പുതുക്കാട്: റെയില്‍വേ സ്റ്റേഷനില്‍ നിന്നും കെഎസ്ആര്‍ടിസി നടത്തുന്ന ബസ് സര്‍വീസ് യാത്രക്കാര്‍ക്ക് ആശ്വാസമാകുന്നു. രാത്രി 7.20നും 7.40 നും ആണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. പുതുക്കാട് ട്രെയിന്‍ പാസഞ്ചേഴ്സ് അസോസിയേഷന് മന്ത്രിക്കും, കെഎസ്ആര്‍ടിസി അധികൃതര്‍ക്കും നല്കിയ നിവേദനത്തിലാണ് സര്‍വീസ് അനുവദിച്ചത്. രാത്രികളില്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയാണ് ദേശീയപാതയില്‍ എത്തുന്നത്.വാഹന സൗകര്യം ഇല്ലാത്തതു മൂലം സ്ത്രീകള്‍ ഉള്‍പ്പടെയുള്ള നിരവധി യാത്രക്കാര്‍ ഒരു കിലോമീറ്ററോളം നടന്നാണ് പുതുക്കാട് സെന്ററില്‍ എത്തുന്നത്. ബസ് സര്‍വീസ് ആരംഭിച്ചതോടെ എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചര്‍, കന്യാകുമാരിബാംഗ്ലൂര് ഐലന്റ് എക്സ്പ്രസ്സ് എന്നീ ട്രെയിനില്‍ വന്നിറങ്ങുന്നവര്‍ക്ക് ഉപകാരപ്രദമായിരിക്കുന്നത്. സ്റ്റേഷനില്‍ നിന്നും ആമ്പല്ലൂരിലേക്കാണ് ബസ് സര്‍വീസ് നടത്തുന്നത്. ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസവും രണ്ട് ബസുകള്‍ സര്‍വീസ് നടത്തും.കുറഞ്ഞ ദൂര പരിധിയില്‍ കെഎസ്ആര്‍ടി സിക്ക് കൂടുതല്‍ ലാഭവും, ജനോപകാരപ്രദവും ആണ് പുതിയ ബസ് സര്‍വീസ്. റെയില്‍വേ സ്റ്റേഷന് പരിസരത്ത് നടന്ന ചടങ്ങില്‍ മന്ത്രി സി.രവീന്ദ്രനാഥ് ബസ് സര്‍വീസ് പ്ലാഗ്ഓഫ് ചെയ്തു. പുതുക്കാട് ഡിപ്പോ ഇന്‍ ചാര്‍ജ് പി.വി. ജോസഫ് അധ്യക്ഷത വഹിച്ചു. സ്റ്റേഷന് സൂപ്രണ്ട് വി.സി. രവി, ട്രെയിന്‍ പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികളായ അരുണ്‍ ലോഹിതാക്ഷന്,വിജില്‍ വേണു, വിജയന് പുതുക്കാട്ടില്‍, കെ.വി. സുധീര്‍, പി.സി. ജോസഫ്, ജോണ്‍ ചെവിടന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: