കല്‍പ്പറ്റ : ജില്ലാ ആസൂത്രണ സമിതി അഡ്ഹോക് കമ്മിറ്റി യോഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2015-16 വര്‍ഷത്തെ പുതുക്കിയ പ്രൊജക്ടുകള്‍ക്ക് അംഗീകാരം നല്കി. സ്വച്ഛഭാരത് മിഷന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ടിനുള്ളില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളെയും തുറസ്സായ സ്ഥലത്തെ മലവിസര്‍ജന വിമുക്തമാക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു.
കേന്ദ്ര സര്‍ക്കാറിന്റെ സ്വച്ഛഭാരത് മിഷന്റെ പദ്ധതി പ്രകാരം ഒരു വീട്ടില്‍ കക്കൂസ് നിര്‍മിക്കുന്നതിനായി കേന്ദ്ര ഫണ്ടായി 12,000 രൂപ നല്‍കും. 3,400 രൂപ ഗ്രാമപഞ്ചായത്ത് വിഹിതമായി നല്‍കണം. ശുചിത്വമിഷനും ജലനിധിയും ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുക. ജലനിധി പദ്ധതിയുള്ള 11 പഞ്ചായത്തുകളില്‍ ജലനിധിയും ശേഷിച്ച 12 പഞ്ചായത്തുകളില്‍ ശുചിത്വമിഷനുമാണ് പദ്ധതി നടപ്പിലാക്കുന്നത്. കക്കൂസ് നിര്‍മിച്ചു നല്കുന്ന വീടുകളില്‍ വെള്ളമെത്തിക്കാനുള്ള പദ്ധതി കൂടി വേണമെന്ന് ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ പറഞ്ഞു. കക്കൂസ് ഉപയോഗിക്കുന്നത് സംബന്ധിച്ച് ബോധവത്കരണം കൂടി നടത്തണം. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക കെട്ടിടങ്ങളില്‍ കക്കൂസ് സൗകര്യം ലഭ്യമാക്കേണ്ടത് കെട്ടിട ഉടമകളുടെ ചുമതലയാണെന്ന് കളക്ടര്‍ വ്യക്തമാക്കി. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളിലെ കക്കൂസ് സൗകര്യങ്ങളുടെ അപര്യാപ്തത സംബന്ധിച്ച് പരിശോധനകള്‍ നടത്തുമെന്നും അറിയിച്ചു. എല്ലാ പഞ്ചായത്തുകളെയും തുറസ്സായ സ്ഥലത്തെ മലവിസര്‍ജന വിമുക്തമാക്കുന്നതിനുള്ള പദ്ധതി വിജയിപ്പിക്കേണ്ടത് എല്ലാവര്ക്കും ആരോഗ്യത്തോടെ കഴിയാന്‍ അത്യാവശ്യമാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ചൂണ്ടിക്കാട്ടി. പഞ്ചായത്തുകള്‍ ഇതിനായി തുക വകയിരുത്തണമെന്നും അവര്‍ പറഞ്ഞു.
യോഗത്തില്‍ സബ് കളക്ടര്‍ ശീറാം സാംബശിവറാവു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്. മണിലാല്‍, ശുചിത്വ മിഷന് ജില്ലാ കോ ഓഡിനേറ്റര്‍ പി.കെ.അനൂപ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: