ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത്വെച്ചാണ് ഞാനാദ്യമായൊരു സിനിമയുടെ ഷൂട്ടിങ് കാണുന്നത്. ജേസി സംവിധാനം ചെയ്ത ‘രാജാങ്കണം’ എന്ന സിനിമയുടെ ഷൂട്ടിങ്ങായിരുന്നു അത്.
കൊച്ചിയില്‍ അക്കാലത്ത് സിനിമാ ഷൂട്ടിങ്ങുകള്‍ അപൂര്‍വമായിരുന്നു. അതുകൊണ്ടുതന്നെ ഷൂട്ടിങ് കാണാന്‍ വലിയൊരു ആള്‍ക്കൂട്ടമുണ്ടാകും.
‘സന്ധ്യതന്‍ കവിള് തുടുത്തു
സിന്ദൂര സാഗരത്തില്‍ മിഴി തുടുത്തു’
എന്ന് തുടങ്ങുന്നൊരു ഗാനത്തിന്റെ ചിത്രീകരണമാണവിടെ നടന്നിരുന്നത്.
കാമറയ്ക്ക് മുന്നില്‍ വിന്‍സന്റും ജയഭാരതിയുമായിരുന്നു.
ജയഭാരതി എന്ന നടിയെ അന്നും ഇന്നും എനിക്കിഷ്ടമാണ്. അവര്‍ ഇന്നത്തെ നടിമാരെപ്പോലെ കള്ളും കഞ്ചാവുമൊന്നും ഉപയോഗിച്ചിട്ടില്ല. തന്റെ പ്രൊഫഷനോട് മാത്രമാണവര്‍ക്ക് പ്രതിബദ്ധതയുണ്ടായിരുന്നത്.
അതുകൊണ്ടാകും ജയഭാരതി അഭിനയിച്ച സിനിമകളിന്നും നമുക്ക് മുഷിപ്പ് കൂടാതെ കാണാനാകുന്നത്.
പഠിക്കുന്നകാലത്ത് ജയഭാരതി നായികയായ ‘പുലിവാല്’ കാണാനായി റിലീസിങ് ദിവസം ഷേണായീസ് തിയേറ്ററില്‍ പോകുകയും ടിക്കറ്റ് കിട്ടാത്തതിന് കൗണ്ടറില്‍ ഇരുന്ന ആളോട് ദേഷ്യപ്പെടുകയും അമര്‍ഷത്തോടെ കൗണ്ടറില്‍ ഇടിച്ചതും ഓര്‍ക്കുന്നു.
ഫോര്‍ട്ടുകൊച്ചിക്കാരനായ നെല്‍സണ്‍ ഫെര്‍ണാണ്ടസാണ് ഈ പാട്ടുപാടിയത്.
ഇന്ത്യ പാക് യുദ്ധകാലത്ത് ‘നാടിന് വേണ്ടി നാടിന് വേണ്ടി ജീവന് നല്കാന് പോണവരേ. നായരെ പടനായകരേ നിങ്ങള്‍ക്കായിരം അഭിവാദ്യങ്ങള്‍’ എന്ന പാട്ടെഴുതി പ്രശസ്ത ഗായകന് മെഹ്ബൂബിന് നല്കിയതും നെല്‍സണാണ്.
രാജ്യരക്ഷ ജീവിതവ്രതമാക്കിയ പടനായകര്‍ക്ക് നല്കാവുന്ന ഏറ്റവും വലിയ അഭിവാദ്യമായിരുന്നു ഈ ഗാനം.
‘രാജാങ്കണം’ എന്ന സിനിമ നിര്‍മിച്ചത് ചെമ്മീന്‍ ചെറിയാനെന്ന് വിളിച്ചിരുന്ന ഫോര്‍ട്ടുകൊച്ചി സ്വദേശിയായ സി.ചെറിയാനാണ്.
‘മഹാരാജാ’ ഫിലിംസും കൊച്ചി ഐലന്റില്‍ ‘മഹാരാജ്’ ഹോട്ടലും. കൊച്ചി കൊച്ചങ്ങാടിയില്‍ ‘ചെമ്മീന്‍സ്’ എന്ന പേരില്‍ ചെമ്മീനൊക്കെ വിദേശത്തേക്ക് കയറ്റി അയക്കുന്ന കമ്പനിയും ചെറിയാന് നടത്തിയിരുന്നു.
ചെറിയാന് കാണാനും സുമുഖനായിരുന്നു.
‘ചിത്രകാര്‍ത്തിക’ എന്ന പേരില്‍ ഫോര്ട്ടുകൊച്ചിയില്നിന്നൊരു വാരികയും ചെറിയാന് പ്രസിദ്ധീകരിച്ചിരുന്നു. നാടകകൃത്ത് കെ.ടി.മുഹമ്മദായിരുന്നു എഡിറ്റര്‍. വൈക്കം ചന്ദ്രശേഖരന് നായര്‍ ചീഫ് എഡിറ്ററും. വൈക്കം, കൊച്ചിയില്‍ താമസമാക്കുന്നത് ഈ വാരികയുടെ മുഖ്യപത്രാധിപരായ ശേഷമാണ്.
ഇന്ദിരാഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി.സി.അലക്സാണ്ടര്‍ ചെറിയാന്റെ ജ്യേഷ്ഠനാണ്.
‘ഇപ്പോഴും’ കൊച്ചിന് ഫൈന്‍ ആര്‍ട്സ് സൊസൈറ്റി വര്‍ഷന്തോറും സി.ചെറിയാന് സ്മാരക പുരസ്കാരം മലയാളസിനിമയിലെ അനുഗൃഹീതരായ നടന്മാര്ക്കും നടിമാര്‍ക്കും നല്‍കുന്നുണ്ട്.
നെടുമുടി വേണു, തിലകന്, സിദ്ദിഖ്, ബോബന് കുഞ്ചാക്കോ, കെപിഎസി ലളിത, ജയറാം അങ്ങനെ എത്രയോപേര്‍ക്ക് ഈ പുരസ്കാരം ലഭിച്ചിരിക്കുന്നു.
ജീവിതത്തില്‍ ആദ്യമായൊരു സിനിമയുടെ ഷൂട്ടിങ് കണ്ട സംവിധായകനില്‍നിന്ന് തന്നെ ‘എറണാകുളം സിനിക്ലബ്’ (ഇന്നത്തെ സിനിമാക്കാരുടെ ‘അമ്മ’ എന്ന സംഘടനയ്ക്ക് തുല്യം) സില്‍വല്‍ ജൂബിലിയോടനുബന്ധിച്ച് അഖില കേരള അടിസ്ഥാനത്തില്‍ നടത്തിയ ചിത്രരചനാ മത്സരത്തില്‍ ഒന്നാം സമ്മാനം കിട്ടിയപ്പോള്‍ എറണാകുളം ടിഡിഎം ഹാളില്‍ വെച്ചത് നല്‍കിയത് ജേസിയാണ്.
ജേസിയില്നിന്ന് അവാര്‍ഡ് സ്വീകരിക്കുമ്പോള്‍ വേദിയില്‍ പ്രേംനസീറും ജയഭാരതിയും കെ.പി.ഉമ്മറുണ്ടായിരുന്നു.
****
സംവിധായകന് ഭരതനെ കണ്ടതും ഫോര്‍ട്ടുകൊച്ചി പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വെച്ചാണ്. ‘എന്റെ ഉപാസന’ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് അന്നദ്ദേഹം ഫോര്‍ട്ടുകൊച്ചിയില്‍ എത്തിയത്.
വിനയം വല്ലാതുണ്ടായിരുന്നു ഭരതന്.
പി.ആര്.നാഥന് എഴുതിയ ‘ചാട്ട’ ഭരതന് സിനിമയാക്കിയപ്പോള്‍ സാമ്പത്തികമായി വിജയിച്ചില്ല. ചില പാലക്കാടന്‍ ഗ്രാമങ്ങളെ, കേന്ദ്രീകരിച്ചുള്ള പ്രമേയമായിരുന്നത് കൊണ്ടാണ് ‘ചാട്ട’ പരാജയമായതെന്ന് ഭരതന് പറഞ്ഞു.
പക്ഷെ അച്ചന്‍കുഞ്ഞ് എന്ന നടനെത്രത്തോളം പ്രതിഭ യായിരുന്നുവെന്ന് അറിയണമെങ്കില്‍ ‘ചാട്ട’ കാണണം.
സ്വന്തമായി സിനിമകള്‍ നിര്‍മിക്കുമ്പോള്‍ പരാജയപ്പെടുകയും മറ്റുള്ളവര്‍ക്ക് വേണ്ടി സിനിമ എടുക്കുമ്പോള്‍ വിജയിക്കുകയും ചെയ്യുകയെന്ന ട്രാജഡിയും തന്നെ സംബന്ധിച്ചുണ്ടെന്ന് ഭരതന് പറഞ്ഞു.
യാത്ര പറഞ്ഞിറങ്ങവേ ഇങ്ങനെയൊരു കാര്യം കൂടെ ഭരതന് ഓര്‍മപ്പെടുത്തി. എന്നെ പേനയും കടലാസുമില്ലാതാദ്യം കാണാനെത്തുന്ന ജേര്‍ണലിസ്റ്റ് സമദാണെന്ന്.
****
കൊച്ചിയില്‍വെച്ചാണ് സംവിധായകന് രഞ്ജിത്തിനെയും കണ്ടത്.
ആദ്യദിവസമൊരകല്ച്ച അനുഭവപ്പെട്ടെങ്കിലും പിന്നീടത് മഞ്ഞുപോലെ ഉരുകി.
പി.പത്മരാജന് എന്ന എഴുത്തുകാരനേയും ചലച്ചിത്രകാരനേയുംകുറിച്ചാണ് ആ കൂടിക്കാഴ്ചയില്‍ ഞങ്ങള്‍ കൂടുതലും സംസാരിച്ചത്.
അദ്ദേഹത്തിന്റെ ഓര്‍ക്കാപ്പുറത്തുണ്ടായ വേര്‍പാട് സൃഷ്ടിച്ച നഷ്ടബോധം…
അലക്സ് കടവില്‍…
ബാലചന്ദ്രന് ചുള്ളിക്കാട്…
തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ പഠനകാലങ്ങള്‍…
അക്കാലങ്ങളില്‍ ജോലി കഴിഞ്ഞാല്‍ ഞാന്‍ സെറ്റില്‍ ചെല്ലും. വലിയ സ്വീകരണമായിരുന്നു.
സംസാരത്തെ പ്രിയപ്പെട്ടൊരു സംഗീതം പോലെ അനുഭവിക്കുവാന്‍ രഞ്ജിത്തിന് കഴിയും.
നാല് ദിവസത്തെ രഞ്ജിത്തുമായുള്ള കൂടിക്കാഴ്ചകള്‍ എന്നെ ബോധ്യപ്പെടുത്തിയതും ഇത്തരമൊരു നേരാണ്.
പഠിക്കുന്ന കാലത്ത് നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്യുകയും അഭിനയിക്കുകയുമൊക്കെ ചെയ്തപ്പോള്‍ സിനിമയായിരുന്നു മനസ്സില്‍…
പി.എ. ബക്കറിന്റെ ‘ചാരം’ എന്ന ചിത്രത്തില്‍ എഴുത്തുകാരനും സംവിധായകനുമായ മധുവിന്റെ സിനിമയിലുമൊക്കെ അഭിനയിക്കേണ്ടതായിരുന്നു.
പക്ഷെ കാലമതൊന്നും പൂര്‍ത്തീകരിച്ചില്ല.
എഴുത്താകും കാലമെന്നില്‍ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം…
പക്ഷെ ഇനിയും ചിത്രീകരിക്കാനിരിക്കുന്ന ഏതോ സിനിമയിലൊരു കഥാപാത്രമായി ഞാന്‍ എന്നെ കാണുന്നു…
കാലമേ നീയത് പൂര്‍ത്തീകരിച്ച് തരുമെങ്കില്‍ അതാകുമെന്റെ ജന്മസുകൃതം…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: