കി മോഹന്‍ലാല്‍ കര്‍ണനായി അരങ്ങത്തെത്തിയപ്പോള്‍ കുന്തിയായി രംഗത്തെത്തിയത് മോഹിനിയാണ്.
പിതൃതുല്യമായ വാത്സല്യം പകര്‍ന്നുനല്‍കിയ ഗുരുനാഥനെക്കുറിച്ച് പറയുമ്പോള്‍ മോഹിനിയുടെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. ഒരിടത്തും അടങ്ങിയിരിക്കാന്‍ ഇഷ്ടപ്പെടാത്ത സദാകര്മനിരതനായിരുന്നു അദ്ദേഹം. സ്വന്തം വീട്ടുകാരോടൊത്ത് കഴിഞ്ഞിരുന്നതിനേക്കാള്‍ കൂടുതല്‍ സമയവും ചിലവഴിച്ചിരുന്നത് തന്റെ ഗുരുവിനൊപ്പമായിരുന്നുവെന്നും അവര്‍ പറയുന്നു. വീട്ടില്‍ നിന്നിറങ്ങി സോപാനത്തിലെത്തിയാലും അവിടെയും തനിക്ക് ഒരച്ഛനും അമ്മയുമുണ്ടായിരുന്നു. വീടിനോട് ചേര്‍ന്നായിരുന്നു പരിശീലനക്കളരിയും.
കളരിയായിരുന്നു അദ്ദേഹത്തിന്റെ ഊര്‍ജ്ജവും മരുന്നും. പരിശീലനത്തിനിടയില്‍ ഒരു പിഴവുപറ്റിയാല്‍ വീട്ടില്‍ കിടക്കുന്ന അദ്ദേഹം അതറിയും. പിന്നെ ഉടന്‍ വിളിയെത്തും. കൂടുതല്‍ അവശതയായപ്പോള്‍ മാത്രമാണ് വയ്യാതായി എന്ന തോന്നല്‍ ഉണ്ടാകുന്നതുതന്നെ. ഒരു മലയാള നാടകം എഴുതി പൂര്‍ത്തിയാക്കിയിരുന്നു, ഋതംഭരം. ‘വേഗം എഴുന്നേല്‍ക്ക് അത് നമുക്ക് അവതരിപ്പിക്കണ്ടെ’യെന്ന് ചോദിക്കുമായിരുന്നുവെന്നും മോഹിനി പറയുന്നു.
കാവാലത്തിന്റെ വിയോഗം ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. പ്രായമായെങ്കിലും ഇനിയും അദ്ദേഹത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. ആ ശരീരം കൂടെയില്ലെങ്കിലും ഊര്‍ജ്ജമായി എന്നും ഒപ്പമുണ്ടാകും. അദ്ദേഹത്തിന്റെ കൊച്ചുമകള്‍ കല്യാണിയാവും ഇനി സോപാനത്തെ നയിക്കുക.
തന്റെ മരണം പോലും ആഘോഷമാക്കണമെന്ന് പറഞ്ഞ ഗുരുവിന് മുന്നില്‍ സംഗീതം കൊണ്ട് പ്രണാമം അര്‍പ്പിച്ച ശിഷ്യരെല്ലാവരും ഉള്ളുകൊണ്ട് കരയുന്നത് ആ ഗുരുനാഥന് കാണാതിരിക്കില്ല. ഊര്‍ജ്ജമായി, പ്രചോദനമായി അദ്ദേഹം അവര്‍ക്കൊപ്പം തന്നെ കാണും. തന്റെ നാടകക്കളരിയുടെ ഇനിയുള്ള വളര്‍ച്ചയിലും ആ ആത്മാവ് സന്തോഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: