കൊച്ചി: കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) രാജ്യത്തെ ആദ്യത്തെ ഡിപിപി4 ഇന്‍ഹിബിറ്ററി പ്രവര്‍ത്തനം അടങ്ങിയ ആയുര്‍വേദാധിഷ്ഠിത പ്രമേഹമരുന്ന് അവതരിപ്പിച്ചു. ടൈപ്പ് ടു പ്രമേഹത്തിന് ഫലപ്രാപ്തിയിലും സുരക്ഷയിലും ഫലപ്രദമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ബിജിആര്‍-34 ആണ് സിഎസ്ഐആര്‍ അവതരിപ്പിച്ചത്.
സിഎസ്ഐആറിന്റെ ഗവേഷണ യൂണിറ്റുകളായ നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍ബിആര്‍ഐ), സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിസിനല്‍ ആന്റ് അരൊമാറ്റിക് പ്ലാന്റ്സ് (സിമാപ്) എന്നിവ സംയുക്തമായാണ് ബിജിആര്‍- 34 വികസിപ്പിച്ചെടുത്തത്. വലിയ വിഭാഗം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നതിനായി ഡിപിപി4 ഇന്ഹിബിറ്ററുകളുള്ള മറ്റ് മരുന്നുകളെ അപേക്ഷിച്ച് കേവലം അഞ്ചു രൂപയാണ് ഒരു ഗുളികയ്ക്ക് വിലയിട്ടിരിക്കുന്നത്. രാജ്യത്തെ എല്ലാ പ്രധാന മെഡിക്കല്‍ ഷോപ്പുകളിലും ബിജിആര്‍ – 34 ലഭിക്കും.
ഭാരത ജനസംഖ്യയിലെ പ്രായപൂര്‍ത്തിയായവരില്‍ ആറ് കോടിയോളം പേര് പ്രമേഹബാധിതരാണെന്നും പ്രമേഹത്തിന് ശാശ്വതമായ പരിഹാരം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സിഎസ്ഐആര്‍- എന്‍ബിആര്‍ഐ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എ. കെ. എസ്. റാവത്ത് പറഞ്ഞു. സിഎസ്ഐആറിന്റെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത ബിജിആര്‍ 34ന്റെ ഫലപ്രാപ്തി സംശയരഹിതമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രമേഹത്തിനുള്ള ആധുനികമരുന്നുകള്ക്ക് പാര്‍ശ്വഫലങ്ങളും വിഷാംശത്തിന്റെ സാന്നിധ്യവും ഉള്ളപ്പോള്‍ ബിജിആര്‍ 34 രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചും മറ്റ് മരുന്നുകളുടെ ഹാനികരമായ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയും ഫലം നല്കുന്നു.
ദാരുഹരിദ്ര (ബെര്‍ബെറിസ് അരിസ്റ്റാറ്റ), ജിലോയ് (ടിനോസ്പോറ കോര്‍ഡിഫോളിയ), വിജയ്സര്‍ (ടെറോകാര്പസ് മാര്‍സുപിയം), ഗുഡ്മാര്‍ (ജിംനേമ സില്വസ്റ്റ്രെ), മജീത്ത് (റൂബിയ കോര്ഡിഫോയില), മെഥിക (ട്രിഗൊണല്ല ഫീനംഗ്രീക്കം) എന്നിവ വിവിധ തോതിലും അളവിലും മിശ്രിതപ്പെടുത്തി സംസ്കരിച്ചാണ് ഈ പ്രമേഹമരുന്ന് വികസിപ്പിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: