ഇരിങ്ങാലക്കുട : സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ഹൈടെക് രീതിയില്‍ കഞ്ചാവ് വില്പന നടത്തിയിരുന്ന 2 യുവാക്കള്‍ അറസ്റ്റില്‍. എടത്തിരിഞ്ഞി തെക്കേത്തലത്ത് വീട്ടില്‍ മോഹനന് മകന് നിധിന്(18), എടത്തിരിഞ്ഞി ഇളേടത്ത് ഉണ്ണികൃഷ്ണന് മകന് സുജിത്ത് (24) എന്നിവരെയാണ് ഇരിങ്ങാലക്കുട ബിവറേജ് ഷോപ്പിന്റെ പരിസരത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് മുക്കാല്‍ കിലോ കഞ്ചാവ് പിടിച്ചെടുത്തു.
കേരള പോലീസും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കിവരുന്ന ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ റൂറല്‍ പോലീസ് മേധോവി ശ്രീമതി നിശാന്തിനി ഐപിഎസിന്റെ പ്രത്യേക നിര്‍ദ്ദേശാനുസരണം ഡിവൈഎസ്പി ടി.സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന സേവ് ഔവര്‍ ചില്‍ഡ്രന്‍സ് ഫോര്‍ ഡ്രഗ്സ് എന്ന ഓപ്പേറഷന്റെ ഭാഗമായി ടൗണ്‍ കേന്ദ്രീകരിച്ചും തീരദേശമേഖലകളിലും വിദ്യാലയങ്ങളില്‍ ലഹരി ഉപയോഗം തടയുന്നതിനുവേണ്ടി വിവിധ സെക്ടറുകളായി തിരിച്ച് ആന്റി നെക്കോട്ടിക് സ്ക്വാഡ് രൂപീകരിച്ചു സ്കൂള്‍ കോളേജ് കേന്ദ്രീകരിച്ച് നിരീക്ഷിച്ചുവരികയായിരുന്നു. കഞ്ചാവ് വില്പനക്ക് ഇടനിലക്കാരായി നില്‍ക്കുന്നത് കുട്ടികളാണ്.
കുട്ടികളെ വിതരണത്തിന് ഏല്പിച്ചാല് പിടിപ്പിക്കപ്പെടാന് സാധ്യത കുറവാണെന്നതാണ് ഇതിനുകാരണം. മൊബൈല്‍ റീച്ചാര്‍ജിനുള്ള പണം മുതല്‍ പ്രലോഭനങ്ങളാണ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് തികച്ചും ഹൈടെക് രീതിയിലാണ് ഈ സംഘം വില്പന നടത്തുന്നത്. മാര്ച്ചിനാച്ചുറല് എന്ന പ്രത്യേക വിളിപേരിലാണ് ആവശ്യക്കാര്‍ക്കിടയില്‍ ഇവര്‍ വില്‍ക്കുന്ന കഞ്ചാവ് അറിയപ്പെട്ടിരുന്നത്. വാട്ട്സ്ആപ്പ് വഴിയാണ് ഇടപാടുകള്‍ നടത്തികൊണ്ടിരിക്കുന്നത്.
500, 300 രൂപ നിരക്കില്‍ ചെറിയ പാക്കറ്റുകളാക്കിയാണ് വില്പന. പോലീസിന്റെ ശക്തമായ നിരീക്ഷണം മനസിലാക്കിയാണ് വില്പനയും പ്രചരണവും വാട്ട്സ്ആപ്പ് വഴിയാക്കിയത്. വില്പനക്കും പ്രചരണത്തിനുമായി അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും ഇവരുടെ ഫോണില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പെണ്‍കുട്ടികളടക്കം 500 പേരോളം ഈ ഗ്രൂപ്പില്‍ സജീവമാണെന്ന് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.സുമേഷ് പറഞ്ഞു. കഞ്ചാവിന്റെ വില, ഉപയോഗിക്കുന്ന രീതി, ലഹരി കൂട്ടുന്നതിനുള്ള വിദ്യകള്‍, പുതിയ ടെയ്സ്റ്റുകള് എന്തൊക്കെ എന്നിങ്ങനെ എല്ലാ വിവരങ്ങളും വാട്ട്സ് ആപ്പ് വഴി കൈമാറുന്നു.
വാട്ട്സ് ആപ്പ് അയക്കുമ്പോള്‍ സൈബര്‍ സെല്‍ വഴി സന്ദേശം ചോര്‍ത്താന്‍ ബുദ്ധിമുട്ടാണ് എന്നറിഞ്ഞാണ് വാട്ട്സ് ആപ്പ് വഴി ഇടപാടുകള്‍ നടത്തുന്നത്. ഇരിങ്ങാലക്കുട ആന്റി നെക്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ മുഹമ്മദ് അഷറഫ്, മുഹമ്മദ് ബഷീര്‍, മുരുകേഷ് കടവത്ത്, ഹബീബ്, സിപിഓമാരായ ഗോപി, പ്രശാന്ത്കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ കഞ്ചാവ് സംഘത്തിലെ കൂടുതല്‍ ഇടനിലക്കാരെ അറസ്റ്റുചെയ്യുമെന്ന് എസ്ഐ എംജെ.ജിജോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: