കല്‍പ്പറ്റ: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാടിലെ കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി. കഴിഞ്ഞ രണ്ടു ദിവസത്തെ ശക്തമായ മഴയില്‍ ജില്ലയില്‍ രണ്ടുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു.നാശനഷ്ടങ്ങളുടെ വ്യക്തമായ കണക്ക് അധികൃതര്‍ പൂര്ത്തീകരിച്ചുവരുന്നതേയുള്ളു. അതിനാല്‍ നഷ്ടത്തിന്റെ തോത് ഇനിയും ഉയര്‍ന്നേക്കാം. പ്രാഥമിക കണക്ക് പ്രകാരം 1,89,60000 രൂപയുടെ നഷ്ടമാണുള്ളത്.
ഇതില്‍ ഏറെയും നഷ്ടം വാഴകൃഷി നശിച്ച വകയിലാണ്. 219 കര്‍ഷകരുടേതായി 36 ഹെക്ടര്‍ സ്ഥലത്തെ വാഴ കൃഷിയാണ് നശിച്ചത്. വാഴക്കുലക്ക് മാര്‍ക്കറ്റില്‍ 40 ലധികം രൂപ വിലയുള്ളതിനാല്‍ ഭീമമായ നഷ്ടമാണ് കര്‍ഷകര്‍ക്ക് സംഭവിച്ചത്. മാര്‍ക്കറ്റ് വില കണക്കാക്കാതെയുള്ള നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ നല്കുന്നതെന്നതിനാല് ഇത് കര്‍ഷകര്‍ക്ക് കാര്യമായ ആശ്വാസം നല്‍കില്ല.
വെള്ളമുണ്ട, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, പൊഴുതന, വൈത്തിരി, കോട്ടത്തറ തുടങ്ങിയ പഞ്ചായത്തുകളിലാണ് വാഴകൃഷിക്ക് കനത്ത നഷ്ടം സംഭവിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ പ്രകൃതിദുരന്തം കാരണം കൃഷി നാശത്തിനുള്ള നഷ്ടപരിഹാര തുക ഇനത്തില്‍ കോടികളാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. 2014 മുതല്‍ 16 വരെയുള്ള വര്‍ഷം സംഭവിച്ച നാശനഷ്ടങ്ങളുടെ ഇനത്തില്‍ 26 കോടി രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. ഇത്രയും തുക കുടിശിക വന്നതിനിടക്കാണ് കഴിഞ്ഞ രണ്ടു ദിവസത്തിനുളളില്‍ രണ്ടു കോടിയോളം രൂപയുടെ നഷ്ടവും സംഭവിച്ചത്. ഈ വര്‍ഷം വരള്‍ച്ചയില്‍ 1,62കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് അധികൃതരുടെ കണക്ക്. ഈ തുകയും നല്‍കിയിട്ടില്ല. ഇതില്‍ 1,43,00000 കോടി രൂപയുടെ നഷ്ടം പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ മാത്രമാണ് സംഭവിച്ചത്. വേനല്‍മഴ, വരള്‍ച്ച എന്നിവ കാരണം ഈ വര്‍ഷം 200 ഹെക്ടര്‍ സ്ഥലത്തും കൃഷിനാശമുണ്ടായി.
2013ല്‍ സംഭവിച്ച നാശനഷ്ടങ്ങളുടെ ഇനത്തില്‍ 2015 ല്‍ സര്‍ക്കാര്‍ 50 ലക്ഷം രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്നു.
ബാക്കി തുക കിട്ടാത്തത് കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ കെ. മോഹന്‍ദാസ് പി.ജി. ആനന്ദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: