ഷീനാ സതീഷ്
തിരുവനന്തപുരം: തമലത്തെ ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ചുറ്റുമതില്‍ നിര്‍മ്മാണത്തിന്റെ മറവില്‍ ദേവസ്വം ബോര്‍ഡും കരാറുകരും ഒത്തുകളിക്കുന്നതിലൂടെ നഷ്ടമാകുന്നത് ലക്ഷങ്ങള്‍. ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള കരമനയാറിനു സമീപം ത്രിവിക്രമംഗലം ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ നിര്‍മ്മാണമാണ് വര്‍ഷങ്ങളായി ഇഴഞ്ഞു നീങ്ങുന്നതിലൂടെ ലക്ഷങ്ങളുടെ അധികച്ചെലവ് ഉണ്ടായിരിക്കുന്നത്. ക്ഷേത്രത്തിന്റെ മുന്‍വശത്തെ ചുറ്റു മതില്‍ ഇടിഞ്ഞുവീഴാറായപ്പോള്‍ 2010 ല്‍ 83 ലക്ഷം രൂപയ്‌ക്ക് കരാര്‍ നല്‍കി. എന്നാല്‍ പണി പൂര്‍ത്തിയാകാത്തതിനാല്‍ 25 ശതമാനം തുക വര്‍ദ്ധിപ്പിച്ച് ഒരു കോടിയില്‍പ്പരം രൂപയ്‌ക്ക് 2012 ല്‍ വീണ്ടും കരാര്‍ നല്‍കി. ആ സമയത്ത് ദേവസ്വം ബോര്‍ഡിന് വരച്ചുനല്‍കിയ സ്‌കെച്ചിന് മാറ്റം വരുത്തി. ഒരു സ്വകാര്യ വ്യക്തിയെക്കൊണ്ടാണ് സ്‌കെച്ച് മാറ്റി വരപ്പിച്ചത്. അതോടെ ടെന്‍ഡര്‍ തുക ഒരുകോടി 80 ലക്ഷം രൂപയായി വര്‍ദ്ധിച്ചു. ഈ ക്ഷേത്രത്തിന്റെ ചുറ്റുമതിലിന് ഇത്രയും ഉയരം ആവശ്യമില്ലെന്ന് ക്ഷേത്രസംരക്ഷണസമിതിയും ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും നിരവധിതവണ ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല. തികച്ചും അശാസ്ത്രീയമായാണ് ചുറ്റുമതില്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ അടുത്ത ഘട്ടത്തില്‍ വീണ്ടും 10 ലക്ഷം രൂപയുടെ ടെന്‍ഡര്‍ കുടി ദേവസ്വംബോഡില്‍നിന്ന് അനുവദിച്ചു കിട്ടാനുള്ള ശ്രമത്തിലാണ് കരാറുകാരന്‍. പത്തുലക്ഷം രൂപയില്‍ കുറഞ്ഞ ടെന്‍ഡറുകള്‍ക്ക് ദേവസ്വം ബോര്‍ഡിന് അനുമതി നല്‍കാം എന്ന പഴുതുപയോഗിച്ചാണ് പല ഘട്ടങ്ങളിലായി എസ്റ്റിമേറ്റ് എടുത്ത് അനുമതി വാങ്ങുന്നത്.
പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ ക്ഷേത്രത്തിന് രണ്ടായിരത്തിലേറെ വര്‍ഷത്തെ പഴക്കമുണ്ട് പ്രകൃതി രമണീയമായ കരമനയാറിന്റെ തീരത്ത് ഏകദേശം 50 അടിയോളം ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി
തമലത്തെ ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ
ചുറ്റുമതില്‍ നിര്‍മ്മാണം ഇഴഞ്ഞു നിങ്ങുന്നു
ചെയ്യുന്നത്. ചോളരാജാവിന്റെ കാലത്ത് പണികഴിപ്പിച്ചതെന്നു പറയുന്ന ഈ ക്ഷേത്രത്തിന്റെ അടിത്തറ അഞ്ച്് അടിയോളം കട്ടിക്കരിങ്കല്ലുകൊണ്ടും ശ്രീകോവില്‍ ലാറ്ററൈറ്റ് കട്ടകള്‍കൊണ്ടുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തവണ കര്‍ക്കടക വാവിനു മുന്‍പ് പണി പൂര്‍ത്തിയാക്കുമെന്ന് കരാറുകാരന്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ തുക അനുവദിക്കാത്തതിനാലാണ് പണി തീര്‍ക്കാനാകാത്തതെന്ന് കരാറുകാരനും ഫണ്ടില്ലാത്തതിനാലാണ് പണം അനുവദിക്കാത്തതെന്ന് ദേവസ്വംബോര്‍ഡും പറയുമ്പോള്‍ വലയുന്നത് ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനും ദര്‍ശനത്തിനുമായി എത്തുന്ന ആയിരക്കണക്കിന് ഭക്തരാണ്. ഇത്തവണ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് പണി പൂര്‍ത്തിയാകാത്തതിനാല്‍ ബലിതര്‍പ്പണം സാദ്ധ്യമാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാരും ക്ഷേത്ര ഉപദേശകസമിതിയും. മഴ കനത്തത്തോടെ ചുറ്റു മതിലിന്റെ മറ്റ് ഭാഗങ്ങളും ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്. ക്ഷേത്രത്തിന്റെ മുന്‍വശത്തെ ചുറ്റുമതില്‍ പുതുക്കിപ്പണിയുന്നതിന്റെ പേരില്‍ 2010 മുതല്‍ ഇതുവരെ 5 എസ്റ്റിമേറ്റാണ് എടുത്തത്. 2010ല്‍ 85 ലക്ഷം രൂപയ്‌ക്ക് തീര്‍ക്കാവുന്ന പണി ഇന്ന് ഒരു കോടി 80 ലക്ഷം രൂപയില്‍ എത്തിനില്‍ക്കുന്നു. ഇനിയും നിര്‍മ്മാണം പൂര്‍ത്തിയാക്കണമെങ്കില്‍ വീണ്ടും രണ്ട് ടെന്‍ഡര്‍ കൂടി വിളിക്കേണ്ടിവരുന്ന അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: