പത്തനംതിട്ട: ജില്ലയില്‍ എക്സൈസ് കേസുകളില്‍ ജൂണ്മാസത്തില് റെക്കോഡ് വര്‍ദ്ധന. ജൂണില്‍മാത്രം 144 അബ്കാരികേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 797 റെയ്ഡുകളാണ് എക്സൈസ് വകുപ്പ് ജൂണില്‍മാത്രം നടത്തിയത്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 164 പേരെ പ്രതികളാക്കുകയും ഇതില്‍ 144 പേരെ അറസ്റ്റും ചെയ്തു. ഇതിന് പുറമേ ഒന്‍പത് മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഒന്‍പത് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സാധാരണ ജില്ലയിലെ എക്സൈസ് വകുപ്പ് ശരാശരി ഒരുമാസം രണ്ടോ മൂന്നോ മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അബ്കാരി കേസുകളും ശരാശരി 60 ന് അടുപ്പിച്ചാണെന്നാണ് സൂചന. ജൂണ്മാസത്തില് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റെയ്ഡും വാഹന പരിശോധനയും കര്‍ശനമാക്കിയതോടെയാണ് അബ്കാരി കേസുകളില്‍ വന്‍ വര്‍ദ്ധനവുണ്ടായത്. ഈ കാലയളവില്‍ 138 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും 191 ലിറ്റര്‍ ബിയറും 405 ലിറ്റര്‍ കള്ളും,234 ലിറ്റര്‍ അരിഷ്ടവും കസ്റ്റഡിയിലെടുത്തു. ഒന്നരകിലോഗ്രാമോളം കഞ്ചാവും 600 ലിറ്ററോളം കോടയും എക്സൈസ് വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. 1300ലേറെ വാഹനങ്ങള്‍ പരിശോധിച്ചതില്‍ മദ്യവും മയക്കുമരുന്നുകളും മറ്റും കടത്തിയ ഒരു സ്കോര്പിയോവാനും മൂന്നു ബൈക്കും ഒരു ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്.
ഹാന്‍സ് അടക്കമുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് 33200 രൂപാ പിഴയീടാക്കുകയും 166 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പരിശോധനയില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി മരുന്നുകളുടെ ദുരുപയോഗം നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇക്കാര്യം നിരീക്ഷിച്ചുവരികെയാണെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പറഞ്ഞു. ലൈസന്‍സ് വ്യവസ്ഥയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച ആറ് ബിയര്‍ വൈന്‍ പാര്ലറുകള്ക്കെതിരേയും നിയമാനുസരണമല്ലാതെ പ്രവര്‍ത്തിച്ച ആറ് കള്ളുഷാപ്പുകള്ക്കെതിരേയും അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എക്സൈസ് വകുപ്പ് പ്രസിദ്ധീകരിച്ച കണക്കുകള്‍ പരിശോധിച്ചാല്‍ ജില്ലയില്‍ ലഹരി വസ്തുക്കളുടെ ഉയോഗം വ്യാപകമായിരുന്നെന്ന് കാണാം. നേരത്തെ നാമമാത്രമായി റെയ്ഡുകള്‍ നടത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നിടത്ത് കര്‍ശനമായ പരിശോധനകള്‍ നടത്തിയപ്പോള്‍ അറസ്റ്റിലായവരുടേയും രജിസ്റ്റര്‍ ചെയ്ത കേസുകളിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: