ജക്കാര്‍ത്ത: പത്ത് വയസ് പ്രായം മാത്രം എന്നാൽ ഭാരം കേട്ടാൽ ഞെട്ടും 192 കിലോ, വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്, എന്നാൽ സത്യമാണ്, ആര്യ പ്രമാന എന്ന ഇന്തോനേഷ്യൻ ബാലന്റെ ശരീരം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. ഈ ചെറു പ്രായത്തിൽ ഇത്രയും ഭാരമുള്ള ഒരു ബാലനും ഈ ഭൂമിയിൽ ഉണ്ടാകില്ല. ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ സ്വദേശിയാണ് ആര്യ പ്രമാന.
ദിവസം അഞ്ച് നേരം ഭക്ഷണം കഴിക്കുകയും മൊബൈലിൽ ഗെയിം കളിക്കുകയും ചെയ്യുന്ന ആര്യ എല്ലാവർക്കും കൗതുകവും ഒപ്പം വേദനയും ഉളവാക്കുന്നു. ചെറുപ്രായത്തിൽ മറ്റ് കുട്ടികളെ പോലെ സാധാരണ രീതിയിലാണ് ആര്യ വളർന്നിരുന്നത്. എന്നാൽ ഭക്ഷണ ക്രമത്തിൽ വന്ന മാറ്റം ആര്യയുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുകയായിരുന്നു. ദിവസം അഞ്ച് നേരം ചോറുണ്ണുന്ന ആര്യക്ക് നിർബന്ധമായും ബീഫ്, സൂപ്പ്, കടല തുടങ്ങിയ വിഭവങ്ങളും വേണം.
തന്റെ മകന്റെ ഭക്ഷണ കാര്യത്തിലും അമിത ഭാരത്തിലും ഏറെ ആശങ്കയിലുമാണ് ആര്യന്റെ അമ്മ റോകയാഹ്. മറ്റ് കുട്ടികളെ പോലെ സ്കൂളിൽ പഠിക്കാൻ പോകാനോ കൂട്ടുകാർക്കൊപ്പം കളിക്കാനോ ആര്യക്കാകുന്നില്ല. വസ്ത്രങ്ങള്‍ ഒന്നും തന്നെ പാകമാകാത്ത സാഹചര്യത്തിൽ മുണ്ടുടുത്താണ് വീട്ടിൽ ആര്യയുടെ നടപ്പ്.
റോക്‌യാഹിന്റെ രണ്ടാമത്തെ മകനാണ് ആര്യ. ഇപ്പോൾ ആര്യയുടെ ഭക്ഷണം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് റോകയാഹ്. സമീപത്തെ മറ്റ് കുട്ടികളെപ്പോലെ ആര്യയും കളിച്ച് ചിരിച്ച് വിദ്യാഭ്യാസം നേടുന്നത് കാണാൻ തങ്ങൾ ഏറെ ആഗ്രഹിക്കുന്നുണ്ടെന്ന് ആര്യയുടെ അമ്മ കൂട്ടിച്ചേർത്തു.
ആര്യയുടെ വണ്ണം കുറയ്‌ക്കുന്നതിനും ഭക്ഷണം നിയന്ത്രിക്കുന്നതിനും വേണ്ടി നഗരത്തിലെ പ്രമുഖ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ ശ്രമിക്കുകയാണ് ആര്യയുടെ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: