പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലാഭ വിഹിതത്തില്‍ നിന്നും രണ്ടുകോടിരൂപാ കോഴഞ്ചേരിയിലെ ക്യാന്‍സര്‍ സെന്ററിന്റെ വികസനത്തിന് നല്‍കും. ഇന്ത്യയിലെ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ അവരുടെ ലാഭത്തിന്റെ ഒരു വിഹിതം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണമെന്ന പ്രധാമന്ത്രിയുടെ നിര്‍ദ്ദേശമാണ് എസ്ബിഐ പ്രാവര്‍ത്തികമാക്കിയത്.
ഈതുക വിനിയോഗിച്ച് ജില്ലാ കാന്‍സര്‍ സെന്ററില്‍ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയുള്ള ഡിജിറ്റല്‍ മാമ്മോഗ്രാം മെഷീന് സ്ഥാപിക്കും. 1.30 കോടി രൂപ ചെലവഴിച്ചാണ് ജര്‍മ്മനിയില്‍ നിന്ന് മെഷീന് ഇറക്കുമതി ചെയ്തിരിക്കുന്നത്. സ്തനാര്‍ബുദം പ്രാരംഭ ദിശയില്‍ തന്നെ കണ്ടുപിടിക്കാന്‍ മാമ്മോഗ്രാം മെഷീന്‍കൊണ്ട് കഴിയും.
ജില്ലാ കാന്‍സര്‍ സെന്ററില്‍ മാമ്മോഗ്രാം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ സൗജന്യനിരക്കില്‍ സേവനം ലഭിക്കും. തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് മെഷീന് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇതിനുവേണ്ടി തെരഞ്ഞെടുത്ത റേഡിയോഗ്രാഫര്ക്കുള്ള പരിശീലനവും ആര്‍സിസിയില്‍ ആരംഭിച്ചു. ദേശീയ കാന്‍സര്‍ നിര്‍മാര്‍ജന പദ്ധതിയുടെ നാല് പരിപാടികളായ കാന്‍സര്‍ രോഗത്തെപ്പറ്റിയുള്ള ബോധവത്കരണം, രോഗനിര്ണയക്യാമ്പുകള് ചികിത്സാ സംവിധാനങ്ങള്‍ , സാന്ത്വന പരിപാലനം എന്നിവ പരിശോധിക്കുകയും ഇവ മികച്ച രീതിയില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി സെന്റര്‍ നടത്തിയതിന്റെ രേഖകള്‍ പഠന വിധേയമാക്കിയതിന്റെയും അടിസ്ഥാനത്തില്‍ ബാങ്ക് പണം സെന്ററിനു കൈമാറിയത്. ഈ തുക ഉപയോഗിച്ചാണ് മാമ്മോഗ്രാമും മറ്റ് നവീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.
തിരുവനന്തപുരം ആര്‍സിസിയുടെ സബ്സിഡിയറി യൂണിറ്റായ സെന്ററില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ച ആര്‍സിസിയില്‍ നിന്നുമുള്ള വിദഗ്ധരടങ്ങിയ സംഘം രോഗികളെ പരിശോധിക്കുകയും ചികിത്സാവിധികള്‍ നിര്‍ണയിക്കുകയും ചെയ്തുവരുന്നു. ആര്‍സിസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പത്തനംതിട്ട ജില്ലക്കാരായ രോഗികള്‍ക്കുള്ള തുടര്‍ചികിത്സയാണ് ഇവിടെ നല്‍കുന്നത്. ഇതിനോടൊപ്പം മറ്റ് കാന്‍സര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുള്ള രോഗികള്‍ക്കും മാര്‍ഗ നിര്‍ദ്ദേശവും നല്‍കാറുണ്ട്.
1999 ഒക്ടോബര്‍ 29 നാണ് ജില്ലാ കാന്‍സര്‍ സെന്റര്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
മാമ്മോഗ്രാം സ്ഥാപിതമാകുന്നതോടെ കാന്‍സര്‍ നിര്‍ണയ ക്യാമ്പുകളില്‍ എത്തുന്ന സ്ത്രീകളുടെ ബ്രസ്റ്റ് സ്്രകീനിംഗ് നടത്തുകയും മാമ്മോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കാനും കഴിയുന്നത് വലിയ നേട്ടമാണെന്ന് സെന്റര്‍ ഡയറക്ടര്‍ ഡോ. കെ.ജി. ശശിധരന് പിള്ള പറഞ്ഞു. ഇങ്ങനെ മാമ്മോഗ്രാം പരിശോധന വേണ്ടി വരുന്നവരെ സെന്ററിലെത്തിക്കുന്നതിന് പുതിയ വാഹനവും വാങ്ങിയിട്ടുണ്ട്.
സ്തനാര്‍ബുദം പ്രാരംഭദിശയില്‍ തന്നെ കണ്ടുപിടിച്ചാല്‍ പൂര്‍ണമായും സുഖപ്പെടുത്താനും ശരീരത്തിലെ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുമാകും. ആര്‍സിസിയുടെ കീഴില്‍ ഒരു മിനി കാന്‍സര്‍ ആശുപത്രി ആരംഭിക്കാനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ജില്ലാ ക്യാന്‍സര്‍സെന്ററില്‍ ഉണ്ടെന്നും ഡോ.കെ. ജി. ശശിധരന്‍പിള്ള പഞ്ഞു. മാമ്മോഗ്രാം സ്ഥാപിക്കുന്നതോടൊപ്പം സെന്ററിലെ ലാബും 16 ലക്ഷം രൂപ ചിലവില്‍ നവീകരിക്കുന്നുണ്ട്.
24 മുറികളുള്ള പേ വാര്‍ഡ് , അള്‍ട്രാസൗണ്ട് സ്കാനര്‍, ഗര്‍ഭാശയ കാന്‍സര്‍ നിര്‍ണയത്തിനുള്ള കോള്‍പോസ്കോപ്പ്, സൈറ്റോ ടെക്നോളജിസ്റ്റ്, കീമോ തെറാപ്പി , ടെലി മെഡിസിന് സംവിധാനങ്ങള്‍ എന്നിവയെല്ലാം സെന്ററിലുണ്ട്. ആര്‍സിസിയില്‍ നിന്നും തുടര്‍ ചികിത്സ നടത്താനായി എത്തുന്ന വിദഗ്ധര്‍ ടെലി മെഡിസിന് സംവിധാനം ഉപയോഗിച്ചാണ് ചികിത്സകള്‍ ക്രോഡീകരിക്കുന്നത്. ഇതിനോടൊപ്പം കാന്‍സര്‍ രോഗികളുടെ വീടുകളിലെത്തി സാന്ത്വന പരിചരണം നടത്തുന്നുണ്ട്. സാന്ത്വന പരിചരണത്തിന് റീജിയണല്‍ കാന്‍സര്‍ സെന്ററില്നിന്നുതന്നെ പരിശീലനം ലഭിച്ച ഒരു ഡോക്ടറും രണ്ട് നഴ്സുമാരും അടങ്ങിയ സംഘമാണ് നേതൃത്വം നല്‍കുന്നത്.
ഒരുമാസത്തിനുള്ളില്‍ മാമ്മോഗ്രാം ഉള്‍പ്പെടെയുള്ള മെഷീന്റെ പവര്ത്തനം ആരംഭിക്കാനാണ് സെന്റര്‍ ശ്രമിക്കുന്നത്. മെഷീന് സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്.
ജര്മനിയില്നിന്നുള്ളസാങ്കേതിക വിദഗ്ധരുടെ സേവനവും പ്രാരംഭഘട്ടത്തില്‍ ലഭിക്കും. കാന്‍സര്‍ സെന്ററിനെ മിനി ആശുപത്രിയാക്കി ആര്‍സിസി ഉയര്‍ത്തുകയാണെങ്കില്‍ മലയോര ജില്ലയിലെ ആളുകള്‍ക്ക് ഏറെ പ്രയോജനമായിരിക്കും ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: