പത്തനംതിട്ട: കേന്ദ്രസര്‍ക്കാരിന്റെ ദീന് ദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജന, ഇന്റഗ്രേറ്റഡ് പവര്‍ ഡെവലപ്മെന്റ് പദ്ധതി എന്നിവയിലൂടെ ജില്ലയിലെ 2500 ബി. പി. എല്‍ കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന് നല്‍കും. രണ്ടു പദ്ധതികളും അവലോകനം ചെയ്യാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്റെ അധ്യക്ഷതയില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. പദ്ധതികളില്‍ ഉള്‍പ്പെടുത്തി 795 കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന് നല്‍കിക്കഴിഞ്ഞു. ബി. പി. എല്‍ കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കുമ്പോള്‍ വയറിംഗ് നടത്തുന്നതിനുള്ള തുകയുടെ 50 ശതമാനമെങ്കിലും കെ. എസ്. ഇ. ബി തന്നെ വഹിക്കുന്നതിനാവശ്യമായ നടപടിയുണ്ടാകണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. രണ്ടു പദ്ധതികളും കമ്മിറ്റി അംഗീകരിച്ചു.
ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായവും തേടും. ദീന് ദയാല്‍ പദ്ധതിയില്‍ ഗ്രാമീണമേഖലയിലെയും ഇന്റഗ്രേറ്റഡ് പദ്ധതിയില്‍ നഗര മേഖലയിലെയും വൈദ്യുതീകരണമാണ് നടത്തുന്നത്. ദീന് ദയാല്‍ പദ്ധതിയില്‍ 25.58 കോടി രൂപയാണ് ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്നത്. നഗരപദ്ധതിയില്‍ 33.50 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: