മണലി : ദേശീയപാതയോരത്തെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടയാളെ തിരിച്ചറിയാന്‍ കഴിയാത്തത് പോലീസിന്റെ അന്വേഷണത്തിന് വിലങ്ങുതടിയാകുന്നു. കൊല്ലപ്പെട്ടയാളുടെ മുഖം പുഴുവരിച്ച് വികൃതമായ നിലയിലായതിനാലാണ് തിരിച്ചറിയാന്‍ പോലീസിന് കഴിയാതെ വന്നത്. തമിഴ്നാട്ടില്‍ നിന്നും എത്തിയ കല്‍പ്പണിക്കാരനാണ് കൊല്ലപ്പെട്ടതെന്ന നിഗമനത്തില്‍ പോലീസ് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലോഡ്ജുകളിലും മറ്റിടങ്ങളിലും പരിശോധന ഊര്‍ജ്ജിതമാക്കി. ഒല്ലൂര്‍, പുതുക്കാട്, ആമ്പല്ലൂര്‍, കൊടകര മേഖലകളില്‍ രേഖകളില്ലാതെ താമസിക്കുന്നവരില്‍ അസ്വഭാവികമായി കാണാതായവരും അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരുമായി കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. സംഭവ സ്ഥലത്ത് നടന്ന പരിശോധനയില്‍ കണ്ടെടുത്ത ആയുധങ്ങളും വസ്ത്രവും ചെരിപ്പ് കയര്‍ എന്നിവ കൊലപാതകത്തിന്റെ ഭാഗമാണെന്ന് സ്ഥിരീകരിക്കുവാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ദേശീയപാതയോരത്തിന് ചേര്‍ന്ന് കിടക്കുന്ന സ്ഥലമായതിനാല്‍ ആളുകള്‍ ഉപേക്ഷിച്ചതാകാമെന്നും സംശയിക്കുന്നു. കെട്ടിടത്തില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ മനുഷ്യന്റേതാണെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമെ അറിയാന്‍ കഴിയുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയ വസ്തുക്കള്‍ വിദഗ്ധ പരിശോധനയ്ക്കായി കോടതിയില്‍ സമര്‍പ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെ പോലീസ് സര്ജന് സംഭവ സ്ഥലത്ത് പരിശോധന നടത്തി. റൂറല്‍ എസ്പിയുടെ പ്രത്യേക സ്ക്വാഡും പരിശോധനയ്ക്ക് എത്തിയിരുന്നു. പുതുക്കാട് പോലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം കിടന്നിരുന്ന കിണര്‍ പമ്പ് ചെയ്ത് വറ്റിച്ച് തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സ്പെഷല്‍ സ്ക്വോഡുകള്‍ രൂപീകരിച്ചാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: