പുതുക്കാട്: പഞ്ചായത്തിലെ നെല്ലിമലയില്‍ തൃശൂര്‍ കോര്പ്പേറേഷന് സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള അനുമതി നല്‍കിയതിനെതിരെ വ്യാപകപ്രതിഷേധം. 2015 നവംബര്‍ 19 നാണ് യുഡിഎഫ് സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയത്. തദേശ സ്ഥാപനങ്ങളുടെയൊ എംഎല്എയുടെയൊ അറിവില്ലാതെയാണ് അനുമതി നല്‍കിയത്. തൃശൂര്‍ കോര്പ്പറേഷന് പരിധിയിലെ വീടുകളില്‍ നിന്നും വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ നെല്ലിമലയില്‍ നിക്ഷേപിക്കുന്നതാണ് പദ്ധതി. പ്രകൃതി സുന്ദരമായ ഇവിടെ സുസ്ഥിര പുതുക്കാട് വികസന പദ്ധതിയില്‍പ്പെടുത്തി നിലവില്‍ ഔഷധ സസ്യങ്ങളും നെല്ലിമരങ്ങളും നട്ട് പരിപാലിക്കുന്നുണ്ട്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് റന്യൂവകുപ്പിന് കീഴില്‍ നടന്നിട്ടുള്ള നിരവധി ക്രമക്കേടുകളില്‍ ഒന്നാണ് നെല്ലിമലയിലും നടന്നിട്ടുള്ളതെന്ന് പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഉത്തരവ് അടിയന്തരമായി പിന്‍വലിച്ച് നെല്ലിമലയെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഈ ഉത്തരവുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള ഗൂഢാലോചനയെക്കുറിച്ചും രണ്ട് വര്‍ഷങ്ങളിലായി വേനലില്‍ നെല്ലിമല കത്തി നശിക്കാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണം. പഞ്ചായത്തിലെ ഏഴാംവാര്ഡില്പ്പെടുന്ന നെല്ലിമലയുടെ സംരക്ഷണത്തിനായി വാര്‍ഡ്മെമ്പറുടെ നേതൃത്വത്തില്‍ പ്രഡിഡന്റ് രക്ഷാധികാരിയായി നാട്ടുകാര്‍ ജനകീയ സമിതി രൂപവത്കരിച്ചതായും പ്രസിഡന്റ് പറഞ്ഞു. ഉത്തരവ് റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി തിങ്കളാഴ്ച പഞ്ചായത്ത് കമ്മിറ്റി സര്‍ക്കാരിന് നിവേദനം നല്‍കും. കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥര്‍ നെല്ലിമല സന്ദര്‍ശിപ്പോഴാണ് നാട്ടുകാരും പഞ്ചായത്ത് അധികൃതര്‍ പ്ലാന്റിനെക്കുറിച്ച് അറിഞ്ഞത്. ഉടന്‍ സ്ഥലം എം.എല്‍.എയും മന്ത്രിയുമായ പ്രൊഫ.സി.രവീന്ദ്രനാഥിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ഉത്തരവിനെതിരെ വേണ്ട നടപടികള്‍ കൈകൊള്ളുമെന്ന് മന്ത്രി അറിയിച്ചു. വൈസ്പ്രസിഡന്റ് പി.വി ജെന്‍സനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ചെങ്ങാലൂരിന്റെ തണ്ണീര്ക്കുടമായ മാട്ടുമലയിലെ നെല്ലിമലയില്‍ തൃശൂര്‍ കോര്പ്പറേഷന് പരിധിയിലെ കക്കൂസ് മാലിന്യം നിക്ഷേപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ ആക്ഷന്‍കൗണ്‍സില്‍ രൂപവത്കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്, ബ്ലോക്ക് പഞ്ചായത്തംഗം ഷാജു കാളിയേങ്കര എന്നിവര്‍ രക്ഷാധികാരികളും വാര്‍ഡ് മെമ്പര്‍ രാജു തളിയപറമ്പില്‍ ചെയര്‍മാനും ജോസഫ് ഇലവുങ്കല്‍, വി.ആര് രബീഷ്, വി.എന്‍ ഷിബു, ഡോളി ജയന് എന്നിവര്‍ കണ്‍വീനര്‍മാരായും 101 അംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: