പാലക്കാട്: കര്‍ഷകതൊഴിലാളി പെന്ഷന് പദ്ധതിയുടെ പുതുക്കിയ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ് പറപ്പെടുവിച്ചു. ഇതനുസരിച്ച് അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം പതിനൊന്നായിരം രൂപയില്‍ നിന്നും ഒരുലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ചു. കൂടാതെ വരുമാന പരിധി കണക്കാക്കുന്നതിന് ഭര്‍ത്താവ്/ഭാര്യ , അവിവാഹിതരായ, പ്രായപൂര്‍ത്തിയായ ആണ്മക്കളും ഉണ്ടെങ്കില്‍ അവരുള്‍പ്പെടെയുളള അപേക്ഷകന്റെ വരുമാനം കൂടി കണക്കിലെടുക്കണം. കര്‍ഷകതൊഴിലാളി പെന്ഷന് ലഭിക്കുന്ന ആളിന് പെന്‍ഷനോടൊപ്പം മറ്റ് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളില്‍ ഏതെങ്കിലും ഒന്നുകൂടി ലഭിക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കും.
പെന്ഷന് വാങ്ങുന്നയാളിന്റെ വാര്‍ഷിക വരുമാനം പെന്ഷന് അനുവദിച്ചതിന് ശേഷം ഏതെങ്കിലും സമയത്ത് ഒരു ലക്ഷം രൂപയില്‍ കവിയുകയാണെങ്കില്‍ അയാള്‍ അതിനുശേഷം പെന്ഷന് അര്‍ഹനല്ലാതായിത്തീരും.
ഈ ഭേദഗതികള്‍ക്ക് 2016 ജൂണ്‍ 23 മുതല്‍ പ്രാബല്യമുണ്ടായിരിക്കും. മറ്റു വ്യവസ്ഥകള്‍ നിലനില്‍ക്കുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇ.പി.എഫ് പെന്ഷന്, വിവിധ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍, കര്‍ഷക തൊഴിലാളി/കര്‍ഷക പെന്ഷന് ഗുണഭോക്താക്കള്‍, ഹൊണറേറിയം/പെന്ഷന് കൈപ്പറ്റുന്ന അംഗന്‍വാടി ജീവനക്കാര്‍, ഒരു സാമൂഹ്യക്ഷേമ പെന്ഷന് കൈപ്പറ്റുന്നവര്‍, ഗ്രാന്റ് ലഭിക്കുന്ന അനാഥ/അഗതി/വ്യദ്ധമന്ദിരങ്ങള്‍/ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ എന്നിവര്‍ക്ക് അര്‍ഹതാമാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഏതെങ്കിലും ഒരു സാമൂഹ്യക്ഷേമ പെന്‍ഷനുകൂടി അര്‍ഹതയുണ്ടായിരിക്കും എന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഈ ആനുകൂല്യം കര്‍ഷക തൊഴിലാളി പെന്ഷന് വാങ്ങുന്നവര്‍ക്ക് ലഭിക്കുന്നില്ലെന്ന് നിരവധി പരാതികള്‍ സര്‍ക്കാരില്‍ ലഭിച്ചിരുന്നു.
കര്‍ഷകതൊഴിലാളി പെന്ഷന് ലഭിക്കുന്നതിനുളള വരുമാന പരിധി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ സര്‍ക്കാരില്‍ ലഭിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: