തൃശൂര്‍:കോളിളക്കം സൃഷ്ടിച്ച നെടുപുഴയിലെ കൊച്ചുത്രേസ്യാ കൊലക്കേസ് വാദം പൂര്‍ത്തിയായി.നാലാം അഡീഷ്ണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതിയിലാണ് വാദം പൂര്‍ത്തിയായത്.കേസില്‍ ജൂലായ് രണ്ടിന് വിധി പറയും.ചിയ്യാരം മണികണ്ഠേശ്വരത്ത് പറമ്പന്‍ ലോന ഭാര്യ കൊച്ചുത്രേസ്യ 2013 ജൂലായ് എട്ടിനാണ് കൊലചെയ്യപ്പെട്ടത്.
കരുമക്കത്തില് വീട്ടില്‍ ചന്ദ്രന് മകന് സുധി,അഞ്ചേരി മേലിട്ട വീട്ടില്‍ സജീവന് ഭാര്യ ലത എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന് കൊല നടത്തിയത്.കൊലക്ക് ശേഷം ഇരുവരും തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.മരണപ്പെട്ട കൊച്ചുത്രേസ്യയും ലതയും പതിനെട്ട് വര്‍ഷം ഒന്നിച്ച് ജോലി ചെയ്തവരാണ്.
സുധിയും ലതയും താമസിച്ചിരുന്ന വാടകവീട്ടിലേക്ക് ത്രോസ്യയെ വിളിച്ചുവരുത്തിയ ശേഷം ഒരു ലക്ഷം രൂപ വിലവരുന്ന അവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യുകയായിരുന്നു.തുടര്‍ന്ന് ത്രേസ്യയെ ഇരുവരും ചേര്‍ന്ന് കഴുത്തില്‍ കയറിട്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയും വാടകവീട്ടിലെ സെപ്റ്റിക് ടാങ്കില്‍ മൃതദേഹം തള്ളിയിട്ട് സ്ലാബ് സിമന്റിട്ട് ഉറപ്പിക്കുകയുമായിരുന്നു.തുടര്‍ന്ന് പ്രതികള്‍ ആഭരണങ്ങള്‍ ഹൈറോഡിലെ ഒരു ജ്വല്ലറിയില്‍ വിറ്റതിന് ശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയും ചെയ്തു.കൊച്ചുത്രേസ്യയെ കാണാതായതിനെതുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു.
തുടക്കത്തില്‍ നെടുപുഴ എസ്ഐയും പിന്നീട് ഇപ്പോഴത്തെ വിജിലന്‍സ് ഡിവൈഎസ്പി .എ രാമചന്ദ്രനുമായിരുന്നു അന്വേഷണം നടത്തിയത്. മൊബൈല്‍ ഫോണുകളുടെ ടവര്‍ ലൊക്കേഷന്‍ മനസിലാക്കി തമിഴ്നാട്ടില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊച്ചുത്രേസ്യയെ കൊലപ്പടുത്തിയശേഷം മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയിട്ടതെന്ന് മനസിലായത്.ത്രേസ്യയുടെ മൊബൈല്‍ഫോണ്‍,ആഭരണങ്ങള്‍ എന്നിവ പോലീസ് കണ്ടെത്തിരുന്നു.
അഡീഷ്ണല്‍ ജില്ലാ ഗവ.പ്ലീഡര്‍ വിനു വര്‍ഗീസ് കാച്ചപ്പിള്ളി,അഡ്വ.ജോഷി പുതുശ്ശേരി,ഷിബു പുതുശ്ശേരി എന്നിവര്‍ സര്‍ക്കാരിനു വേണ്ടി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: