കല്യാണത്തിനും കളവാണത്തിനും പോകുന്നതൊക്കെ കൊള്ളാം. പക്ഷേ, ആരുടെ കല്യാണം, ആരൊക്കെയാണവിടെയുണ്ടാകുക, എന്തൊക്കെയാണ് ആഹരിക്കാനുണ്ടാവുക എന്നിവയെക്കുറിച്ച് ശരിയായ ധാരണയുണ്ടാവണം. എന്നുവെച്ചാല്‍ കല്യാണം, അടിയന്തരം, പൂണൂല്‍, വീടുകൂടല്‍ തുടങ്ങിയവയ്‌ക്ക് പോകും മുമ്പ് കാര്യങ്ങളെക്കുറിച്ച് ഒരു ധാരണയുണ്ടാക്കണമെന്ന്. ഇല്ലെങ്കില്‍ പോയി വഷളാവാനുള്ള സാധ്യതകള്‍ എറെയാണ്. ഇവിടെ ന്യായമായും ഉയര്‍ന്നുവരാവുന്ന ഒര ചോദ്യമുണ്ട്. ക്ഷണിച്ചിട്ട് പോയവരോ, അതല്ല, ക്ഷണം കിട്ടാത്തവരോ ആരാണ് ആക്ഷേപം ഉന്നയിക്കുന്നത് എന്ന്.
സാധാരണഗതിയില്‍ കല്യാണം, നിശ്ചയം തുടങ്ങി ശുഭകരമായ കാര്യങ്ങള്‍ക്കൊക്കെയും ഒരുവിധപ്പെട്ടവരെയൊക്കെ ക്ഷണിക്കാറുണ്ട്. ചടങ്ങിനെത്തിയാല്‍ നടത്തുന്നവരുടെ അഭിമാനം വര്‍ദ്ധിക്കുന്നവര്‍, ഗുണമുള്ളവര്‍, ചടങ്ങിന് യാതൊരുവിധ പ്രശ്‌നവും ഉണ്ടാക്കാത്തവര്‍ തുടങ്ങിയവരെയൊക്കെ സാധാരണ ഗതിയില്‍ ക്ഷണിക്കും.
അവര്‍ വരുമ്പോള്‍ സ്‌നേഹപുരസ്സരം സ്വാഗതമോതും. ഭക്ഷണത്തിനുള്ള ഏര്‍പ്പാടിന് വ്യവസ്ഥയുണ്ടാക്കും. എന്നാല്‍ ശുഭകരമായ പരിപാടിയിലെത്തിയാല്‍ അത് നന്നാവില്ലെന്ന് കരുതുന്നവരെ അങ്ങോട്ട് അടുപ്പിക്കാറില്ല. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അപ്പനപ്പൂപ്പന്‍മാര്‍ മുതല്‍ പുലര്‍ത്തിപ്പോരുന്നതാണത്.
നമ്മുടെ സുധീരനവര്‍കള്‍ക്ക് ഇതൊന്നും അത്ര രുചിക്കുന്നില്ല എന്ന് വെച്ചോളിന്‍. അദ്യം എന്നാല്‍ നാട്ടുക്കൂട്ടത്തിനു മുമ്പില്‍ നെഞ്ച് വിരിച്ച് നില്‍ക്കാന്‍ യോഗ്യതയുള്ളയാളാണ്. എന്ത് പരിപാടി നടന്നാലും അറിഞ്ഞിരിക്കണം. അദ്യത്തിന് ബഹുമാന്യ സ്ഥാനം നല്‍കണം. എന്നാല്‍ ഇതൊന്നും നിശ്ചയമില്ലാത്തവര്‍ ഇപ്പോള്‍ അരങ്ങ് വാഴുകയാണ്. വാണോട്ടെ. പക്ഷെ, അതിനനുസരിച്ച് തുള്ളാന്‍ മുന്‍ മുഖ്യനും മുന്‍ ആഭ്യന്തരനും തയാറാവാമോ? ഉമ്മച്ചന്‍ സര്‍ക്കാരിനെ വലിച്ചുതാഴെയിറക്കാന്‍ 24 മണിക്കൂറും ശ്രമിച്ച ഒരു മദ്യരാജാവിന്റെ ആതിഥേയത്വം എന്തടിസ്ഥാനത്തിലാണ് ഇവര്‍ സ്വീകരിച്ചത്. പാവങ്ങള്‍ക്കും അവരുടെ വികാരങ്ങള്‍ക്കും ഒപ്പം നിന്നു ശീലിച്ചുപോയവര്‍ എന്തുകൊണ്ടാണിങ്ങനെ മറുകണ്ടം ചാടുന്നത്.
നാട്ടുകാരുടെ മുമ്പില്‍ ഗമ കാണിക്കാനുള്ള അവസരമാക്കി കല്യാണം, നിശ്ചയം മുതലായ ചടങ്ങുകളെ ഉപയോഗപ്പെടുത്തുമ്പോള്‍ ലളിതജീവിതത്തെപ്പറ്റി പറയുകയും അത് ജീവിതത്തില്‍ അനുഷ്ഠിച്ചുകാണിക്കുകയും ചെയ്ത ഗാന്ധിജിയെ ഓര്‍ക്കേണ്ടതായിരുന്നു. അദ്ദേഹത്തെ അനുസ്മരിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു എന്നു മാത്രമല്ല ആര്‍ഭാടത്തിന്റെ അരമനയില്‍ സുഖസുന്ദരമായി ചെലവിടുകയും ചെയ്തു. സഹിക്കാനാവുമോ അതൊക്കെ.
ഇതിനൊക്കെ ശരിക്കുള്ള മറുപടി ഉമ്മച്ചന്റെയും ചെന്നിത്തലയുടെയും കൈയിലുണ്ട്. അത് പറയുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ മാലോകര്‍ അറിയണം. അച്ഛനമ്മമാരോട് ദേഷ്യമുണ്ടെന്നുവെച്ച് അവരുടെ മക്കളോടും കൊച്ചുമക്കളോടും അതൊന്നും കാണിക്കരുത്. മദ്യമായാലും മത്തങ്ങയായാലും കച്ചവടം കച്ചവടം തന്നെയാണ്. ജീവിക്കാനുള്ള ഒട്ടേറെ മാര്‍ഗങ്ങളില്‍ പെട്ടതാണ് അത്. ആയതിനാല്‍ മദ്യം വില്‍ക്കുന്നവരെ അകറ്റി നിര്‍ത്തേണ്ടതില്ല.
തന്നെയുമല്ല മന്ത്രിപ്പണിയില്‍ കൂട്ടുചേര്‍ന്ന വിദ്വാന്റെ മകന്റെ വിവാഹനിശ്ചയമാണ്. ആര് ആരെ കല്യാണം കഴിക്കണം, ആരില്‍ നിന്ന് സംഭാവന വാങ്ങണം എന്നതിനെക്കുറിച്ചൊന്നും ലിഖിതമായ നിര്‍ദ്ദേശങ്ങള്‍ എഐസിസിയില്‍ നിന്നോ മറ്റോ കിട്ടിയിട്ടില്ല. കിട്ടുന്ന മുറയ്‌ക്ക് വേണ്ടതു ചെയ്താല്‍ പോരേ എന്നാണ് നിലപാട്.
ഇതിനെക്കുറിച്ചൊക്കെ അറിഞ്ഞ നമ്മുടെ കണാരേട്ടന്റെ അഭിപ്രായം ഇങ്ങനെ: കല്യാണം, നിശ്ചയം തുടങ്ങിയവയ്‌ക്കൊക്കെ മാന്യന്മാരെയേ വിളിക്കാറുള്ളു. വിളിച്ചവര്‍ക്കേ അഭിപ്രായം പറയാന്‍ പറ്റൂ. ഇതിനൊന്നും വിളിച്ചിട്ടില്ലെങ്കില്‍ അതിന്റെ കലിപ്പ് തീര്‍ക്കാന്‍ ചടങ്ങില്‍ പങ്കെടുത്തവരെ ആക്ഷേപിക്കുകയല്ല വേണ്ടത്. അതുകൊണ്ട് സഹൃദയരേ മേലാല്‍ ക്ഷണിക്കാത്ത ചടങ്ങിന് പോകരുത്. അഭിപ്രായം പറയുകയുമരുത്. കെപിസിസി അദ്ധ്യക്ഷനാണെന്ന് കരുതി സകല കല്യാണ, നിശ്ചയ, ഗൃഹപ്രവേശ ചടങ്ങുകള്‍ക്കും വിളിക്കണമെന്നത് ഒരു ഒന്നൊന്നര ആഗ്രഹമല്ലേ. അത്തരം ആഗ്രഹങ്ങള്‍ വെച്ചു പലര്‍ത്തുന്നത് ആരോഗ്യത്തിനും രാഷ്‌ട്രീയത്തിനും ഹാനികരമല്ലേ?
********* *********** **********
തീരെ നിവൃത്തിയില്ലെങ്കില്‍ പിന്നെ ചെയ്യാവുന്നത് ആത്മഹത്യയാണെന്ന് ചിലര്‍ കരുതുന്നു. ആത്മാവിന് ക്ഷതം സംഭവിക്കുന്നില്ലെങ്കിലും എന്തോ ആത്മഹത്യയെന്നേ പറയാറുള്ളു. അത് കണാരേട്ടന്റെ കേരളത്തിലായാലും ചൗഎന്‍ലായിയുടെ ചീനയിലായാലും ഒന്നു തന്നെ. പരിഷ്‌കരണ വാദികള്‍ക്ക് ഒരിക്കലും പാരമ്പര്യ വാദികളെ അത്രയ്‌ക്കങ്ങ് പിടിക്കാറില്ല. അവര്‍ വികസനം മുടക്കികളാണെന്ന ദുഷ്‌പേര് ചാര്‍ത്തി ഒതുക്കാനാണ് നോക്കുക. ചൈനയിലെ പീപ്പിള്‍സ് ഡെയ്‌ലിയുടെ സീനിയര്‍ എഡിറ്റര്‍ക്കും സംഭവിച്ചത് അതാണ്.
പരിഷ്‌കരണവാദികളുടെ ദുസ്സഹമായ പെരുമാറ്റത്തില്‍ മനം മടുത്ത് 56 കാരനായ സുതേഷി ആത്മഹത്യ ചെയ്യുകയായിരുന്നു. പാര്‍ട്ടിയുടെ സൈദ്ധാന്തികനും പീപ്പിൾസ് ഡെയ്‌ലിയുടെ ഓണ്‍ലൈന്‍ എഡിഷന്‍ ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു സുതേഷി. ഓഫീസിലെ പാര്‍ക്കിങ് സ്ഥലത്താണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. പരിഷ്‌കാരങ്ങളുടെയും തുറന്ന ആഗോളവല്‍ക്കരണ നയങ്ങളുടെയും കടുത്ത വിമര്‍ശകനായിരുന്ന സുതേഷി പാര്‍ട്ടിത്തമ്പ്രാക്കളുടെ കണ്ണിലെ കരടായി മാറിയിട്ട് നാളേറെയായത്രെ.
ഫിഡല്‍ കാസ്‌ട്രോ ആക്കി ഒതുക്കി നിര്‍ത്തുകയായിരുന്നോ അതോ വല്ല പാതവക്കിലും ഷെഡ് കെട്ടി പാര്‍പ്പിക്കുകയായിരുന്നോ എന്നൊന്നും വ്യക്തമാക്കപ്പെട്ടിട്ടില്ല. ആയതിനാല്‍ സഖാക്കളെ, സഹോദരന്മാരെ, സഹൃദയരേ ആരും മുട്ടാപ്പോക്കിന് ഇറങ്ങിത്തിരിക്കണ്ട എന്നാണ് പറയാനുള്ളത്. മരിച്ചവര്‍ക്കാവില്ല പ്രശ്‌നം, അവരുടെ സ്വന്തബന്ധുക്കള്‍ക്കാവും എന്നൊരു കാര്യം കണിശമായി ഓര്‍ത്തുവെച്ചോളിന്‍.
******* ********** **********
നേരെചൊവ്വെ ഒരു കാര്യം പറയാന്‍ കഴിയില്ലെങ്കില്‍ ശ്ലോകത്തില്‍ കഴിക്കുക. മറ്റെന്തെങ്കിലും ഉദാഹരണത്തില്‍ കാര്യം വിശദീകരിക്കുക എന്നൊക്കെ പറയാറില്ലേ. അത് നല്ലോണം അറിയുന്ന കേമനാണ് നമ്മുടെ ഹസനേട്ടന്‍. യെസ് കെപിസിസി വൈസ് പ്രസിഡന്റ് എം.എം ഹസന്‍ തന്നെ. കേരളത്തിലെ കോണ്‍ഗ്രസിനെ ചുരുട്ടിക്കൂട്ടാന്‍ നന്നായി പ്രയത്‌നിച്ച ഒരു മഹാശയന്‍ ഇപ്പോഴും വിടുവായത്തവുമായി നാടുചുറ്റുന്നത് കണ്ട് സഹിയാതെ ടിയാന്‍ ചില വാചകങ്ങള്‍ മിസൈലാക്കി. ഇതാ അതില്‍ നിന്ന് ചിലവരികള്‍:
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് തമിഴ്‌നാട് പിസിസി പ്രസിഡന്റ് രാജിവെച്ചതു നല്ലൊരു മാതൃകയാണ്. ഇതു കേരളത്തിലും പ്രാവര്‍ത്തികമാക്കണോ എന്നു ഞാന്‍ പറയില്ല. പറയാതെ പറയുകയത്രേ നമുക്കു രസമെടോ എന്നാണോ നിങ്ങള്‍ പറയാന്‍ വരുന്നത്. മനസ്സില്‍ ആരെയോ കണ്ടുള്ള ചാട്ടുളി ഏറായി തോന്നിയെങ്കില്‍ തികച്ചും യാദൃച്ഛികമെന്ന മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയാം.
നേര്‍മുറി
പിണറായിയുടെ തനിനിറം
വെളിച്ചത്തായി: സുധീരന്‍
നുമ്മടേത് വെളിച്ചം കാണാ
ത്തതിനാല്‍ സുഖായി
കടപ്പാട്: മലയാള മനോരമ
പ്രതികരിക്കാൻ ഇവിടെ എഴുതുക: