ഗുരുവായൂര്‍ ദേവസ്വം ആനത്താവളത്തിലെ കൊമ്പന്മാര്‍ക്കുള്ള സുഖചികിത്സ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൊമ്പന് ജൂനിയര്‍ വിഷ്ണുവിന് നല്കി ഉദ്ഘാടനം ചെയ്യുന്നു.
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ആനതാവളത്തിലെ 54-ഗജസമ്പത്തുക്കള്ക്ക് സുഖചികിത്സ ആരംഭിച്ചു. സുഖചികിത്സ ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്, കൊമ്പന് ജൂനിയര്‍ വിഷ്ണുവിന് ആദ്യ ഔഷധ ഉരുള നല്കി സുഖചികിത്സ ഉദ്ഘാടനം ചെയ്തു. ഇന്നലെ ഉച്ചക്ക് നടന്ന സുഖചികിത്സ ചടങ്ങില്‍ ദേവസ്വത്തിലെ 25-ഓളം ഗജവീരന്മാര് പങ്കെടുത്തു. ച്യവനപ്രാശം, അഷ്ടചൂര്‍ണ്ണം, മിനറല്‍ മിക്സച്ചര്‍, ഉണങ്ങല്ലരി, ചെറുപയര്‍, മുതിര, റാഗി, മഞ്ഞള്‍പൊടി, ഉപ്പ്, വൈറ്റമിന്‍ ടോണിക് എന്നിവയാണ് സുഖചികിത്സക്കായി ആനകള്‍ക്ക് കൊടുക്കുന്നത്. ദിവസവും വിശദമായ തേച്ചുകുളിയും സുഖചികിത്സയുടെ ഭാഗമായുണ്ട്. ദേവസ്വത്തിലെ 54-ആനകളില്‍ മദപാടിലുള്ള ആനകള്ക്കൊഴികെ എല്ലാ ആനകള്‍ക്കുമാണ് സുഖചികിത്സ ഇന്നലെ ആരംഭിച്ചത്. മദപാടിലുള്ളവക്ക് നീരില്‍നിന്ന് അഴിച്ചതിന് ശേഷം സുഖചികിത്സ നടക്കും. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, അഡ്വ: കെ. ഗോപിനാഥന്, കെ. സുധാകരന്, എം.എല്‍.എമാരായ കെ.വി. അബ്ദുള്‍ഖാദര്‍, ഗീതീഗോപി, ആനവിദഗ്ദന് ആവണപറമ്പ് മഹേശ്വരന് നമ്പൂതിരിപ്പാട്, ആനഡോക്ടര്‍ മാരായ ഡോ: രാജീവ്, ഡോ: വിവേക്, ഡോ: ഗിരിദാസ്, ഡോ: പവിത്രന്, ദേവസ്വം ഉദ്യോഗസ്ഥരായ വി. മുരളീധരന്, ശങ്കരനുണ്ണി, വി.സി. രാധ, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. സുമതി, ആര്. സുരേഷ്, എ.കെ. രാധാകൃഷ്ണന്, പ്രശാന്ത്, രാമകൃഷ്ണന്, സുഭാഷ്, അഡ്മിനിസ്റ്റ്രേറ്ററുടെ ചുമതലയുള്ള അസി: കലക്ടര്‍ ഹരിതാ. വി. കുമാര്‍ തുടങ്ങിയവരും, നൂറുകണക്കിന് ആനപ്രേമികളും ചടങ്ങില്‍ പങ്കെടുത്തു. 30-ദിവസം നീണ്ടുനില്‍ക്കുന്ന ആനകളുടെ സുഖചികിത്സക്കായി 15-ലക്ഷം രൂപയാണ് ദേവസ്വം നീക്കിവെച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: