ഈജിപ്തില്‍ ഫറോവമാര്‍ നിര്‍മിച്ച അമ്പലങ്ങള്‍ പൊതുവേ കാണപ്പെടുന്നത് നൈല്‍ നദിക്കഭിമുഖമായിട്ടാണ്. പക്ഷേ, ലക്സറിലെ ക്ഷേത്രം നദിക്കു സമാന്തരമായി നില്ക്കുന്നു. ക്ഷേത്ര ഗോപുരം വെണ്‍ശിലാ നിര്‍മിതമാണ്. ഇതില്‍ മദ്ധ്യാഹ്ന സൂര്യപ്രഭ വീണ് ദൂരക്കാഴ്ചയില്‍ കോട്ടയുടെ എടുപ്പുകള്‍, ചവിട്ടിക്കുഴച്ച മണ്‍കട്ടയില്‍ പണിതതുപോലെ തോന്നും. ബസില്‍ നിന്നിറങ്ങി, അല്‍പ്പം നടക്കണം ക്ഷേത്രത്തിലേക്ക്. ക്ഷേത്രത്തിനു മുന്നിലെ വിസ്തൃതമായ സ്ഥലവും നടവഴിയും കല്ലുകള്‍ പാകിയതാണ്.
ക്ഷേത്രസന്ദര്ശനത്തിനായെത്തിയ ധാരാളം യൂറോപ്യന്‍ സന്ദര്‍ശകര്‍ക്ക് അവരുടെ ഗൈഡുകള്‍ ചരിത്രസത്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്നു.
അമ്പലസമുച്ചയം ഉള്‍പ്പെടുന്ന ആധുനിക ലക്സര്‍ പട്ടണം പഴയ തീബ്സ് നഗരത്തിലാണ്. ഏകദേശം നാലായിരം വര്‍ഷംമുമ്പ് മുതല്‍ തുടങ്ങുന്നു, തീബ്സിന്റെ ചരിത്രം. ഉപരി ഈജിപ്തും താഴത്തെ ഈജിപ്തും ചേര്‍ത്ത് മെംഫിസ് തലസ്ഥാനമാക്കി ഫറോവമാര്‍ ഈജിപ്തു ഭരിക്കുമ്പോള്‍ തീബ്സില്‍ നാമമാത്രമായ ആളുകളെയുണ്ടായിരുന്നുള്ളൂ.
നൈല്‍ നദിയുടെ കിഴക്കും പടിഞ്ഞാറുമായുള്ള കരകളിലെ പ്രദേശങ്ങളായ ലക്സര്‍, കര്‍ണാടക, അസാസ്സിഫ്, ദ്രാ അബുഅല്‍ നഗാ എന്നീ സ്ഥലങ്ങളും ഷേഖ് അബ്ദുല്‍ ഖുരാനയിലെ രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും ശവകുടീരങ്ങള്‍ ഉള്‍പ്പെടുന്ന മലനിരകളും മദീനത് അബു മുതലായ പ്രദേശങ്ങളുമാണ് പഴയ ‘തീബ്സ്’ എന്നറിയപ്പെടുന്നത്. പത്താം രാജവംശ കാലത്തോടെ (ബി.സി. 2140) തീബ്സ്, അറിയപ്പെടുന്ന നഗരവും ഭരണകേന്ദ്രവുമായി മാറി. പിന്നീട് ആയിരത്തോളം വര്‍ഷം ഈജിപ്തിന്റെ തലസ്ഥാനമായിരുന്നു, തീബ്സ്.
ആധുനിക മനുഷ്യന്റെ ധാര്‍ഷ്ട്യത്തിനും ഗര്‍വിനും മുന്നില്‍ കാലം ബാക്കിവച്ച ശേഷിപ്പുകളാണ് ക്ഷേത്രങ്ങളുടെ ഇന്നീക്കാണുന്ന ശിഷ്ടഭാഗങ്ങള്‍. സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് ഇവിടെ ജീവിച്ചിരുന്ന ഒരു ജനതയുടെ സംസ്കാരത്തിന്റെ നേരറിവുകളാണ് ഈ ക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങളിലൂടെയും പ്രതിമകളിലൂടെയും സ്തൂപങ്ങളിലൂടെയുമെല്ലാം നമ്മള് വായിച്ചറിയുന്നത്. തീബ്സ്, ഫറോവമാരുടെ ഭരണകാലത്ത് സമ്പന്ന നഗരങ്ങളിലൊന്നായിരുന്നു.
പതിനെട്ടാം രാജവംശകാലത്തിലെ ഫറോവയായ അമന് ഹോടെപ് മൂന്നാമനാണ് ലക്സര്‍ അമ്പലം നിലവിലുണ്ടായിരുന്ന അമ്പലത്തെ വിപുലമായി പുതുക്കി പണികഴിപ്പിച്ചതെന്നു കരുതുന്നു. വ്യക്തിപരമായി ചില ബലഹീനതകള്‍ ഇദ്ദേഹത്തിനുണ്ട്. വിശേഷിച്ചും സ്ത്രീ വിഷയത്തില്‍. എങ്കിലും അതിനിപുണനായ ഒരു ഭരണാധികാരിയായിരുന്നു ഇദ്ദേഹം. രാജ്യം സാമ്പത്തികമായി പുരോഗതി കൈവരിച്ചത് അമന് ഹോടെപ് മൂന്നാമന്റെ കാലത്താണ്. രാജ്യത്തിനും ജനങ്ങള്‍ക്കും നാശനഷ്ടം വരുത്തിയ യുദ്ധങ്ങളൊന്നും ഈ ഫറോവയുടെ കാലത്ത് ഉണ്ടായിട്ടില്ല. ഈ കാലയളവിലാണ് ലക്സറില് കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്.
അമ്പലത്തിന്റെ ഗോപുരത്തിന് അമ്പത്തിരണ്ടു മീറ്റര്‍ ഉയരമുണ്ട്. ഫറോവമാരില്‍ ഏറ്റവും പ്രശസ്തനും പ്രഗത്ഭനുമായ രാംസ്സസ് രണ്ടാമന്റെ അപദാനങ്ങള്‍ ഗോപുരത്തില്‍ കാണാം. അദ്ദേഹം നേരിട്ട് പട നയിച്ചു വിജയിച്ച് ‘ഹിത്തിത്തി’ യുദ്ധത്തിന്റെ വിശദമായ ചിത്രങ്ങള്‍ ഗോപുരഭിത്തിയില്‍ കോറിയിട്ടിരിക്കുന്നു. ചിത്രലിപിയിലുള്ള (ഹിറോഗ്ലിഫിക്സ്) ഈ എഴുത്തുകളെല്ലാം ഒരുപക്ഷേ ചരിത്രകഥയാവാം. അല്ലെങ്കില്‍, മഹത് വചനങ്ങളുമായേക്കാം.
രാംസ്സസ് രണ്ടാമനിവിടെ രണ്ടു സ്തൂപങ്ങള്‍ സ്ഥാപിച്ചു. ഇതിലൊരെണ്ണം ഇളക്കിയെടുത്തത് (എ.ഡി.1833 ല്‍)ഫ്രഞ്ചുകാര്‍ പാരീസില്‍ കൊണ്ടുപോയി. ലൂയീസ് ഫിലിപ്പ് രാജാവ് ഇത് ഡിലകോണ് കോര്‍ട്ടില്‍ സ്ഥാപിച്ചത് പില്ക്കാല ചരിത്രം.
ശതകോടി ദേവീദേവന്മാരുടെയും ഉപദേവതകളുടെയും അധിദേവതകളുടെയും അധിപനായ ”അമുന്‍-റേ”യ്ക്കാണ് ഈ അമ്പലം സമര്‍പ്പിച്ചിരിക്കുന്നത്. ഖൊന്‍സു, മഠ് എന്നീ ദൈവങ്ങള്‍ക്കും പ്രത്യേക പ്രാധാന്യമുണ്ടിവിടെ.
പുരാതനകാലത്ത് തീബ്സിന്റെ സ്വന്തം ദൈവമായിരുന്നു, മെന്റു. യവനപുരാണത്തിലെ അപ്പോളൊ ദേവനുമായി മെന്റുവിന് സാമ്യമുണ്ട്. പതിനൊന്നാം രാജവംശക്കാലത്ത് ഒട്ടുമിക്ക ഫറോവമാരും തങ്ങളുടെ ദിവ്യത്വം പ്രകടിപ്പിക്കാന്‍ വേണ്ടി, പേരിനൊപ്പം ‘മെന്റു’ എന്ന പദം ചേര്‍ത്തു. തീബ്സ് ഭരിച്ച ഫറോവമാരില്‍ പേരിനൊപ്പം മെന്റു ചേര്‍ത്തവരില്‍ ചിലരാണ് മെന്റു ഹോടെപ് ഒന്നാമന് (ബി.സി.2,060), മെന്റു ഹോടെപ് രണ്ടാമന് (ബി.സി.2010), മെന്റു ഹോടെപ് മൂന്നാമന് (ബി.സി.1997) മുതലയാവര്‍. എന്നാല്‍ പിന്നീട് മെന്റു ദൈവത്തിന്റെ ശക്തിപ്രതാപം ക്ഷയിച്ചു. ഗതിയില്ലാതെ വലഞ്ഞ മെന്റു ദൈവം ഒടുവില്‍, ദേവരാജാവായ ‘അമുന്‍-റാ’യില്‍ ചെന്നു ലയിച്ചു.
ക്ഷേത്രത്തില്‍, ത്രിമൂര്‍ത്തികളുടെ ദേവസ്ഥാനങ്ങള്ക്കുശേഷം ഏഴുതൂണുകള്‍ വീതം രണ്ടുവശത്തും സ്ഥാപിച്ചിട്ടുണ്ട്.
ഇതിനു നടുവിലൂടെ നടന്നാല്‍ അമന് ഹോടെപ് മൂന്നാമന്റെ അമ്പലത്തിലെത്താം. ഇവിടെ തളത്തില്‍ മൂന്നുവശത്തും വെണ്‍ശിലാ തൂണുകളാണ്. തളത്തില്‍ മറ്റൊരിടത്ത് അമന് ഹോടെപ് ഭൂജാതനായ കഥ വിവരിച്ചിരിക്കുന്നു. ത്രിമൂര്‍ത്തികളായ അമുന്‍ റേ, മഠ്, ഖൊന്‍സു എന്നിവര്‍ക്കു സഞ്ചരിക്കാന്‍ ഫറോവ തൂത്ത മോസിസ് മൂന്നാമന്റെ വക വള്ളം വേറൊരിടത്ത് കാണാം. മുപ്പത്തിരണ്ടു പടുകൂറ്റന്‍ തൂണുകളുടെ വിസ്മയക്കാഴ്ചയാണ് തൊട്ടുമുന്നില്‍. വെണ്ശിലയില് രൂപപ്പെടുത്തിയ തൂണുകളെല്ലാം താമരയിതളുകളുടെ ആകൃതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇവിടെയുള്ള പല പ്രതിമകള്‍ക്കും തലയില്ല എന്നതൊരു വസ്തുതയാണ്. ഉള്ളിലേക്കു കടന്നുചെല്ലുമ്പോള്‍ നടുത്തളത്തിന്റെ രണ്ടുവശത്തും മൂന്നുതൂണുകള്‍ വീതവും വശങ്ങളില് സ്പിങ്സിന്റെ പ്രതികളുമുള്ള ശ്രീകോവിലും കാണാം.
അമന് ഹോടെപ് മൂന്നാമന് നിര്‍മിച്ചതാണിത്. എന്നാല്‍ വേണ്ടത്ര ആലങ്കാരികത ഇതിനില്ലെന്ന് പറഞ്ഞ് പിന്നീട് വന്ന് രാജ്യംഭരിച്ച അലക്സാണ്ടര്‍ ചക്രവര്‍ത്തി ഇതു പൊളിച്ചുമാറ്റി പുതിയ ശ്രീകോവില്‍ പണിഞ്ഞ്, അദ്ദേഹവും ഈ അമ്പലത്തില്‍ തന്റെ കൈയൊപ്പിട്ടു. കാലാകാലങ്ങളില്‍ ഇവിടം ഭരിച്ച ഫറോവമാര്‍ പല കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നത് അമന് ഹോടെപ് മൂന്നാമന്റെയും രാംസ്സസ് രണ്ടാമന്റെയും കാലഘട്ടത്തിലാണ്.
റോമന്‍ അധിനിവേശകാലം ഈ അമ്പലത്തിന്റെ തകര്‍ച്ചയുടെ കാലമായിരുന്നു. അന്ന് റോമന്‍ പട്ടാളത്തിന്റെ പ്രധാനക്യാമ്പുകളിലൊന്ന് അവര്‍ ഇതിനുള്ളില്‍ സ്ഥാപിച്ചു. ക്ഷേത്രാരാധനയിലും ദേവരാധനയിലും മാറ്റം വരുത്തുകയും അവര്‍ പില്ക്കാലത്തിലിത് റോമന്‍ ക്രിസ്ത്യന്‍ പള്ളിയായി രൂപപ്പെടുത്തുകയും ചെയ്തു. അമ്പലത്തിനോട് ചേര്‍ന്ന് ഇന്നു കാണുന്ന മുസ്ലിംപള്ളി എഡി 1243 ല്‍ ഇവിടെ വച്ചു മരിച്ചെന്നു കരുതുന്ന അബു അല്‍-വിജ്ജിന്റെ പേരിലുള്ളതാണ്. മുസ്ലിം സിദ്ധനായ ഇദ്ദേഹത്തിന്റെ പേരില്‍ ഇവിടെ ധാരാളം അത്ഭുതകഥകളും അമാനുഷിക കഥകളും നാട്ടുകാര്‍ക്കിടയില്‍ ഇന്നും പ്രചാരത്തിലുണ്ട്.
ചില കുടുംബക്കാര് അദ്ദേഹത്തിന്റെ പിന്‍ഗാമികളാണെന്ന് ഇന്നും വാദിക്കുകയും വിശേഷിപ്പിക്കുകയും ചെയ്യുന്നു.
വര്‍ഷങ്ങളിലൂടെ, വ്യത്യസ്ഥ ഭരണക്രമങ്ങളിലൂടെ, അധിനിവേശങ്ങളിലൂടെ, വിശ്വാസങ്ങളിലൂടെ പണിതുയര്‍ത്തിയ ക്ഷേത്ര സമുച്ചയമാണിത്. ചുറ്റുമതില്‍, തൂണുകള്‍, പ്രതിമകള്‍, സ്തംഭങ്ങള്‍, ഇടനാഴികള്‍, വിഗ്രഹങ്ങള്‍, ഗര്‍ഭഗൃഹങ്ങള്‍, ബലിക്കല്ലുകള്‍ എല്ലാം ഗതകാലസ്മൃതിയുടെ മൂകസാക്ഷിയായി നില്ക്കുന്നു.
ശിലാനിര്‍മിത മേല്‍ക്കൂരകള്‍ ഭൂരിഭാഗവും തകര്‍ന്നടിഞ്ഞു. ശേഷിക്കുന്നവ ഏതവസരത്തിലും നിലംപറ്റാന്‍ അവസരം കാത്തുനില്ക്കുന്നു.
ഫറോവമാരുടെ ആദ്യകാലങ്ങളില്‍ ഇവിടെ പതിനാലു ദിവസത്തെ ഉത്സവമുണ്ടായിരുന്നു. പിതുയ രാജവംശക്കാലത്ത് (ബി.സി. 1570) കൃഷി ഉപജീവനമാക്കി ജീവിച്ച ഇവര്‍ നല്ല വിളവിനും കാര്‍ഷികാഭിവൃദ്ധിക്കും വേണ്ടി, ദേവീദേവന്മാരെ പ്രീതിപ്പെടുത്താന്‍ നടത്തിവന്നിരുന്ന ഉത്സവം കൂടുതല്‍ ദേവപ്രീതിക്കുവേണ്ടി ഇരുപത്തിരണ്ടുദിവസം ആഘോഷിച്ചിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ലക്സര്‍ ക്ഷേത്രവും കര്‍ണാക് ക്ഷേത്രവും തമ്മില്‍ ബന്ധിപ്പിക്കുന്ന മൂന്നു കിലോമീറ്റര്‍ ദൂരമുള്ള ഇടവഴിയില്‍ ഈ ഉത്സവക്കാലത്ത് ലക്ഷം ദീപം തെളിയും.
മുത്തുക്കുടയും ആലവട്ടവും വെണ്‍ചാമരവും തിടമ്പും നൂബിയന്‍ പെണ്കൊടിമാര് അണിനിരക്കുന്ന താലപ്പൊലിയും വാദ്യഘോഷങ്ങളും അരങ്ങുതകര്‍ക്കുന്ന ഉത്സവം; അതൊരുകാലം.
കരിമ്പു കൃഷി ഈജിപ്തില്‍ എവിടെയും കാണാം. സ്വദേശികള്‍ നഗരത്തില്‍ വളരെ കുറവ്. കുതിരവണ്ടിയാണ് ചെറിയ യാത്രയ്ക്കുള്ള പ്രധാന വാഹനം. ടാക്സി കാറുകള്‍ വശങ്ങളില് ഇരകളെ കാത്തുനില്ക്കുന്നു.
നൈല്‍ നദിയായിരുന്നു ഒരിക്കലിവരുടെ സഞ്ചാരമാര്‍ഗ്ഗം. ഇന്ന് ഹൈവേ റോഡുകള്‍, റെയില്‍വേ, വിമാനത്താവളം എന്നിവയെല്ലാംകൂടി ലക്സറിനെ പ്രധാന നഗരവും ഈജിപ്തിന്റെ തലസ്ഥാനവുമായ കെയ്റോയുമായി ബന്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: