ഗുരുവായൂര്‍: ഏഴ് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള മതഗ്രന്ഥശാല മാറ്റിസ്ഥാപിക്കുവാനുള്ള ഭരണസമിതിയുടെ നീക്കം വിവാദമാകുന്നു. കിഴക്കെ നടയില്‍ വൈജയന്തി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാല മ്യൂറല്‍ പെയിന്റിങ്ങ് സ്ഥാപനത്തിലേക്ക് മാറ്റുവാനാണ് നീക്കം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പുറത്തിറങ്ങിയതും ഇപ്പോള്‍ ലഭ്യമല്ലാത്തതുമായ നിരവധി പുസ്തകങ്ങള്‍ ഗ്രന്ഥാലയത്തിലുണ്ട്.
നാരായണീയം ലക്ഷ്മിവിലാസം 18 പുരാണങ്ങള്‍, ഉപപുരാണങ്ങള്‍, ഉപനിഷത്തുക്കള്‍, അനുബന്ധഗ്രന്ഥങ്ങള്, ഭാഗവതത്തിന്റെ വിവിധ വ്യാഖ്യാനങ്ങള്‍ മഹാകവി വള്ളത്തോളിന്റെ രാമായണം, വിവിധ ഭാഷകളിലുള്ള രാമായണങ്ങള്‍, ആര്യഭടീയം, വിഷവൈദ്യസംബന്ധമായ ഗ്രന്ഥങ്ങള്‍, കൃഷ്ണഗാഥയുടെ അപൂര്‍വ ഗ്രന്ഥങ്ങള്‍, യാഗങ്ങളെ സംബന്ധിച്ച് യാജമാനം, താളിയോലഗ്രന്ഥങ്ങള്‍, ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ചരിത്രവും അനുബന്ധപുസ്തകങ്ങളും മലയാള ഭാഷയിലെ അമൂല്യങ്ങളായ ഗ്രന്ഥങ്ങള്‍, യാത്രാവിവരണങ്ങള്‍, വിവിധ റഫറന്‍സ് ഗ്രന്ഥങ്ങള്‍ എന്നിവയെല്ലാം ലൈബ്രറിയിലുണ്ട്.
നിലവിലെ കല്യാമണ്ഡപം ക്ഷേത്രത്തിന് സമീപത്തുള്ള ശൗചാലയഭാഗത്തേക്ക് മാറ്റുവാനാണ് ഇപ്പോഴത്തെ തീരുമാനം. വര്‍ഷങ്ങളായി ലക്ഷക്കണക്കിന് വിവാഹങ്ങള്‍ നടന്നിട്ടുള്ള മണ്ഡപം അവിടെനിന്ന് മാറ്റുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. കൂടുതല്‍ സൗകര്യത്തിനായിട്ടാണ് മാറ്റുന്നതെന്നാണ് ഭരണസമിതിയുടെ വ്യാഖ്യാനം. പ്രതിമാസം 55000 രൂപ വാടക ലഭിച്ചിരുന്ന കെടിഡിസിയുടെ സ്ഥാപനം വൈജയന്തി ബില്‍ഡിങ്ങില്‍ നിന്നും മാറ്റിയത് സംബന്ധിച്ച് കോടതിയില്‍ കേസ് നടക്കുകയാണ്. ക്യു കോംപ്ലക്സ് നിര്‍മാണത്തിന്റെ ഭാഗമായാണ് ഇവരെ അവിടെനിന്നും ഒഴിപ്പിച്ചത്. ഇതിനെതിരെയാണ് അവര്‍ കോടതിയെ സമീപിച്ചത്. നിരവധി അമൂല്യ ചിത്രങ്ങളുള്ള ചുമര്ചിത്രകലാപഠനകേന്ദ്രവും അവിടെനിന്നും മാറ്റിസ്ഥാപിക്കുവാനാണ് ഇപ്പോഴത്തെ തീരുമാനം.
മമ്മിയൂര്‍ കൃഷ്ണന്കുട്ടിനായരുടേതടക്കമുള്ള നിരവധി ചിത്രങ്ങള്‍ ഇപ്പോള്‍ സൂക്ഷിച്ചിട്ടുള്ളത് പെട്ടികളിലായാണ്. ഇവ പൊതുജനങ്ങള്‍ക്കും മറ്റും കാണുന്നതിനുള്ള യാതൊരു സൗകര്യവും ഉണ്ടാക്കിയിട്ടില്ല. ഈ സ്ഥാനത്തേക്കാണ് വായനശാലയെ കൊണ്ടുവരുവാനുള്ള നീക്കം. ചുമര്‍ചിത്രകലാ പഠനകേന്ദ്രവും ലൈബ്രറിയും ഒരുപോലെ ഇല്ലാതാക്കുവാനുള്ള ശ്രമത്തിലാണ് ഭരണസമിതി. കല്യാണ മണ്ഡപത്തിന്റെ വികസനത്തിന്റെ പേരിലാണ് ഭരണസമിതിയുടെ ഈ അഴകൊഴമ്പന്‍ നയങ്ങള്‍. ഇതിനെതിരെ ഭക്തജനസമൂഹം രംഗത്തിറങ്ങിയിരിക്കുകയാണ്. കൊട്ടിഘോഷിച്ച് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഉദ്ഘാടനം കഴിഞ്ഞ ക്യൂകോംപ്ലക്സിന്റെ നിര്‍മാണം ആരംഭിച്ചിട്ടുപോലുമില്ല. എന്നാല്‍ അതിന്റെ പേരില്‍ പ്രമുഖ സ്ഥാപനങ്ങളെ ഒഴിപ്പിച്ചതിന്റെ പേരില്‍ ദേവസ്വത്തിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: