ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം മുന്‍ ഭരണ സമിതിക്കെതിരെ ക്രൈം രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവായി. മുന്‍ ദേവസ്വം കമ്മീഷണര്‍ വി.എം. ഗോപാലമേനോന്‍, അഡ്മിനിസ്ട്രേറ്റര്‍ കെ. മുരളീധരന്, ചെയര്മാന് ടി.വി. ചന്ദ്രമോഹന്, ജീവനക്കാരുടെ പ്രതിനിധി എന്‍. രാജു എന്നിവരുള്‍പ്പെടെ എട്ടോളം പേരെ പ്രതികളാക്കി കൊടുങ്ങല്ലൂര്‍ സ്വദേശിയായ നീലത്ത് വീട്ടില്‍ ശ്രീജേഷ് നല്കിയ പരാതിന്മേലാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഉത്തരവറിഞ്ഞ മുന്‍ദേവസ്വം ഭരണസമിതി അംഗം എന്‍. രാജു ഫയലുകള്‍ രഹസ്യമായി കടത്തികൊണ്ടു പോയതായാണ് സൂചന. കഴിഞ്ഞ ദിവസം ഫയലുകള്‍ കവറുകളിലാക്കി ഹെല്‍ത്ത് വിഭാഗത്തിലൂടെയുള്ള ഗോവണിവഴി ഇറക്കിക്കൊണ്ടുപോയതായി ദൃക്സാക്ഷികള്‍ പറയുന്നു. ഇത് ചില ജീവനക്കാരുടെ ഒത്താശയോടെയാണെന്ന് ആരോപണമുണ്ട്. വിജിലന്‍സ് കേസെടുത്താല്‍ വിനയായേക്കാവുന്ന ഫയലുകളാണ് കടത്തിയതെന്നറിയുന്നു. രാജുവിനെ സഹായിക്കുന്നതിനെതിരെ ഒരു വനിതാ അസി.മാനേജരെ അഡ്മിനിസ്ട്രേറ്റര്‍ ശാസിച്ചതായും സുചനയുണ്ട്. വിജിലന്‍സില്‍ നിലനില്‍ക്കുന്ന പരാതിയില്‍ ഏറ്റവും കൂടുതല്‍ ആരോപണമുള്ളത് എന്‍. രാജുവിനെതിരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: