മുട്ടില്‍ : മുട്ടില്‍ ടൗണിന്റെ ഹൃദയഭാഗത്ത് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയിലാണെന്ന് കരുതി വന്ന ബസ് ബേ കം ഷോപ്പിംങ് കോപ്ലക്സ് ഇന്ന് പൊതുജനങ്ങളെയും, ലക്ഷങ്ങള്‍ അഡ്വാന്‍സ് തുക കൊടുത്ത് കട മുറികള്‍ ലേലം ചെയ്തെടുത്ത കച്ചവടക്കാരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.
09/02/2015 ന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത ഈ ബസ് ബേ കം ഷോപ്പിംങ് കോപ്ലക്സ് ഇന്ന് ഒരു ചളിക്കളം മാത്രമായി മാറിയിരിക്കുകയാണ്. ജനങ്ങളും വിദ്യര്ത്ഥികളും ഇക്കഴിഞ്ഞ വേനല്‍ക്കാലത്തും, ഈ മഴക്കാലത്തും ബസ് ബേ കം ഷോപ്പിംങ് കോപ്ലക്സിന് മുമ്പിലെ റോഡരുകില്‍ നിന്നാണ് ബസ് കയറി ഇറങ്ങുന്നത്. ഇതിന് മുമ്പ് റോഡരുകില്‍ ഉണ്ടായിരുന്ന വെയ്റ്റിംങ് ഷെഡ് പൊളിച്ചുമാറ്റിയതിനുശേഷം ജനങ്ങള്‍ക്ക് ബസ് കാത്തു നില്‍ക്കുന്നതിന് നിലവില്‍ യാതൊരു സംവിധാനവുമില്ല.
നാഷ്ണല്‍ ഹൈവെയുടെ അരുകിലായി സ്ഥിതിചെയ്യുന്ന എല്ലാ വിധ പ്രൗഡിയോടുകൂടിയ ഈ ഷോപ്പിംങ് കോപ്ലക്സിലാണ് മുട്ടില്‍ പഞ്ചായത്ത് , എ ഇ ഓഫീസ്, എന്‍. ആര്. ഇ. ജി. എ , സപ്ലൈകോ, മുട്ടില്‍ നോര്‍ത്ത്/ സൗത്ത് വില്ലെജ് ഓഫീസുകള്‍, ഇതിനോടടുത്ത് സ്ഥിതി ചെയ്യുന്ന കെ എസ് ഇ ബി , കൃഷി ഭവന്, കുടുംബശ്രീ ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങിയ ഗവ. ഓഫീസുകളിലേക്ക് വരേണ്ട പൊതുജനങ്ങള്‍ക്ക് ഷോപ്പിംങ് കോപ്ലക്സിന് മുമ്പിലെ ചളിക്കളമായ ഈ ഗ്രൗണ്ടിലുടെ വേണം ഓഫിസുകളില്‍ പോകാന്‍.
ഉദ്ഘാടനത്തിനു ശേഷം മൂന്ന് മാസത്തിനുളളില്‍ ബസ് കയറി ഇറങ്ങുമെന്ന് പൊളളയായ വാഗ്ദാനം മാത്രം പറഞ്ഞ പഞ്ചായത്ത് അധികൃതര്‍ ഇതെല്ലാം കണ്ട് മൗനം പാലിക്കുകയാണ്. പഞ്ചായത്തിന് തൊട്ടുതാഴെ കണ്മുമ്പില് നടക്കുന്ന പൊതുജനങ്ങളുടെ ഈ ബുദ്ധിമുട്ട് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍. ഇതിനൊരു പരിഹാരം ഉടന്‍ കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാനാണ് ജനകീയ സമിതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: