നഗരവും ഗ്രാമങ്ങളും അഗാധനിദ്രയില്‍ ആണ്ടുപോയിരിക്കുകയാണ്. എവിടെ നോക്കിയാലും ഇരുട്ട് മാത്രമാണ്. അറുപത് കഴിഞ്ഞ വൃദ്ധന് കുഞ്ഞിരാമന്, മലകളിലും കാടുകളിലും നടന്നതിന്റെയും വലിയ നദികളും അരുവികളും നീന്തിക്കയറിയതിന്റെയും ക്ഷീണത്താല്‍ വളരെ പതുക്കെ നടന്നുവരികയാണ്. ഇത്രയേറെ അവശത അനുഭവിക്കുമ്പോഴും കുഞ്ഞിരാമന്റെ തോളില്‍ ഭദ്രമായി ഈ ചക്കരഭരണി ഇരിപ്പുണ്ട്. ”ചക്കരക്കുടത്തില്‍ കൈ ഇട്ടാല്‍ നക്കാത്തവരുണ്ടോ…’
എന്ന പഴമൊഴി മുതല്‍ ഗ്രാമത്തലവന്റെ പുതുമൊഴി ”രാത്രിയില്‍ തെരുവില്‍ ചക്കരഭരണി കണ്ടാല്‍ നായ്ക്കള്‍ വന്നു നക്കും….” ഇതുവരെ വൃദ്ധ മനസ്സിലൂടെ മിന്നല്‍ വേഗത്തില്‍ പോയി. നടത്തം മുന്നോട്ടുതന്നെ ലക്ഷ്യം… പക്ഷെ…
പക്ഷെ…ചക്കരഭണി…
കാറ്റിനേക്കാള്‍ വേഗതയല്ലെ മനസിന്, ചിന്തകള്‍ പലതും തലങ്ങും വിലങ്ങും പാഞ്ഞു. പിന്നെയും സഹജമായ സ്വാര്‍ത്ഥതയില്‍ മനസ്സ് ഉടക്കി. ”എന്റെ കാര്യത്തില്‍ ലക്ഷ്യം പൂങ്കാവനമാണ്…
ചക്കരഭരണി… ചക്കരഭരണിയെ…ഉത്തരവാദിത്തമുള്ള ഒരു കൈയില്‍ ഏല്‍പ്പിക്കണം. തെരുവില്‍ പൊട്ടിച്ചിതറരുത്…” മെല്ലെ അടഞ്ഞുവന്ന കണ്ണുകള്‍ ശക്തിയായി തുറന്ന് പിടിച്ചുകൊണ്ട് നടത്തം തുടര്‍ന്നു.
കുറച്ച് നടന്നപ്പോള്‍ ഇടത്തേ തോളിനു താഴെ വേദന അനുഭവപ്പെട്ടപ്പോള്‍ ചുറ്റിനും ശ്രദ്ധിച്ചശേഷം, ചക്കരഭരണി താഴെവച്ചു. വലത്തേ കൈകൊണ്ട് ഇടത്തു തോളിന് താഴെ എത്തിപ്പിടിച്ചു. വല്ലാതെ വേദന തോന്നി. പകല്‍ പേരറിയാത്ത ഒരു മലയുടെ താഴെ വച്ച് ഒരുപറ്റം വെളുത്ത ചെന്നായ്ക്കള്‍ തന്നെ അക്രമിച്ചിരുന്നു ഈ ചക്കരഭരണിക്ക് വേണ്ടി.
രക്ഷപ്പെട്ട് യാത്ര തുടര്‍ന്നെങ്കിലും ഏറെനേരം അവര്‍ പിന്തുടര്ന്നു. ഒടുവില്‍ ആ വലിയ നദി നീന്തികയറുവാന്‍ അവര്‍ ഓരോരുത്തരും പരാജയപ്പെട്ടു. സ്വയം ഓര്‍മപുതുക്കി ആശ്വാസമടഞ്ഞതിനുശേഷം തുടര്‍ന്നു നടത്തം. കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ ഇരുട്ടത്ത് ആറേഴ് ആളുകള്‍ ചേര്‍ന്ന് ഒരിടത്ത് വലിയ കുഴികുഴിക്കുന്നു. ചക്കരഭരണിയും താങ്ങി അവര്‍ക്കടുത്തേക്ക് ചെന്നുനോക്കിയപ്പോള്‍ മനസ്സിലായി. ഇവര്‍ ഈ പണി തുടങ്ങിയിട്ട് കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ആയിക്കാണും. കുഴിയില്‍ പല തട്ടുകളായി നിരവധി പേരുണ്ട്.
അവരെ ഓരോരുത്തരെയും വൃദ്ധന് മാറിമാറി നോക്കി. പിന്നെ ചക്കരഭരണിയെ ഭദ്രമായി പിടിച്ചു. ചിന്തകളുടെ കാറ്റ് പിന്നെയും മനസ്സില്‍ വന്നിടിച്ചു. പൂര്‍വികരാല്‍ പകര്‍ന്നുതന്ന പയറ്റ്മുറ അറിയാമെങ്കിലും ആരുടെയും വേദന കാണുന്നത് അയാള്‍ക്ക് ഇഷ്ടമല്ല. കുഴിക്കുന്നത് എന്തിനാണെന്ന് അറിയാനുള്ള വൃദ്ധന്റെ ത്വരയ്ക്ക് ഒരാള്‍ ഉത്തരം നല്കി. അയ്യായിരത്തി ഒരുനൂറ്റിപതിനെട്ട് വര്‍ഷം മുന്‍പ് ഈ ഗ്രാമത്തില്‍ ഇവിടെവച്ച് ഒരു ബുക്ക് നഷ്ടപ്പെട്ടു.
ഗ്രാമത്തിലെ മുതിര്‍ന്ന പണ്ഡിതശ്രേഷ്ഠന്മാരുടെ നിര്‍ദ്ദേശപ്രകാരം ഇവിടെ വലിയൊരു കുഴി എടുക്കുന്നു. ആ പുസ്തകം തിരികെ കിട്ടുമെന്ന് ഞങ്ങള്‍ എല്ലാവരും പ്രതീക്ഷിക്കുന്നു…” ചക്കരഭരണിയെ നോക്കി ഒന്നുചിരിച്ചിട്ട് അയാള്‍ പിന്നെയും വൃദ്ധനോട് ഒരു കാര്യം പറഞ്ഞു. ”ചക്കരഭരണികള്‍ വീട്ടിലും ഗ്രാമത്തിലും എങ്ങനെ സംരക്ഷിക്കണമെന്നും ആ പുസ്തകത്തില്‍ പറയുന്നുണ്ട്..” ക്ഷീണിച്ച ഒരു ചിരി ചിരിച്ച് വൃദ്ധന് ചക്കരഭരണിയും തോളിലേന്തി മുന്നോട്ടു നടന്നു.
കറച്ചുദൂരം ചെന്നതും വലിയൊരു ആല്‍മരത്തിന്റെ മുകളില്‍നിന്നും അസാധ്യമാം വലിപ്പമുള്ള കറുത്തപക്ഷികള്‍, ചുണ്ടുകള്‍ ചോര ഊറ്റിക്കുടിക്കാനായി നീണ്ട് ഇരിക്കുന്നു. ഇരയുടെ നട്ടെല്ല് ഒടിക്കാന്‍ പാകപ്പെട്ട് ബലിഷ്ഠമാര്‍ന്ന കാലുകള്‍.
ബലഹീനനായ ഇരയെ അടിച്ച് നിലത്തിടാന്‍ ശക്തിയുള്ളതും വലിപ്പമുള്ളതുമായ ചിറകുകള്. ഇവ ഓരോന്നായി മുന്നോട്ട് പറന്ന് വൃദ്ധനരികിലേയ്ക്ക് വരുവാന്‍ ആരംഭിച്ചു. പതുക്കെയുള്ള ചിറകടി ശബ്ദം ഇല്ലാതാകുകയും അവ എല്ലാം വൃദ്ധനു ചുറ്റും കൂടിനിന്ന് അലറി വിളിക്കുവാന്‍ തുടങ്ങി. ക്ഷീണിതനായിട്ടും ചക്കരഭരണി സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഞരമ്പുകളില്‍ ചോരയോട്ടത്തിന്റെ വേഗത കൂട്ടി. തലച്ചോര്‍ മിന്നല്‍ വേഗത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചക്കരഭരണി നിലത്ത് വച്ച് വൃദ്ധന് പക്ഷികളെ ഓരോന്നിനെയും നോക്കി. യുദ്ധത്തിനുള്ള വൃദ്ധന്റെ ഒരുക്കം തിരിച്ചറിഞ്ഞ കറുത്തപക്ഷികള്‍ തന്നെ ആദ്യം പ്രഹരമേല്‍പ്പിച്ചു. പിന്നെ വൃദ്ധന് ഒരു മാജിക്കുകാരനെപ്പോലെ ഒളിഞ്ഞും തെളിഞ്ഞും ശക്തമായ പ്രഹരമേല്‍പ്പിച്ചു.
ചിറകൊടിച്ചു കളഞ്ഞു. അവസാനത്തെ കറുത്തപക്ഷിയുടെ പുറത്ത് കയറി ഇരുന്നു. ചുണ്ടുകള്‍ വലിച്ചുകീറി ഇരവുശത്തേക്കും. ആ പ്രദേശമാകെ ചോര എവിടേക്ക് ഒഴുകണമെന്നറിയാതെ ആദ്യം കൂട്ടം കൂടുകയും പിന്നെ കൂട്ട് പൊട്ടിച്ച് നൂല് പോലെ ഒഴുകുകയും ചെയ്തു. വെളുത്ത ചെന്നായ്ക്കളെപ്പോലെ ഗ്രന്ഥത്തിനു വേണ്ടി കുഴിയെടുത്തവരെപ്പോലെ കറുത്തപക്ഷികളെപ്പോലെ ചക്കരഭരണി ചുമക്കുന്ന വൃദ്ധനെപ്പോലെ ആരും… ഗ്രാമവാസികള്‍ ആരും…ഒരു തവണയും….ഒരിക്കലും…ചക്കരഭരണിയുടെ ഉള്ളിലേക്ക് നോക്കിയില്ല. അവിടെ ഉണ്ടായിരുന്നു, മുഴുവന്‍ ആളുകളെപ്പോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന, സ്വപ്നങ്ങളെ താലോലിക്കുന്ന ഒരു ഹൃദയം.
വൃദ്ധന്റെ കാലുകള്‍ കുഴഞ്ഞുവന്നു. കണ്ണുകള്‍ അടഞ്ഞ് വന്നു. അപ്പോഴും ചക്കരഭരണി ഒരു ഭാരമായി തോന്നിയില്ല. തന്നെക്കാള്‍ വേഗതയോടെ നടന്നുപോകുന്നവരുടെ കാല്‍പ്പാദത്തിന്റെ മങ്ങിയചിത്രം അയാള്‍ക്ക് കാണാന്‍ കഴിഞ്ഞു. കാലടി ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞു. അങ്ങനെ മുന്നോട്ട് പോയവരില്‍ ചിലര്‍ ഗ്രന്ഥം കുഴിച്ചെടുക്കുന്നവരില് ഉണ്ടായിരുന്നതായി തോന്നി.
”ഈ ഗ്രാമത്തിന്റെ മുഴുവന്‍ ആളുകളുടെയും ജീവിതത്തിനു ആധാരം ആ ഗ്രന്ഥം ആയിരുന്നു. ഇനി അത് കണ്ടെത്താതെ ഈ ഗ്രാമത്തിലെ സമാധാനം തിരികെ വരില്ല…. അവര്‍ പറയുന്നു.
വൃദ്ധനും ആശിച്ചു. ആ ഗ്രന്ഥം കണ്ടെടുത്തിരുന്നെങ്കില്‍ ഈ ചക്കരഭരണി എവിടെയെങ്കിലും ഭദ്രമായി ഒന്നു ഇറക്കി വയ്ക്കാമായിരുന്നു. വൃദ്ധന് മുന്നോട്ടുനടന്നു. ഇനി എവിടെയെങ്കിലും ഇത്തിരി വിശ്രമിക്കാതെ വയ്യ. ഒരു മുത്തശ്ശിമരം കണ്ടു. നല്ല ആശ്വാസം. ചക്കരഭരണി ഇറക്കിവച്ച് ചുറ്റിനും ശ്രദ്ധിച്ചു. ഇരുട്ടില്‍ ആരെങ്കിലും പതിയിരിപ്പുണ്ടോ… ആശ്വാസമായി. ഉറപ്പുവരുത്തി വൃദ്ധന് മയങ്ങാന്‍ തീരുമാനിച്ചു.
തലച്ചോറില്‍ നിറയെ ചക്കരഭരണിയെപ്പറ്റിയുള്ള ചിന്തകളോടെ മയങ്ങുമ്പോഴും വൃദ്ധന് അറിഞ്ഞിരുന്നില്ല. ചക്കരഭരണി മയങ്ങിയിട്ടില്ലാന്ന്. വൃദ്ധന് മയക്കത്തില്‍നിന്ന് യാത്ര ആരംഭിച്ചിരിക്കുന്നു. വഴിയോരങ്ങളും മലയും കാടും… അഗ്നി പര്‍വതങ്ങളും… മേഘക്കൂമ്പാരങ്ങളും… എല്ലാം താണ്ടി പൂങ്കാവനം എത്താറായി.
രാത്രിയില്‍ തെരുവില്‍ ചക്കരഭരണി മണത്ത നായകള്‍ കുരച്ചുകൊണ്ട് കുതിച്ചെത്തി. ഒന്നും ചെയ്യാനറിയാത്ത ചക്കരഭരണി, ചുറ്റിനും ഇരുട്ട്, മുകളില്‍ ഇരുന്നൂറ് കോടി വര്‍ഷത്തെ ശാപം ഏറ്റുവാങ്ങിയ മുത്തശ്ശിമരം. മുത്തശ്ശിമരം എന്തൊക്കെയോ വിളിച്ചുപറഞ്ഞു… ഒന്നും ചക്കരഭരണിയ്ക്ക് മനസ്സിലായില്ല. തന്റെ വലിയൊരു ശിഖരം ഒടിച്ച് പട്ടികള്‍ക്ക് മുന്നിലിട്ട് വഴിമുടക്കിയെങ്കിലും പട്ടികള്‍ അതിന് മുകളിലൂടെ കുതിച്ചുചാടി ചക്കരഭരണിക്ക് അടുത്ത് എത്തി. മുത്തശ്ശിമരത്തെ നോക്കി പരിഹസിച്ചുകൊണ്ട് കുരച്ചു.
ഒരുത്തന് പകുതിവരെയെ കുരച്ചുള്ളൂ. അപ്പോഴേക്കും ചക്കരഭരണി മറ്റൊരുത്തന് തട്ടിയുടച്ചിരുന്നു. ഒടുവില്‍ ആ ചുവന്ന ദ്രാവകം കൂട്ടമായി ഒഴുകിവന്ന് തളംകെട്ടിയശേഷം പല കൈവഴികളായി ഭൂമിയുടെ ഉള്ളറകളിലേക്ക് ഒഴുകിയിറങ്ങി. അതില്‍ ഒരു അംശം മുത്തശ്ശിമരത്തിനു വളമായി മാറി. പട്ടികള്‍ അകന്ന് പോയപ്പോള്‍ ചക്കരഭരണിയുടെ കണ്ണുകള്‍ കരയിലകപ്പെട്ട മീനിന്റേത് പോലെ ആയി.
വൃദ്ധന് പൂങ്കാവനത്തില്‍ എത്തിച്ചേര്‍ന്നു. തെരുവിലെ ചക്കരഭരണി ഗ്രാമത്തിലെ സത്യത്തിനും അസത്യത്തിനും സാക്ഷിയായി ഭൂമിയിലേക്ക് ഊര്‍ന്ന് ഇറങ്ങി. മുത്തശ്ശിമരം പരഞ്ഞു ”ഭൂമി പിളര്‍ന്ന് താഴേക്ക് പോയി…”
അടുത്ത പകല്‍ ചക്കരഭരണിക്കുവേണ്ടി ഗ്രാമത്തലവന്റെ വക പുതിയ നിയമങ്ങള്‍ വന്നു. എല്ലാവരും പിരിഞ്ഞുപോയി. മുത്തശ്ശിമരത്തിന്റെ കുലത്തില്‍ പിറന്ന പണ്ഡിതശ്രേഷ്ഠന് എല്ലാവരേയും വിളിച്ചുചേര്‍ത്ത് മറ്റൊന്നു പറഞ്ഞു.” ഈ ഗ്രാമം വലിയൊരു ആപത്തിനുമുന്നിലാണ്. പച്ചമരം ഒടിഞ്ഞുവീണിരിയ്ക്കുന്നത് അതിന്റെ സൂചനയാണ്…”
പ്രതികരിക്കാൻ ഇവിടെ എഴുതുക: