കല്‍പ്പറ്റ : ജില്ലയില്‍ ശക്തമായ മഴയില്‍ ഇന്നലെ എട്ട് വീടുകള്‍ തകര്‍ന്നു. കാറ്റും മഴയും വാഴ കൃഷിക്ക് കനത്ത നാശം വിതച്ചു. വെള്ളക്കെട്ട് കുറഞ്ഞതിനാല്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ നിര്‍ത്തി. നിലവില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന പുല്‍പ്പള്ളി പാണക്കൊല്ലി വിജയ എല്‍.പി സ്കൂളിന് ജൂലൈ ഒന്നിന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ബത്തേരി താലൂക്കിലെ നടവയല്‍, ചീരാല്‍, പാടിച്ചിറ വില്ലേജുകളിലായാണ് ആറ് വീടുകള്‍ ഇന്നലെ തകര്‍ന്നത്. ഇതിന് 62,800 രൂപയുടെ നാശനഷ്ടം കണക്കാക്കി. മാനന്തവാടി താലൂക്കിലെ തിരുനെല്ലിയില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 40,000 രൂപയുടെ നാശനഷ്ടം കണക്കാക്കി. ഇന്നലെ വീടുകള്‍ തകര്‍ന്നതില്‍ ജില്ലയില്‍ മൊത്തം 1,02,800 രൂപയുടെ നഷ്ടം കണക്കാക്കി. ഇതുവരെ ജില്ലയില്‍ 63 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ആകെ നാശനഷ്ടം 8,84,500 രൂപ. ബുധനാഴ്ച വരെ 36 ഹെക്ടറിലായി 219 വാഴ കര്‍ഷകര്‍ക്കായി 8825,000 രൂപയുടെ കൃഷി നാശം കണക്കാക്കി. 83,000 കുലച്ച വാഴ, 7000 കുലക്കാത്ത വാഴ എന്നിവയാണ് ഇതുവരെ നശിച്ചത്. ബുധനാഴ്ച മാത്രം 21 കര്‍ഷകരുടെ 15000 കുലച്ച വാഴ, 3000 കുലക്കാത്ത വാഴ എന്നിവ നശിച്ചു. ഇതിന് 17,25,000 രൂപയുടെ നാശനഷ്ടം കണക്കാക്കി.
വെള്ളക്കെട്ട് കുറഞ്ഞതിനാല്‍ പുല്‍പ്പള്ളി വില്ലേജ് പരിധിയില്‍ പ്രവര്‍ത്തിച്ചിരുന്ന മാടല്പാടി കോളനിവാസികളെയും ചീരാല്‍ വില്ലേജ് പരിധിയിലെ ക്യാമ്പിലുണ്ടായിരുന്ന വെള്ളച്ചാല്‍ കോളനിവാസികളെയും തിരിച്ചയച്ചിട്ടുണ്ട്. നിലവില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. പുല്‍പ്പള്ളി പാണക്കൊല്ലി വിജയ എല്‍.പി സ്കൂളിലെയും വൈത്തിരി താലൂക്കിലെ കോട്ടത്തറ താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രിയിലെയും ക്യാമ്പുകള്‍. വിജയ എല്‍.പി സ്കൂളില്‍ 14 കുടുംബങ്ങളിലായി 49 പേരും കോട്ടത്തറയില്‍ രണ്ട് കുടുംബങ്ങളിലായി ഒമ്പത് പേരുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: