നോക്കുകുത്തികള്‍ പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ മഴവെള്ള സംഭരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളായി.
മണ്ണാര്‍ക്കാട് താലൂക്കിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും സ്ഥാപിച്ച മഴവെള്ളസംഭരണികളാണ് ഉപയോഗശൂന്യമാകുന്നത്. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, തെങ്കര സ്കൂള്‍ ഉള്‍പ്പടെയുള്ള വിദ്യാലയങ്ങളിലും വിവിധ സര്‍ക്കാര്‍ ഓഫീസുകളിലുമാണ് 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചിലവഴിച്ച മഴവെള്ള സംഭരണികള്‍ നിര്‍മിച്ചത്.
മഴവെള്ളം പ്ലാസ്റ്റിക് പൈപ്പിലൂടെ ഭൂമിക്കടിയില്‍ സ്ഥാപിച്ച വലിയ ടാങ്കിലേക്ക് എത്തുകയും ഇവിടെ ശേഖരിക്കുകയുമാണ് ചെയ്യുന്നത്. പിന്നീട് ഈ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് കുടിവെള്ള ടാങ്കില്‍ എത്തിക്കുകയും ഒടുവില്‍ ശുദ്ധീകരിച്ച് കുടിവെള്ളത്തിനായി ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് ഈ പദ്ധതി നടപ്പിലാക്കിയെങ്കിലും പിന്നീട് അധികൃതരുടെ അനാസ്ഥമൂലം സ്ഥാപിക്കപ്പെട്ട ടാങ്കുകളും മോട്ടോറുകളുമെല്ലാം ചോദ്യചിഹ്നങ്ങളാകുകയാണ്. തുരുമ്പെടുത്തുനശിക്കുന്നുമുണ്ട്.
പദ്ധതിയുടെ ആരംഭഘട്ടത്തില്‍തന്നെ പലയിടത്തും ഇത് വിജയിച്ചില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. തെങ്കര പോലുള്ള സ്കൂളുകളില്‍ ഗ്രൗണ്ടിന്റെ പ്രധാന ഭാഗമാണ് ടാങ്ക് നിര്‍മാണത്തിനായി നല്‍കിയത്. എന്നാല്‍ ഇവ ഉപയോഗശൂന്യമായതോടെ സ്കൂളില്‍ പുതിയ കെട്ടിടം നിര്‍മിക്കാനോ കളിസ്ഥലം ഒരുക്കാനോ ബുദ്ധിമുട്ടായിരിക്കുകയാണ്. അഞ്ച് മുതല്‍ 10അടിയോളം വലിപ്പത്തില്‍ സ്ഥാപിച്ച വലിയ ടാങ്കുകള്‍ പൊളിച്ചുകളയുന്നുമില്ല. പദ്ധതി പുനരുജ്ജീവിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: