മാഴ്സെലെ: യൂറോ 2016ന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. രാത്രി 12.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ രണ്ട് സൂപ്പര്‍ താരങ്ങള്‍ മുഖാമുഖം വരുന്നു. പോര്‍ച്ചുഗലും പോളണ്ടും തമ്മില്‍ നടക്കുന്ന മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയുമാണ് സൂപ്പര്‍ താരങ്ങള്‍.
പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡ് വെല്ലുവിളിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് പോളണ്ട് ക്വാര്‍ട്ടറിലെത്തിയത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ലെവന്‍ഡോവ്സ്കിയുടെ പോളീഷ് പട സ്വിസ്സിനെ കീഴടക്കിയത്. അതേസമയം അധികസമയത്തേക്ക് നീണ്ട മത്സരത്തിനൊടുവില്‍ ക്രൊയേഷ്യയെ ഭാഗ്യം കൊണ്ട് കീഴടക്കിയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ എത്തുന്നത്. ചരിത്രത്തിലാദ്യമായാണ് പോളണ്ട് യൂറോ കപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്നത്.
1974, 82 ലോകകപ്പുകളില്‍ മൂന്നാം സ്ഥാനക്കാരായതൊഴിച്ചുനിര്‍ത്തിയാല്‍ അവരുടെ ഏറ്റവും മികച്ച നേട്ടം 1972-ലെ ഒളിമ്പിക്സ് സ്വര്‍ണ്ണം. പിന്നീട് 76ലും 92ലും വെള്ളിയും നേടി. ഇത്തവണ അവര്‍ കരുതിത്തന്നെയാണ് കളിക്കാനിറങ്ങുന്നത്. പോര്‍ച്ചുഗലിനെ കീഴടക്കി ആദ്യമായി സെമിയിലിടം പിടിക്കുക എന്നതാണ് അവരുടെ പ്രഥമ ലക്ഷ്യം.
ജര്‍മ്മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കിനായി ഗോളുകള്‍ അടിച്ചുകൂട്ടുന്ന സൂപ്പര്‍താരവും ക്യാപ്റ്റനുമായ റോബര്‍ട്ടോ ലെവന്‍ഡോവ്സ്കി ഈ ടൂര്‍ണമെന്റില്‍ ഇതുവരെ ഒരൊറ്റ ഗോളുപോലും നേടിയിട്ടില്ലെന്നതാണ് പോളണ്ടിന്റെ വിഷമത്തിലാക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ നാല് കളികളില്‍ നിന്ന് അവര്‍ നേടിയത് വെറും മൂന്ന് ഗോളുകള്‍. ഒരെണ്ണം വഴങ്ങുകയും ചെയ്തു. എതിരാളികളെക്കൊണ്ട് ഗോളടിപ്പിക്കുന്നില്ലെങ്കിലും സ്ട്രൈക്കര്‍മാര്‍ അവസരങ്ങള്‍ പാഴാക്കുന്നതാണ് അവരെ കുഴപ്പത്തിലാക്കുന്നത്.
ഇന്ന് പോര്‍ച്ചുഗലിനെതിരെ ഈ പിഴവ് നികത്തിയില്ലെങ്കില്‍ പോളിഷ് പടക്ക് ഇനിയുള്ള മുന്നേറ്റം ദുഷ്കരമാകും. അതേസമയം പ്രതിരോധത്തിന്റെയും ഗോളി ഫാബിയാന്സ്കിയുടെയും മിന്നുന്ന പ്രകടനം അവര്‍ക്ക് ആശ്വാസമാണ്. അവര്‍ നേടിയ മൂന്ന് ഗോളുകളില്‍ കണ്ടെണ്ണവും നേടിയ യാക്കൂബ് ബ്ലാസികോവ്സ്കിയിലാണ് പ്രധാന പ്രതീക്ഷ. താരത്തിനൊപ്പം ലെവന്‍ഡോവ്സ്കിയും മിലിക്കും കൂടി മിന്നിയാല്‍ അവരുടെ പ്രതീക്ഷ വാനോളം ഉയരും. ഒപ്പം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പിടിച്ചുകെട്ടുന്നതില്‍ പ്രതിരോധം വിജയിക്കുക കൂടി ചെയ്താല്‍ ചരിത്രത്തിലാദ്യമായി പോളിഷ് പോരാളികള്‍ അവസാന നാലിലേക്ക് കുതിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
തുടര്‍ച്ചയായ രണ്ടാം സെമിഫൈനല്‍ ലക്ഷ്യമിട്ടാണ് പറങ്കികള്‍ ഇറങ്ങുക. 2004-ലെ യൂറോയില്‍ റണ്ണേഴ്സായത് ഏറ്റവും മികച്ച പ്രകടനം. മൂന്നുതവണ സെമിയിലും അവര്‍ കളിച്ചു. എന്നാല്‍ സമീപകാലത്ത് ക്രിസ്റ്റിയാനോയുടെയും കൂട്ടരുടെയും പ്രകടനം പ്രതീക്ഷക്കൊത്തുയരുന്നില്ല. ഗ്രൂപ്പ് മത്സരത്തില്‍ ഒരെണ്ണംപോലും ജയിക്കാതെ പ്രീ ക്വാര്‍ട്ടറിലേക്ക് കയറിയ പോര്‍ച്ചുഗല്‍ അവസാന 16 പോരാട്ടത്തില്‍ ക്രൊയേഷ്യയോട് ഭാഗ്യംകൊണ്ടാണ് ജയിച്ചുകയറിയത്.
അധികസമയത്തേക്ക് നീണ്ട പോരാട്ടത്തില്‍ റിക്കാര്‍ഡോ ക്വറേസ്മയാണ് പറങ്കികളുടെ വിജയഗോള്‍ നേടിയത്. ഈ മത്സരത്തില്‍ കളിച്ചതും അവസരങ്ങള്‍ സൃഷ്ടിച്ചതും ക്രൊയേഷ്യയായിരുന്നെങ്കിലും മാന്‍സുകിച്ചും മോഡ്രിച്ചും റാക്കിറ്റിച്ചും ഉള്‍പ്പെട്ട താരനിര അവയെല്ലാം തുലച്ചുകളഞ്ഞതാണ് അവര്‍ക്ക് തിരിച്ചടിയായത്. ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്‍ തന്നെയാണ് പറങ്കികളുടെ പ്രതീക്ഷ.
എങ്കിലും ക്ലബിന് കളിക്കുമ്പോള്‍ പുറത്തെടുക്കുന്ന പ്രകടനം ക്രിസ്റ്റിയാനോക്ക് രാജ്യത്തിനായി ബൂട്ടുകെട്ടുമ്പോള്‍ നടത്താന്‍ കഴിയുന്നില്ല എന്ന ആരോപണവും ഏറെക്കാലമായി നില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ റൊണാള്േഡാക്ക് പോര്‍ച്ചുഗലിനെ ഇന്ന് ജയിപ്പിച്ചേ മതിയാവൂ. രണ്ട് ഗോളുകള്‍ നേടിയ നാനിയും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ്.
ഈ പ്രതീക്ഷകള്‍ സഫലമായാല്‍ പറങ്കികള്‍ക്ക് തുടര്‍ച്ചയായ രണ്ടാം തവണയും അ വസാനനാലിലേക്ക് കുതിക്കാം. ഒപ്പം ലെവന്‍ഡോവ്സ്കി, ബ്ലാസികോവ്സിക മുന്നേറ്റനിരയിയെ പിടിച്ചുകെട്ടുന്നതില്‍ റിക്കാര്‍ഡോ കാര്‍വാലോ, റാഫേല്‍ ഗുരേരോ, പെപെ എന്നിവരുള്‍പ്പെട്ടെ പ്രതിരോധം വിജയിക്കുകയും വേണം.
ഒരു പ്രധാന ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം തവണയും യൂറോ കപ്പില്‍ ആദ്യമായുമാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. 1986, 2002 ലോകകപ്പുകളില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒാരോ തവണ വിജയം ഇരു ടീമുകളും സ്വന്തമാക്കി.
ഒടുവില്‍ കളിച്ച പത്ത് മത്സരത്തില്‍ നാലെണ്ണം പോര്‍ച്ചുഗല്‍ സ്വന്തമാക്കിയപ്പോള്‍ മൂന്നെണ്ണത്തില്‍ പോളണ്ടും വിജയിച്ചു. മൂന്നെണ്ണം സമനിലയില്‍. എന്തായാലും തുടര്‍ച്ചയായ രണ്ടാം സെമി ലക്ഷ്യമാക്കി പറങ്കികളും ചരിത്രത്തിലാദ്യമായി അവസാന നാലില്‍ ഇടംനേടാന്‍ പോളണ്ടും ഇറങ്ങുമ്പോള്‍ അത് ക്രിസ്റ്റിയാനോ-ലെവന്‍ഡോവ്സ്കി പോരാട്ടത്തിനുമപ്പുറം പോകുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: